കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഭക്ഷണങ്ങൾ ..ആരോഗ്യകരമെന്ന് കരുതി നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങൾ ചിലപ്പോൾ വൃക്കയുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം ..അത്തരം ചില ഭക്ഷണങ്ങൾ ഇവയാണ്
മനുഷ്യശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത അവയവങ്ങളാണ് വൃക്കകൾ.രക്തത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന പ്രധാന വിസർജനാവയവമാണിത്. വയറിനുള്ളിൽ നട്ടെല്ലിന് ഇരു വശത്തുമായി കാണപ്പെടുന്ന ഏകദേശം 12 സെന്റി മീറ്റർ നീളവും ആറ് സെന്റി മീറ്റർ വീതിയുമുള്ള ഈ അവയവം രക്തത്തിലെ മാലിന്യത്തെ അരിച്ചെടുക്കുന്ന അരിപ്പയുടെ ധർമമാണ് നിർവഹിക്കുന്നത്.
ഇത്തരത്തിൽ അരിച്ചെടുക്കുന്ന മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറംതള്ളി ശരീരത്തെ ശുദ്ധിയായി സൂക്ഷിക്കുന്നത് വൃക്കകളാണ്. ഒരു മനുഷ്യന് ആരോഗ്യത്തോടെ ജീവിക്കാൻ ആരോഗ്യമുള്ള ഒരു വൃക്ക മതി. ഏതെങ്കിലും കാരണവശാൽ ഒരു വൃക്ക തകരാറിലായാൽ അതിന്റെ ജോലി കൂടി അടുത്ത വൃക്ക ഏറ്റെടുക്കും. ചുവന്ന രക്താണുകളെ ഉത്പാദിപ്പിക്കാനാവശ്യമായ എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ നിർമിക്കുന്നതും വൃക്കകൾ തന്നെ
വൃക്ക തകരാർ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ക്ക് ബലം കുറയുക, അസ്ഥികള്‍ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്ക് കാരണമാകും.
കണ്ടതെല്ലാം വാരിവലിച്ചു കഴിക്കുന്നത് വൃക്ക തകരാറിലാകാൻ കാരണമാകും.. രക്തത്തിലെ ഗ്ലൂക്കോസ് കൂട്ടുന്ന ആഹാരങ്ങൾ ഉപേക്ഷിക്കണം . കാർബണേറ്റഡ് ഡ്രിങ്കുകൾ, കോളകൾ, ഓക്സലേറ്റ് സാന്നിധ്യം അധികമുള്ള പാനീയങ്ങൾ ഇവയൊക്കെ ഒഴിവാക്കാം .ജങ്ക് ഫുഡ്, പിസ, ബർഗർ എന്നിവയും വൃക്കകൾക്ക് അമിത ജോലി നൽകുന്നവയാണ്
എന്നാൽ ചിലപ്പോൾ പലപ്പോഴും ആരോഗ്യകരമെന്ന് കരുതി നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങളായിരിക്കാം അപകടം ഉണ്ടാക്കുന്നത് . നിങ്ങളുടെ വൃക്കയെ ഗുരുതരമായി തകര്‍ക്കുന്ന നമ്മൾ പോഷക പ്രദമെന്നു വിശ്വസിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇവയാണ്
വൃക്കയുടെ ആരോഗ്യത്തിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവർ അവോക്കാഡോ കഴിക്കുന്നത് നല്ലതല്ല . ഇതിൽ പൊട്ടാസ്യത്തിന്റെ അളവ് വളരെ ഉയര്‍ന്നതാണ്. രക്തത്തിലെ അമിതമായ പൊട്ടാസ്യം വൃക്ക രോഗികളിൽ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
അമിതമായി റെഡ് മീറ്റ് കഴിക്കുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം, കാരണം മൃഗ പ്രോട്ടീനുകള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഇത് ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്ന ജോലി ചെയ്യുന്ന വൃക്കകള്‍ക്ക്അമിത ഭാരം നൽകും . മൃഗ പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണക്രമം വൃക്കയിൽ കല്ലുണ്ടാകാനും കാരണമാകും . യൂറിക് ആസിഡിന്റെ ഉത്പാദനം വര്ധിക്കുന്നതിനാൽ ഗൗട്ട് പോലുള്ള അസുഖങ്ങളും റെഡ് മീറ്റ് കഴിക്കുന്നത് കൊണ്ട് ഉണ്ടാകാൻ സാധ്യത ഏറെയാണ്
