മീന്‍ കഴിച്ച് ആസ്ത്മ അകറ്റാം
പ്രായവ്യത്യാസമില്ലാതെ ചെറുപ്പക്കാരിലും കുട്ടികളിലുമെല്ലാം ശ്വാസകോശവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പേരെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. പലപ്പോഴും വര്‍ഷങ്ങളോളമാണ് ചികിത്സയും മരുന്നുമായി തുടരേണ്ടിവരിക. എന്നാല്‍ ചികിത്സ മാത്രം പോര, ഡയറ്റില്‍ കൂടി അല്‍പം ശ്രദ്ധ ചെലുത്തിയാല്‍ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ആസ്ത്മയകറ്റാന്‍ മീന്‍ അടങ്ങിയ ഡയറ്റ് ഏറെ ഗുണം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനാണത്രേ മീന്‍ സഹായകരമാവുക. മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്.
മീന്‍ അടങ്ങിയ ഡയറ്റ് പിന്തുടരുന്നതിലൂടെ ആറ് മാസത്തിനുള്ളില്‍ തന്നെ ആസ്ത്മ രോഗികളില്‍ മാറ്റം കാണാനാകുമെന്നും വിദഗ്ധര്‍ അവകാശപ്പെടുന്നു. പ്രധാനമായും കുട്ടികളിലാണത്രേ ഇത് കൂടുതല്‍ വ്യക്തമായി കാണാനാവുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും മീന്‍ കഴിച്ചെങ്കില്‍ മാത്രമേ മാറ്റമുണ്ടാകൂ.
എന്നാല്‍ എല്ലാ തരം മീനുകളും കഴിക്കുന്നത് ആസ്ത്മ രോഗികള്‍ക്ക് ഗുണം ചെയ്യില്ല. ഇതിന് പ്രധാനമായും മൂന്ന് തരം മീനുകളാണ് കഴിക്കേണ്ടത്.
കോര
നേരത്തേ സൂചിപ്പിച്ചത് പോലെ ഒമേഗ3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ മീനാണ് കോര. കൂടാതെ പ്രോട്ടീനും വിവിധ വിറ്റാമിനുകളുമെല്ലാം കൊണ്ട് സമ്പുഷ്ടമായ മീനാണിത്. ശ്വാസകോശത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും ഇത് ഗുണകരമാണ്.
ആറ്റുമീന്‍
പ്രോട്ടീനാണ് ഈ മീനിന്റെ ഏറ്റവും വലിയ പ്രത്യേകത. ശാരീരികാരോഗ്യത്തിന്റെ അടിസ്ഥാനമായ പോഷകങ്ങള്‍ ഇത് പ്രദാനം ചെയ്യുന്നു. ഇതിന് പുറമെ, അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും കതൊണ്ട് സമ്പുഷ്ടമാണ് ആറ്റുമീന്‍.
മത്തി
മീനുകളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള മീനാണ് മത്തി. ഒമേഗ3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമാണ് മത്തി. ഇതിന് പുറമെ വിറ്റാമിനുകളും നമുക്കാവശ്യമായ ധാതുക്കളുമെല്ലാം മത്തിയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.
https://www.facebook.com/Malayalivartha