ജീവന് ഭീഷണിയായേക്കാവുന്ന ഭക്ഷണ അലർജി: 16കാരിയുടെ മരണത്തിൽ നടുങ്ങി നാട്.....
ഇടുക്കിയിൽ ഭക്ഷണ അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ് അലർജിയുണ്ടായത് . മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജിക്ക് കാരണമാകാറുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെയാണ് ചെറിയ തോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഉച്ചയോടെ മരണം സംഭവിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. ഭക്ഷണ അലർജികൾ ചില സമയങ്ങളിൽ ജീവന് തന്നെ ഭീഷണി വരുത്തിയേക്കാവുന്ന ഗുരുതരമായ പ്രശ്നമാണ്.
ഭക്ഷണത്തിലെ പ്രോട്ടീൻ ഒരു ഭീഷണിയായി തെറ്റിദ്ധരിച്ച് ശരീരം അതിനെതിരെ പ്രതികരിക്കുമ്പോഴാണ് അലർജി ഉണ്ടാകുന്നത്. ഇത് ചർമ്മത്തിൽ ചൊറിച്ചിൽ, ചെരങ്ങ്, ചുണ്ടുകൾ, നാവ് അല്ലെങ്കിൽ തൊണ്ട എന്നിവിടങ്ങളിൽ വീക്കം, ശ്വാസംമുട്ടൽ, വയറുവേദന, വയറിളക്കം, ഛർദ്ദി, തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണ അലർജിയിൽ, ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ഇമ്യൂണോഗ്ലോബുലിൻ 'ഇ' ആന്റിബോഡികൾ നിർമ്മിക്കുന്നതിന്റെ ഫലമായിട്ടാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്.
ഏറ്റവും സാധാരണമായി അലർജിക്ക് കാരണമാകുന്ന ഭക്ഷ്യ പദാർത്ഥങ്ങൾ പശുവിൻ പാൽ, നട്ട്സ്, മുട്ട, സോയ, ഗോതമ്പ്, എന്നിങ്ങനെ പോകുന്നു. ദഹന സംബന്ധമായ ലക്ഷണങ്ങളാൽ പലപ്പോഴും സീലിയാക് രോഗം അല്ലെങ്കിൽ നോൺ-സീലിയാക് ഗ്ലൂറ്റൻ സംവേദനക്ഷമത എന്നിവയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന തരം അലർജിയാണ് ഗോതമ്പ് അലർജി. ഇത് ജീവൻ തന്നെ അപകടത്തിലാക്കുന്ന പ്രശ്നമാണ്. ഗോതമ്പിലെ നൂറുകണക്കിന് പ്രോട്ടീനുകളിൽ ഏതെങ്കിലും ഒന്നിനോട് രോഗപ്രതിരോധ സംവിധാനം നടത്തുന്ന പ്രതികരണമാണ് ഗോതമ്പ് അലർജി ഉണ്ടാക്കുന്നത്. മറുവശത്ത്, സീലിയാക് രോഗവും നോൺ-സീലിയാക് ഗ്ലൂറ്റൻ സംവേദനക്ഷമതയും ഗ്ലൂറ്റൻ എന്ന നിർദ്ദിഷ്ട പ്രോട്ടീനിന്റെ രോഗപ്രതിരോധ പ്രതികരണമാണ്.
ആഹാരത്തിന്റെ നിറവും മണവും വര്‍ധിപ്പിക്കാനുപയോഗിക്കുന്ന രാസവസ്തുക്കള്‍ മൂലവും ഫുഡ് അലര്‍ജിയുണ്ടാകാന്‍ സാധ്യത ഏറെയാണ്. അലർജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്തുക്കളെ ക്യത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ഭക്ഷണത്തിലൂടെയുള്ള അലർജി ചെറിയതോതിലുള്ള ചൊറിച്ചിൽ മുതൽ വളരെ ഗുരുതരമായ പ്രശ്നങ്ങൾ വരെ ഉണ്ടാക്കാം. അലർജിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ് ഫുഡ് അലർജി ഒഴിവാക്കാനുള്ള ഏകമാർഗം. ചെമ്മീൻ, ഞണ്ട്, കണവ, കക്ക ഇവയെല്ലാം അലർജി ഉണ്ടാക്കുന്ന ഭക്ഷണളാണ്. ഇവ വളരെ ഗുരുതരമായ റിയാക്ഷൻ ഉണ്ടാക്കാറുണ്ട്.
ചിലരിൽ ഇത്തരം ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന ആവി ശ്വസിക്കുന്നതു പോലും അലർജി ഉണ്ടാക്കാം. അലര്‍ജി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഭക്ഷണം കഴിച്ച ഉടന്‍ മുതല്‍ രണ്ടോ മൂന്നോ മണിക്കൂറിനുശേഷം വരെ അലര്‍ജിയുണ്ടാകാം. ചിലപ്പോള്‍ ദഹനം പൂര്‍ത്തിയായ ശേഷവുമാകാം. ഭക്ഷണ അലര്‍ജിയുടെ ഏറ്റവും ഭീകരമായ അവസ്ഥയാണ് അനഫൈലാറ്റിക് ഷോക്ക്. രക്തസമ്മര്‍ദം കുറയുന്നതും കടുത്ത ശ്വാസതടസ്സവുമാണ് പ്രധാന ലക്ഷണങ്ങള്‍.
മരണംവരെ സംഭവിക്കാവുന്ന ഈ അവസ്ഥ ഭക്ഷണം കഴിച്ച് രണ്ടു മിനിറ്റുമുതല്‍ രണ്ടു മണിക്കൂര്‍വരെ സമയത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ഭക്ഷണത്തിലെ വിഷാംശമാണെങ്കില്‍ പെട്ടെന്നുള്ള മരണത്തിന് സാധ്യതയില്ല. അലര്‍ജിയുള്ള ഭക്ഷണം തിരിച്ചറിഞ്ഞ് ഒഴിവാക്കുകയാണ് വേണ്ടത്. ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കണം.
https://www.facebook.com/Malayalivartha