മഴക്കാലത്ത് കരുതിയിരിക്കണം, ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പടരാതെ നോക്കാം; രക്ഷനേടാൻ ഈ മാർഗ്ഗങ്ങൾ
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണം.മഴക്കാലത്ത് അസുഖങ്ങൾ വരാനുള്ള അവസരം വളരെ കൂടുതലാണ്. പ്രത്യേകിച്ച് കൊതുക് ഉണ്ടാകുന്ന സമയം കൂടിയാണിത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലമ്പനി, മലേറിയ എന്നു വേണ്ട ഒട്ടു മിക്ക പനിക്കഥകളിലെയും വില്ലനാണ് കൊതുക്.
തീവ്രമായ പനി കടുത്ത തലവേദന, കണ്ണുകൾക്ക് വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ ഓക്കാനവും ഛർദ്ദിയും. ഇത്തരത്തിലുള്ള ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻതന്നെ ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടേണ്ടത് പ്രധാനമാണ്.
മാത്രമല്ല കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകൾ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ് പ്രധാനമായും രോഗങ്ങൾ കുത്തനെ ഉയരാൻ കാരണം. നിലവിൽ ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടിവരികയാണ്. കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണത്തിലും വർധന ഉണ്ട്.
അതുപോലെ വൈറൽ രോഗമാണ് ഡെങ്കിപ്പനി. ഈ രോഗം പകർത്തുന്നത് ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു.
അതിനാൽ കൊതുകുകളെ അകറ്റാൻ ശ്രമിക്കുക. സാധാരണ കൊതുകിനെ അകറ്റാൻ കൊതുകുതിരി കത്തിക്കുകയോ ലിക്വിഡ് മോസ്കിറ്റോ വേപ്പറൈസർ ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ കൊതുകുകളുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ല. കൊതുക് പെരുകാതെ നോക്കാനും നശിപ്പിക്കാനും അവയെ അകറ്റി നിർത്താനുമൊക്കെ ചില നാടൻ മാർഗങ്ങൾ ചെയിതു നോക്കാം.
കൊതുകിൽ നിന്ന് രക്ഷനേടാനുള്ള മികച്ച മാർഗമാണ് വെളുത്തുള്ളി. വെളുത്തുള്ളി ചതച്ചെടുത്തു വെള്ളത്തിലിട്ടു ചൂടാക്കിയ ശേഷം മുറിയിൽ തളിച്ചാൽ കൊതുക് ശല്യം ഉണ്ടാകില്ല. ഇനി വെളുത്തുള്ളി ചതച്ചു ചാറെടുത്തു ശരീരത്തിൽ പുരട്ടിയാലും കൊതുകു കടിയിൽ നിന്നു രക്ഷ നേടാനാകുന്നതാണ്.
അതല്ലങ്കിൽ വീടിനുള്ളിൽ കർപ്പൂരം കത്തിച്ചു വെച്ചാകും മതി. ഇങ്ങനെ ചെയ്‌താൽ കൊതുകുകൾ അടുക്കില്ല. കൂടാതെ രൂക്ഷഗന്ധമുള്ള വേപ്പെണ്ണയും കൊതുകുകളെ അകറ്റുന്നതാണ്. അല്ലെങ്കിൽ വേപ്പെണ്ണയും വെളിച്ചെണ്ണയും ചേർത്ത ശരീരത്തു പുരട്ടുന്നത് കൊതുകുകടിയിൽ നിന്ന് രക്ഷിക്കും. നാട്ടിൻ പുറങ്ങളിൽ സമൃദ്ധമായി കണ്ടു വരുന്ന തുമ്പ ചെടി പറിച്ചു ചിരട്ടക്കനലിനു മുകളിൽ വച്ചു സന്ധ്യാനേരങ്ങളിൽ പുകച്ചാലും കൊതുക് ശല്യം ഉണ്ടാകില്ല.
https://www.facebook.com/Malayalivartha