മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ചക്കപ്പുഴുക്കിന് പ്രമേഹ രോഗത്തെ ചെറുക്കാൻ കഴിയും . പ്രത്യേക അനുപാതത്തിൽ പച്ചമുളകും തേങ്ങയും വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയുമൊക്കെ ചേർത്തുണ്ടാക്കുന്ന ചക്കപ്പുഴുക്കിനാണ് ചക്ക വിഭവങ്ങളിൽ ഏറ്റവും കൂടുതൽ ഔഷധഗുണമുള്ളത്
കേരളം ദൈവത്തിന്റെ സ്വന്തം നാടുമാത്രമല്ല ... പ്രമേഹരോഗികളുടെ സ്വന്തം നാടുകൂടി ആയി മാറിക്കഴിഞ്ഞു . കേരളത്തിലെ 55 ശതമാനം ജനങ്ങളും പ്രമേഹബാധിതരാകാന്‍ സാധ്യതയുള്ളവരാണത്രെ. പ്രമേഹചികിത്സക്കായി കേരളീയര്‍ വര്‍ഷംതോറും 600 കോടിരൂപ ചെലവു ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
പരമ്പരാഗത ഭക്ഷണരീതി കേരളീയര്‍ കൈവെടിഞ്ഞതാണ് പ്രമേഹം ഇത്രകണ്ട് കൂടാന്‍ കാരണമായതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ലോകത്തെവിടെയും സുലഭമായി കിട്ടുന്ന ഫലമാണ് ചക്കയെങ്കിലും ചക്കപ്പുഴുക്ക് മലയാളിയുടെ മാത്രം സ്വകാര്യ അഹങ്കാരമാണ്.
പ്രത്യേക അനുപാതത്തിൽ പച്ചമുളകും തേങ്ങയും വെളുത്തുള്ളിയും ജീരകവും കറിവേപ്പിലയുമൊക്കെ ചേർത്തുണ്ടാക്കുന്ന ചക്കപ്പുഴുക്കിനാണ് ചക്ക വിഭവങ്ങളിൽ ഏറ്റവും കൂടുതൽ ഔഷധഗുണമുള്ളത്. പ്രമേഹ രോഗത്തെ ചെറുക്കാൻ വളരെ നല്ലതാണിത്.
ചക്കപ്പുഴുക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുമെന്നും ഇന്‍സുലിന്റെയും മരുന്നിന്റെയും ഡോസ് പാതിയായി കുറയ്ക്കാന്‍ സഹായിക്കുമെന്നുമാണ് ഗവേഷണഫലം.
പഴുത്ത ചക്കയില്‍ മധുരത്തിന്റെ അളവ് കൂടുതലാണെങ്കിലും പച്ചച്ചക്കയില്‍ അഞ്ചിലൊന്നുമാത്രമാണുള്ളത്. പച്ചച്ചക്കയോ അതുകൊണ്ടുണ്ടാക്കുന്ന പുഴുക്കോ കഴിച്ചാലാണ് പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തിയത്. ചക്ക വ്യാപകമായി ആഹാരമാക്കുന്ന ശ്രീലങ്കയിലെ മെഡിക്കല്‍ ജേണലിലാണ് ഇതുസംബന്ധിച്ച ഗവേഷണഫലം ആദ്യമായി പുറത്തുവന്നത്.
ചക്ക പ്രമേഹത്തിന് നല്ലതാണെന്ന് മലയാളി വിശ്വസിച്ചിട്ട് ഏകദേശം രണ്ടുവര്‍ഷമേ ആയിട്ടുളളൂ. ചക്ക പഴുക്കുമ്പോള്‍ മാത്രമേ പ്രമേഹരോഗികള്‍ക്ക് ദോഷകരമായ മധുരമാകുന്നുളളൂ. പച്ചച്ചക്ക പ്രമേഹത്തിന് ഉത്തമമാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ചക്കയെക്കുറിച്ച് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആലുവക്കാരൻ ജെയിംസ് ജോസഫ് പറയുന്നത് ഇങ്ങനെയാണ് .