ആരോഗ്യകരമായ ഭക്ഷണത്തില്‍ പ്രതിദിനം പരമാവധി 2300 മില്ലിഗ്രാം സോഡിയം ഉള്‍പ്പെടുത്തണം. ഇത് സാധാരണ ഒരു ടീസ്പൂണ്‍ ഉപ്പിൽ നിന്ന് ലഭിക്കും .. നിങ്ങള്‍ ഉപ്പ് കൂടുതല്‍ കഴിക്കുമ്പോൾ ഇത് പുറന്തള്ളുന്നതിനായി വൃക്ക കൂടുതല്‍ ജോലി ചെയ്യേണ്ടതായി വരുന്നുണ്ട്. മാത്രമല്ല ഉപ്പിനെ അളവ് കൂടുന്നത് ഉയര്‍ന്ന രക്തസമ്മദ്ദം തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം
. ടിന്നിലടച്ച സൂപ്പ് അല്ലെങ്കില്‍ പച്ചക്കറികള്‍, ഫ്രോസണ്‍ പിസ്സ, സാലഡ് ഡ്രസ്സിംഗ് എന്നിവ പോലുള്ള സംസ്‌കരിച്ചതും പാക്കേജ് ചെയ്തതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം സതീരത്തിൽ ഉപ്പിന്റെ അളവ് വർധിക്കാൻ കാരണമാകും
വൃക്ക രോഗമുള്ളവർ വാഴപ്പഴം കഴിക്കുന്നതും ദോഷം ചെയ്യും . ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് ദിവസവും 3,500-4,700 മില്ലിഗ്രാം പൊട്ടാസ്യം ആവശ്യമാണ് , ശരാശരി വാഴപ്പഴത്തില്‍ 537 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ വാഴപ്പഴം കഴിക്കുകയാണെങ്കിൽ പൊട്ടാസിയം അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ നിയന്ത്രിക്കണം ..
പാലുല്‍പ്പന്നങ്ങളില്‍ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും വളരെയധികം പാല്‍, തൈര്, ചീസ് എന്നിവ നല്ലതിനേക്കാള്‍ കൂടുതല്‍ ദോഷം ചെയ്യും. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നതിനാല്‍ നിങ്ങളുടെ വൃക്ക പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍, രക്തത്തില്‍ നിന്ന് അധിക ഫോസ്ഫറസ് നീക്കംചെയ്യാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകാം . ഇത് കാലക്രമേണ നേര്‍ത്തതും ദുര്‍ബലവുമായ അസ്ഥികളിലേക്ക് നയിക്കുകയും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
അതുപോലെ തന്നെ ഗോതമ്പ് ബ്രെഡ് ആരോഗ്യകരവും പോഷകഗുണവും ഉള്ളതാണ് എന്നതിൽ സംശയമില്ല , പക്ഷേ വലിയ അളവില്‍ കഴിക്കുമ്പോള്‍, പ്രത്യേകിച്ച് വൃക്കസംബന്ധമായ പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ കഴിക്കുമ്പോള്‍ അത് ഹാനികരമായേക്കാം ..ബ്രെഡില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള ഫോസ്ഫറസും പൊട്ടാസ്യവുമാണ് ഇതിന് കാരണം. ഒരു സ്ലൈസ് ബ്രെഡില്‍ 81 മില്ലിഗ്രാം പൊട്ടാസ്യവും 57 മില്ലിഗ്രാം ഫോസ്ഫറസും അടങ്ങിയിരിക്കുന്നു, അതെ സമയം ഒരു സ്ലൈസ് വൈറ്റ് ബ്രെഡിൽ 37 മില്ലിഗ്രാം പൊട്ടാസ്യവും 35 മില്ലിഗ്രാം ഫോസ്ഫറസും മാത്രമേ ഉള്ളൂ. അതിനാൽ വൃക്ക തകരാറുള്ളവർ ഗോതമ്പ് ബ്രെഡ് കഴിക്കാതിരിക്കുന്നതാണ് നല്ലത്
അതുപോലെ ഓറഞ്ചും ഓറഞ്ച് ജ്യൂസും കലോറിയും വിറ്റാമിന്‍ സിയും അടങ്ങിയതാണെങ്കിലും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയതാണ് . ഒരു ഇടത്തരം ഓറഞ്ചിൽ 240 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.. , ഒരു കപ്പ് ഓറഞ്ച് ജ്യൂസില്‍ 470 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ടായിരിക്കും. വൃക്ക സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളവർ രക്തത്തില്‍ പൊട്ടാസ്യം അധികമാകാതെ നോക്കേണ്ടത് ആവശ്യമാണ്
https://www.facebook.com/Malayalivartha