എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചു...
എറണാകുളം കളമശ്ശേരിയിൽ ആശങ്ക പടർത്തി മഞ്ഞപ്പിത്തം വ്യാപിക്കുന്നു. നഗരത്തിലെ വിവിധ വാര്‍ഡുകളിലായാണ് നിരവധി പേര്‍ക്ക് മഞ്ഞിപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു. രോഗ വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളും ആരംഭിച്ചു. നഗരസഭയിലെ 10,12,14 വാര്‍ഡുകളിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതുവരെയായി 18 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ രണ്ടു പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
മുപ്പത്തിലധികം പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. രോഗം പടര്‍ന്ന മേഖലകളിൽ ക്ലോറിനേഷൻ നടത്തുകയും കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള മുപ്പതിലധികം പേര്‍ക്കാണ് രോഗ ലക്ഷണമുള്ളത്. പത്താം വാര്‍ഡിൽ പെരിങ്ങഴയിൽ രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ പത്തുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 12,14 വാര്‍ഡുകളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്. മഞ്ഞപ്പിത്തത്തിന് പുറമെ ഡെങ്കിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയവരിൽ നഗരസഭാ ആരോഗ്യ വിഭാഗത്തെ അറിയിക്കാത്തവര്‍ ഏറെയുണ്ടെന്നാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.
ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണം. മഞ്ഞപ്പിത്തം ബാധിച്ചവരില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപൂര്‍വമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാല്‍ രണ്ടാഴ്ച വളരെ നിര്‍ണായകമാണ്. പനി, ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്.
ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാല്‍ വീണ്ടും ആ സ്ഥലത്ത് അവരില്‍ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാന്‍ വളരെ ശ്രദ്ധിക്കണം. അതിനാല്‍ ഹെപ്പറ്റൈറ്റിസ് എയുടെ ഇന്‍ക്യുബേഷന്‍ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂര്‍ച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. കുടിവെള്ള സ്‌ത്രോതസുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക വളരെ പ്രധാനമാണ്. പ്യൂരിഫയറുകളില്‍ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കുകയില്ല. അതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.
പനി, ക്ഷീണം, ഛര്‍ദ്ദില്‍, മഞ്ഞപിത്തം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ശാസ്ത്രീയ ചികിത്സ തേടുക. വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ വളരെ ശ്രദ്ധിക്കണം.
ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· 2 ആഴ്ച വരെയും അല്ലെങ്കില്‍ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക.
· ഭക്ഷണ, പാനീയങ്ങള്‍ തയ്യാറാക്കുന്നതില്‍ നിന്നും മാറി നില്‍ക്കുക.
· കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക, പ്രത്യേകിച്ച് മല-മൂത്ര വിസര്‍ജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.
· രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങള്‍, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവര്‍ ഉപയോഗിക്കുക.
· ഹോസ്റ്റലുകള്‍, ഡോര്‍മിറ്ററികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ രോഗബാധിതരെ പ്രത്യേകമായി താമസിപ്പിക്കുക.
· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും, പാത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.
· രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകേണ്ടതാണ്. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കില്‍ 3 ടീ സ്പൂണ്‍ അല്ലെങ്കില്‍ 1 ടേബിള്‍ സ്പൂണ്‍ ബ്ലീച്ചിംഗ് പൗഡര്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാല്‍ 0.5% ബ്ലീച്ചിംഗ് ലായനി തയ്യാറാക്കാവുന്നതാണ്.)
· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഹെപ്പറ്റൈറ്റിസ് എ അണു നശീകരണത്തിന് ഫലപ്രദമല്ല.
https://www.facebook.com/Malayalivartha