ഒരു കപ്പ് ചക്കപ്പുഴുക്കും ഒരു കപ്പ് ചോറും തമ്മിലുള്ള നൂട്രീഷ്യൻ വാല്യൂ എൻ.എ.ബി.എൽ സർട്ടിഫൈഡ് ലാബിൽ നൽകി പരിശോധിച്ചപ്പോൾ കിട്ടിയ ഫലം എന്നെ അത്ഭുതപ്പെടുത്തി. പച്ചച്ചക്കയിൽ അന്നജം ധാന്യങ്ങളെക്കാൾ 40 ശതമാനം കുറവാണ്.
കാലറിയും ഏതാണ്ട് 35 –40 ശതമാനം കുറവ്. പ്രമേഹം കുറയ്ക്കുന്ന മറ്റൊരു ഘടകവും പച്ചച്ചക്കയിലുണ്ട് – നാരുകൾ. നാരുകളാവട്ടെ (ഡയറ്ററി ഫൈബർ) ധാന്യങ്ങളിലേതിന്റെ മൂന്നിരട്ടിയാണുതാനും. നാരുകൾ ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതാഗീരണത്തെ തടയും.
പച്ചച്ചക്കയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതുകൊണ്ട് പച്ചച്ചക്കയുടെ പുഴുക്ക് പ്രമേഹരോഗികൾക്ക് ഉത്തമമാണ്.
നാരുകൾ മൂലം വയറ് നിറയുന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം. ചോറിന് പകരം പ്രമേഹരോഗികൾക്ക് കഴിക്കാൻ ഉത്തമമായ ഭക്ഷണമാണ് ചക്കയെന്ന് ശാസ്‌ത്രീയമായി തെളിയിച്ചെങ്കിലും ഇത് പരീക്ഷിച്ച് തെളിയിക്കണമെന്നായി അടുത്ത ഘട്ടം.
ഗ്ളൈസിമിക് ലോഡ് (ഭക്ഷണത്തിലൂടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന്റെ തോത് കണ്ടുപിടിക്കുന്ന പരിശോധന) പരിശോധിക്കാൻ 2016ൽ സിഡ്നി സർവകലാശാലയിൽ ചക്കയുടെ സാമ്പിൾ അയച്ചു കൊടുത്തു. പച്ചചക്ക പ്രമേഹരോഗികൾക്ക് ഉത്തമ ഭക്ഷണമാണെന്നും സർവകലാശാലാ പഠനങ്ങൾ വ്യക്തമാക്കി.
ശേഷം മെഡിക്കൽ കോളേജിലെ ഡോ. എസ്.കെ. അജയകുമാറിന്റെ നേതൃത്വത്തിൽ പാറശാലയിലെ 36 പ്രമേഹരോഗികളെ പഠനത്തിന് വിധേയമാക്കി .18 പേർക്ക് ഉച്ചയ്ക്ക് ചോറും 18 പേർക്ക് ചക്കപ്പുഴുക്കുമാണ് നിശ്ചിത അളവിൽ നൽകിയത്. ചക്ക കഴിച്ചവർക്ക് നാലുമാസം കൊണ്ട് മരുന്ന് കുറയ്ക്കാനായെന്ന് കണ്ടെത്തി.
പ്രമേഹ സങ്കീർണതകളായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി തുടങ്ങിയ അനുബന്ധ രോഗങ്ങളെ ചക്കയിലെ ആന്റി ഓക്സിഡന്റുകൾ തടയും.
മാർച്ച് മുതൽ ജൂൺ വരെ കേരളത്തിൽ ചക്ക കാലമാണ്. ഈ സമയത്തെ പ്രമേഹമരുന്ന് വിപണിയെ ചക്ക ഉപയോഗം സ്വാധീനിക്കുന്നുണ്ടോ എന്നറിയാനായിരുന്നു പിന്നീടുള്ള അന്വേഷണം. സാധാരണക്കാരാണ് ചക്ക ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
സർക്കാരിന്റെ കാരുണ്യ ഫാർമസികളെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇവരാണ്. മരുന്നിന്റെ കണക്കുകൾ ശേഖരിച്ചു. മാർച്ചിൽ എട്ട് ലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്നത്. ഏപ്രിലിൽ വിൽപ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു. മേയിലും ജൂണിലും ആറുലക്ഷമായി.ജൂലായ് ആയപ്പോഴേക്കും ആറുലക്ഷത്തിന് മുകളിലേക്കു പോകാൻ തുടങ്ങി. ആഗസ്റ്റിൽ എഴും സെപ്റ്റംബറിൽ ഏഴരയും ഒക്ടോബറിൽ വീണ്ടും എട്ടു ലക്ഷവുമായി.
