കറി വയ്ക്കുന്നതിന് മുമ്പ് ചിക്കന്‍ കഴുകാറുണ്ടോ? എന്നാൽ അത് അത്ര നല്ല കാര്യമല്ല; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഭക്ഷണ പദാർത്ഥങ്ങൾ പാചകം ചെയ്യുന്നതിന് മുമ്പ് കഴുകുന്നതാണ് പൊതുവെ നമ്മുടെ ശീലം. പച്ചക്കറികളും മറ്റും നന്നായി കഴുകി വൃത്തിയാക്കുന്നതാണ് നല്ലത്. എന്നാൽ അത് ചിക്കന്‍റെ കാര്യത്തില്‍ നല്ലതല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പാചകം ചെയ്യുന്നതിന് മുൻപായി ചിക്കൻ കഴുകുമ്പോൾ ചിക്കനില്‍ നിന്നുള്ള ബാക്ടീരിയകളും രോഗാണുക്കളും ചുറ്റുപാടിലേക്കും പരക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പാത്രങ്ങളിലും സിങ്കുകളിലും ചുറ്റുപാടുമുള്ള ഭക്ഷണസാധനങ്ങളിലും ഇത്തരത്തില്‍ രോഗാണുക്കളെത്താൻ കാരണമാകുന്നു.
ചിക്കന്‍ കൂടാതെ, താറാവ് ഇറച്ചി, ടര്‍ക്കി കോഴി തുടങ്ങിയവയും കഴുകുന്നത് ഇത്തരത്തില്‍ ദോഷകരമായി ബാധിക്കുമെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ഇത്തരത്തിൽ ഇറച്ചികളിലുള്ള ഈര്‍പ്പം ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഒപ്പിയെടുക്കുന്നതാണ് ഉത്തമം. മാത്രമല്ല, ചിക്കനും മറ്റു ഇറച്ചികളും നല്ല പോലെ വേവിക്കുന്ന വേളയില്‍ ഇവയിലുള്ള രോഗാണുക്കള്‍ നശിക്കുന്നതാണ്. അതിനാൽ തന്നെ ഇവ കഴുകാതെ പാകം ചെയ്യുന്നത് ദോഷകരമായി ബാധിക്കില്ലെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പാകം ചെയ്യാത്ത ചിക്കനില്‍ നിന്നും വെള്ളം വരുമ്പോൾ മറ്റ് ഭക്ഷ്യ വസ്തുക്കളില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറച്ചികള്‍ കഴുകാനുപയോഗിക്കുന്ന പാത്രങ്ങളും സ്ഥലങ്ങളും എല്ലാം വൃത്തിയായി കഴുകി ഉണക്കാന്‍ ശ്രദ്ധിക്കേണ്ടതും നിർബന്ധമാണ്. ഇറച്ചി 75 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാചകം ചെയ്‌താല്‍ അതിലെ രോഗാണുക്കള്‍ പൂര്‍ണമായും നശിച്ചു പോകുമെന്നും പഠനം വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha