ജീവിതശൈലീ രോഗങ്ങളെ തടയാൻ ഇവൻ കേമൻ !
ചുവന്നതോ കറുത്തതോ ആയ മുന്തിരികളില്‍ നിന്നാണ് റെഡ്‌വൈന്‍ ഉണ്ടാക്കുന്നത്. 12 മുതല്‍ 15 ശതമാനം വരെയാണ് റെഡ്‌വൈനിലടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. ധാരാളം ആന്റി ഓക്സിഡന്റുകള്‍ ഉള്ളതിനാല്‍ ചെറിയ അളവില്‍ റെഡ്‌വൈന്‍ കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും.
മുഖക്കുരുവിന് കാരണക്കാരാകുന്ന ബാക്ടീരിയകളുടെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ റെഡ്‌വൈനിന് കഴിയും. ഇതുകൊണ്ടുതന്നെ ഒരു പരിധി വരെ മുഖക്കുരു വരുന്നതും മുഖത്തെ മറ്റ് അണുബാധകളും തടയാന്‍ അല്‍പം റെഡ്‌വൈനടിച്ചാല്‍ മതിയാകും. കൂടാതെ ബാക്ടീരിയകളെ തുരത്താനുള്ള കെല്‍പുള്ളതിനാല്‍ ബാക്ടീരീയ മൂലം ഭക്ഷണത്തില്‍ നിന്ന് ശരീരത്തിലേക്ക് വിഷം പടരാനുള്ള സാധ്യതകളേയും ഇത് ഇല്ലാതാക്കുന്നു.
തൊലിയെ പുതുപുത്തനായി നിലനിര്‍ത്താനും റെഡ്‌വൈന്‍ ഉത്തമമാണ്. ഇതിലെ പോളിഫിനോലുകള്‍ കോശങ്ങള്‍ ഉണങ്ങിക്കരിഞ്ഞുപോകുന്നതിനെ തടയും. കോശങ്ങള്‍ ഉന്മേഷത്തോടെ നില്‍ക്കുന്നതോടെ തൊലിയും തിളക്കമുള്ളതാകുന്നു.
റെഡ്‌വൈനിലെ ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് പ്രധാന താരം. ക്യാന്‍സറിനെ പോലും ചെറുക്കാന്‍ ഇവര്‍ക്ക് കഴിവുണ്ട്. വന്‍കുടലിനെയോ മലാശയത്തെയോ ബാധിക്കുന്ന ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് - ശ്വാസകോശ ക്യാന്‍സറുകളുടെ സാധ്യതയാണ് റെഡ്‌വൈനിലൂടെ കുറയ്ക്കാന്‍ കഴിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്.
പ്രായാധിക്യം മൂലമുണ്ടാകുന്ന ഓര്‍മ്മക്കുറവിനെ നീണ്ട കാലത്തേക്ക് തള്ളിവയ്ക്കാനും റെഡ്‌വൈന്‍ കഴിക്കുന്നതിലൂടെ കഴിയും. മാത്രമല്ല ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ നിയന്ത്രണത്തിലാക്കാനും അല്‍പം റെഡ്‌വൈന്‍ മതിയാകും.
ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ റെഡ്‌വൈന്‍ കഴിക്കുന്നവരില്‍ ഡയബറ്റിസ് ടൈപ്പ് 2, 30% വരെ കുറഞ്ഞതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ടത്രേ. ഹൃദയ ധമനികള്‍ക്കുള്ളിലെ ആവരണത്തെ സംരക്ഷിക്കാനാവശ്യമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹൃദയാരോഗ്യവും റെഡ്‌വൈനില്‍ സുരക്ഷിതമാണ്.
എല്ലാത്തിലുമുപരി യുവത്വം നിലനിര്‍ത്താനും റെഡ്‌വൈന്‍ സഹായകമാണെന്നാണ് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം തെളിയിക്കുന്നത്. ആയുസ്സുള്ളതും ആരോഗ്യപരവുമായ ജീവിതത്തിനാവശ്യമായ പ്രോട്ടീനുകള്‍ ഉണ്ടാക്കാനും നശിച്ചുപോകുന്ന ഡി.എന്‍.എയെ ശരിപ്പെടുത്താനും റെഡ്‌വൈനിന് കഴിയുമെന്നായിരുന്നു പഠനത്തിന്റെ പ്രധാന കണ്ടെത്തല്‍.
https://www.facebook.com/Malayalivartha