പച്ചച്ചക്കയുടെ ഉപയോഗം കൂടിയപ്പോൾ പ്രമേഹം കുറഞ്ഞു. മരുന്ന് വിൽപ്പന 25 ശതമാനം താഴുകയും സീസൺ കഴിഞ്ഞപ്പോൾ കൂടുകയും ചെയ്തു..
ചക്കയിലെ എ, സി ജീവകങ്ങൾ ആന്റി ഓക്സിഡന്റുകളായും വർത്തിക്കുന്നു. ഇത് കാൻസറിനെതിരെ മികച്ച പ്രതിരോധമാണ്.വിളഞ്ഞ് പാകമായ ചക്കച്ചുളയിൽ 74 ശതമാനം വെള്ളമാണ്. 23 ശതമാനം അന്നജം, രണ്ട് ശതമാനം പ്രൊട്ടീൻ, ഒരു ശതമാനം കൊഴുപ്പും. 100 ഗ്രാം ചക്ക 95 കലോറി ഉൗർജം സമ്മാനിക്കും.
വിറ്റാമിനുകൾ (ഫോളേറ്റുകൾ, നയാസിൻ, പീരിഡോക്സിൻ, റൈബോഫ്‍ളാവിൻ, തയാമിൻ, വിറ്റാമിൻ എ, വിറ്റാമിൻ സി), സോഡിയം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ ,കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ എന്നിവയുടെയും സാന്നിദ്ധ്യമുണ്ട്. രക്തധമനിയെ സംരക്ഷിക്കും.
വാർദ്ധക്യത്തെ തടയും. പൊട്ടാസ്യം പോലുള്ള മൂലകങ്ങൾ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചച്ചക്കയിലെ നാരുകളിൽ 60 ശതമാനവും വെള്ളത്തിൽ ലയിക്കാത്തവയാണ്.
ഈ നാരുകൾ കൊഴുപ്പിന്റെ ആഗിരണം തടയുന്നു. ഇങ്ങനെ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിലും മുന്നിലാണ്. വൻകുടലിലെ അർബുദത്തിന് കാരണമാകുന്ന കാർസിനോജനുകളെ പുറന്തള്ളാനും ഈ നാരുകൾ സഹായിക്കും. അതുപോലെ ദഹനപ്രക്രിയ സുഗമമാക്കും.
പഴുക്കാത്ത ചക്കയില്‍ നാരുകള്‍ എറെയുണ്ട്. ചോറിനു പകരമായി ചക്കപ്പുഴുക്ക് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. പഴുക്കുന്നതിനു തൊട്ടുമുമ്പുള്ള മൂത്തചക്കയാണ് പ്രമേഹത്തെ പ്രതിരോധിക്കാന്‍ പറ്റിയത്.
ജീവകങ്ങളും മൂലകങ്ങളും നാരുകളും കൊണ്ടു സമ്പന്നമായ ചക്കയെ മറന്ന് ഇറക്കുമതി ചെയ്യുന്ന ഓട്‌സിനു പിന്നാലെയാണ് ഇന്നു മലയാളി. ദരിദ്രരുടെയും താഴെത്തട്ടിലുളളവരുടെയും ഭക്ഷണമാണ് ചക്ക എന്ന അന്ധമായ ചിന്താഗതി മലയാളിയില്‍ ഉണ്ടായതാണ് ചക്കയുടെ വിലയിടിച്ചത്. ഇപ്പോൾ ആ ചിന്താഗതിക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.
ചക്ക സീസൺ കാലത്ത് മാത്രമല്ല വർഷം മുഴുവൻ ലഭിക്കാനുള്ള ശാസ്ത്രീയ ഇടപെടലാണ് ഇനി വേണ്ടത്. സർക്കാർ ഇതിന് മുൻകൈയെടുക്കണം. അരിയും ഗോതമ്പുമൊക്കെ ഇറക്കുമതി ചെയ്യാൻ കാണിക്കുന്ന അതേ ആർജവം സീസണിലുണ്ടായി പാഴായി പോകുന്ന ഈ അപൂർവഫലം വർഷം മുഴുവൻ എങ്ങനെ ജനങ്ങളിലെത്തിക്കാമെന്നുള്ളത് സംബന്ധിച്ച് പഠനം നടത്തണം.
https://www.facebook.com/Malayalivartha