മരണനിരക്ക് കുതിച്ചുയരുന്നു:- രോഗബാധ ഉണ്ടായതിൽ ഗുരുതര വീഴ്‌ച:- സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം...
സംസ്ഥാനത്ത് വേനൽ മഴ കടുത്തതോടെ ആശങ്കയായി മഞ്ഞപ്പിത്ത വ്യാപനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി രോഗബാധ ഉയരുന്നതും മരണസംഖ്യ കുതിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ വർഷം മാത്രം സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം പതിമൂന്നായി ഉയർന്നു. കഴിഞ്ഞ വർഷം കൊണ്ട് മരണപ്പെട്ട ആകെ ആളുകളുടെ എണ്ണം ഈ വർഷം അഞ്ച് മാസം പിന്നിടുമ്പഴേക്കും മറികടന്നതായും അത് ഇരട്ടിയായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രോഗബാധിതരുടെ എണ്ണവും ദിനംപ്രതി ഉയരുകയാണ്. ഈ വർഷം ഇതുവരെ അയ്യായിരത്തിലധികം പേരാണ് മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ആകെ ചികിത്സ തേടിയവരുടെ എണ്ണം നാലായിരത്തിൽ താഴെ ആണെന്നതാണ് കൂടുതൽ ഗൗരവകരമായ കാര്യം. മരണനിരക്ക് കുതിച്ചുയർന്നിട്ടുണ്ട് എന്നതും ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്.
ഏഴ് പേരാണ് കഴിഞ്ഞ വർഷം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. ഇക്കുറി ഇതുവരെ പതിമൂന്ന് പേരുടെ ജീവൻ നഷ്‌ടമായി. അതിൽ തന്നെ മലപ്പുറത്താണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത്. ജില്ലയിൽ ഇതുവരെ എട്ട് പേർ രോഗബാധ മൂലം മരണപ്പെട്ടു. അതിനിടെ വേങ്ങൂരിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്‌ചയാണെന്നാണ് കണ്ടെത്തൽ. ശുദ്ധീകരിക്കാത്ത കുടിവെള്ളമാണ് ഇവിടെ വിതരണം ചെയ്‌തത്. ഇതോടെ രോഗബാധിതരുടെ ചികിത്സാ സഹായമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാൻ ഇന്ന് പഞ്ചായത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. ഇതിലാവും കൂടുതൽ കാര്യങ്ങളിൽ തീരുമാനം എടുക്കുക.
പഞ്ചായത്തിൽ രണ്ട് പേരാണ് മഞ്ഞപ്പിത്തം മൂലം മരണപ്പെട്ടത്. നിലവിൽ അമ്പതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ മൂന്നോളം പേർ ഗുരുതരാവസ്ഥയിലാണ്. കിണർ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന മേഖലയിൽ വാട്ടർ അതോറിറ്റിയെയാണ് കൂടുതൽ പേരും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. പെരുമ്പാവൂരിലെ വേങ്ങൂർ പഞ്ചായത്തിലും മലപ്പുറം ജില്ലയിലും മഞ്ഞപ്പിത്തം പടരുകയാണ്. രോഗപ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
മലപ്പുറത്തെ വേങ്ങര പഞ്ചായത്തിൽ 2 പേർ മരിക്കുകയും 40 ഓളം പേർ ആശുപത്രിയിലാവുകയും 178 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ 4000ത്തോളം ഹെപ്പറ്റൈറ്റിസ് എ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം മരിച്ച 2 പേർ ഉള്‍പ്പെടെ 5 മാസത്തിനിടയിൽ എട്ടു പേര്‍ ജില്ലയിൽ മരിച്ചു. വെള്ളം, ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പടരുന്നത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുകയാണ് രോഗം വരാതിരിക്കാനുള്ള മാർഗങ്ങള്‍. മലിനജലത്തിലൂടെ രോഗവാഹികളായ വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചതാണ് വേങ്ങൂരിലെ രോഗബാധയ്ക്കു കാരണമെന്നാണ് നിഗമനം.
മഞ്ഞപ്പിത്ത ബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിന് 2 ആഴ്ച മുമ്പു വരെ രോഗിയുടെ മലത്തിൽ ഹെപ്പറ്റിറ്റിസ് എയുടെ സാന്നിധ്യമുണ്ടാകും. രോഗലക്ഷണം പ്രകടിപ്പിച്ചു കഴിഞ്ഞ് ഒരാഴ്ചയോ അതിലധികമോ വൈറസ് സാന്നിധ്യമുണ്ടാകാം. അതേസമയം ചില വ്യക്തികളുടെ മലത്തിൽ, രോഗലക്ഷണങ്ങളൊക്കെ പൂർണമായി മാറിക്കഴിഞ്ഞാലും ആഴ്ചകളോളം വൈറസിന്റെ സാന്നിധ്യമുണ്ടാകാറുണ്ട്.
ഇത് ഓരോ വ്യക്തിയിലും വ്യത്യാസപ്പെട്ടു നിൽക്കും. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ രോഗബാധിതർ കൈകൾ വൃത്തിയായി കഴുകുന്നതുൾപ്പെടെ വ്യക്തിശുചിത്വം നന്നായി പാലിക്കേണ്ടതുണ്ട്. കണ്ണിനകവും തൊലിപ്പുറവും മഞ്ഞനിറത്തിലാകുന്ന അവസ്ഥയാണ് മഞ്ഞപ്പിത്തം. മഞ്ഞ നിറമുള്ള ബിലിറൂബിൻ നമ്മുടെ കോശങ്ങളിൽ അടിയുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പല കാരണങ്ങളാൽ രക്തത്തിൽ ബിലിറൂബിന്റെ അളവ് ഉയരാനിടയുണ്ട്.
https://www.facebook.com/Malayalivartha