കുഞ്ഞൂങ്ങളോടൊപ്പം കളിക്കാം, ഒപ്പം നല്ല ഭക്ഷണ ശീലവും വളര്‍ത്താം
കുട്ടികളില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ നിങ്ങളുടെ കുട്ടികള്‍ മടികാട്ടിയേക്കാം. ഇത് അവരുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
കുഞ്ഞിനോടൊപ്പം കളിച്ചും ചിരിച്ചും കഥപറഞ്ഞും ആയിരിക്കണം അവര്‍ക്ക് ഭക്ഷണം നല്‍കേണ്ടത്. എങ്കില്‍ മാത്രമേ അവര്‍ ഭക്ഷണം ആസ്വദിച്ച് കഴിക്കുകയുള്ളൂ. പതിയെ പതിയെ അവര്‍ സ്വയം ആഹാരം കഴിക്കുന്നതിലേക്ക് നയിക്കുക കൂടി വേണം. ചിലകുട്ടികള്‍ രണ്ട് വയസില്‍ തന്നെ തനിയെ ആഹാരം കഴിക്കാന്‍ പ്രാപ്‌തരാകും. പതിയെ പതിയെ അവര്‍ക്ക് പുതിയ ആഹാര സാധനങ്ങള്‍ നല്‍കി തുടങ്ങുകയും വേണം.
നിങ്ങള്‍ക്ക് വളരെയധികം ക്ഷമ ആവശ്യമുള്ള ജോലിയാണ് കുഞ്ഞിന് ആഹാരം നല്‍കുക എന്നത്. ചോറു കൊടുക്കുമ്പോള്‍ ദോശ മതിയെന്നും, അങ്ങനെ ദോശയുണ്ടാക്കി കൊടുക്കുമ്പോഴായിരിക്കും അവന്/അവള്‍ക്ക് ചപ്പാത്തി മതിയെന്ന് വാശിപിടിക്കുന്നത്. ഇങ്ങനെ വരുമ്പോഴാണ് അവരോട് ദേഷ്യപ്പെടാതെ എങ്ങനെ ദോശ കഴിപ്പിക്കണം എന്ന് രക്ഷിതാക്കള്‍ ആലോചിക്കേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളോട് ദേഷ്യപ്പെട്ടാല്‍ അവരുടെ വാശി കൂടുകയേയുള്ളൂ. അതിനാലാണ് അവരോടൊപ്പം കളിച്ചും ചിരിച്ചും കഥപറഞ്ഞും ആയിരിക്കണം ആഹാരം കഴിപ്പിക്കേണ്ടതെന്ന് പറയുന്നത്.
https://www.facebook.com/Malayalivartha