ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിച്ച് ആരോഗ്യം കളയേണ്ട...
സാധാരണ ഭക്ഷ്യ എണ്ണ ഒരിക്കല്‍ ഉപയോഗിച്ചത് പിന്നെ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ ഭക്ഷ്യ ആവശ്യത്തിന് വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. എന്നാല്‍ ചില കച്ചവടസ്ഥാപനങ്ങളെങ്കിലും എണ്ണയുടെ വിലകൂടുതല്‍ കാരണം വീണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇനി അതിന്റെ ആവശ്യം വരില്ല. ഉപയോഗിച്ച എണ്ണ വിറ്റാല്‍ കാശ് കിട്ടും. കച്ചവടക്കാര്‍ക്ക് ലിറ്ററിന് 25 മുതല്‍ 30 രൂപ വരെ ഇതുവഴി കിട്ടും. ഗുണമേന്മ നോക്കി വിലയില്‍ മാറ്റവും വരും. പാചകം ചെയ്ത ഭക്ഷ്യ എണ്ണ ശേഖരിച്ച് ബയോ ഡീസലാക്കുന്ന സംരംഭങ്ങള്‍ക്ക് നഗരത്തില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആഴ്ചകളായി തുടരുന്ന എണ്ണശേഖരണം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നതായി വ്യാപാരികള്‍ പറഞ്ഞു. ഒരു ടണ്ണിലേറെ ഭക്ഷ്യഎണ്ണ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ചതായാണ് കണക്ക്.
ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (റീപര്‍പ്പസ് യൂസ്ഡ് കുക്കിങ് ഓയില്‍റൂക്കോ) പദ്ധതിയുടെ ഭാഗമായാണ് അംഗീകൃത ഏജന്‍സി വഴി എണ്ണ ശേഖരിക്കുന്നത്. കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്‍, ബേകേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഏജന്‍സിയുമായി ധാരണയുണ്ടാക്കിയതിന്റെയടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ മൊത്തം 2800 ലേറെ ഹോട്ടലുകളിലും 650 ലേറെ ബേക്കറികളിലും നിന്ന് ശേഖരണം വ്യാപകമാക്കാനാണ് തീരുമാനം. ചിപ്‌സ്, എണ്ണപ്പലഹാര നിര്‍മാതാക്കള്‍ എന്നിവരില്‍നിന്നും എണ്ണയെടുക്കല്‍ തുടങ്ങി. കടക്കാര്‍ ഉപയോഗിച്ച ഓയിലും വെളിച്ചെണ്ണയും മറ്റും സംഭരിച്ചുവെക്കുന്നത് ഒന്നിച്ച് ചില ദിവസങ്ങളില്‍ മാത്രം എടുത്ത് മലപ്പുറത്തുള്ള വെയര്‍ഹൗസില്‍ സൂക്ഷിക്കുകയാണ്. അവിടെനിന്ന് ബംഗളൂരുവിലെ ബയോഡീസല്‍ പ്ലാന്റിലേക്ക് എണ്ണ എത്തിക്കും. ലിറ്ററിന് 55 രൂപ വരെ ബയോഡീസലിന് ഈടാക്കുന്നുണ്ട്. പാഴാവുന്ന എണ്ണയുടെ 95 ശതമാനത്തിലധികവും ഇത് വഴി വീണ്ടും ഉപയോഗിക്കാനാവും. കോവിഡില്‍ പ്രവര്‍ത്തനം നിലച്ചെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമായിത്തുടങ്ങി.
https://www.facebook.com/Malayalivartha