ഇഡ്ഡലി ആരോഗ്യ സംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തത്
ഒരു ശരാശരി മലയാളിയുടെ പ്രഭാത ഭക്ഷണത്തിൽ ഏറെ മുന്നിൽ നിൽക്കുന്നതും ഏവരും ഇഷ്ടപെടുന്നതുമായ ഒന്നാണല്ലോ ഇഡ്ഡലി. ആവിയിൽ വേവിച്ചെടുക്കുന്നതു കൊണ്ടും ശരീരത്തിനു ഹാനികരമായ കൊഴുപ്പില്ലാത്തതുകൊണ്ടും ഇഡ്ഡലി ധൈര്യമായി വിളമ്പാം. ഇതിനു സവിശേഷതകൾ ഏറെയാണ്.
ഊർജം – 40 കാലറി (ഒരു വ്യക്തിക്കു പ്രതിദിനം ആവശ്യമായത് 1500 മുതൽ 2500 വരെ). പ്രോട്ടീൻ: രണ്ടു ഗ്രാം (മാംസപേശികളെ ശക്തിപ്പെടുത്താൻ ആവശ്യമായതാണിത്). നാരുകൾ: രണ്ടു ഗ്രാം (അർബുദത്തെ പ്രതിരോധിക്കാനും മലബന്ധത്തെ തടയാനും ഇതു സഹായിക്കുന്നു). കാർബോ ഹൈഡ്രേറ്റ്: എട്ടു ഗ്രാം (പ്രമേഹ രോഗികൾക്കു കഴിക്കാൻ കഴിയുന്ന അളവാണിത്). ഇതിനു പുറമേ, അയൺ, കാൽസ്യം, പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവയൊക്കെ ആവശ്യമായ തോതിൽ അടങ്ങിയിരിക്കുന്നു എന്നതും ഇഡ്ഡലിയുടെ പ്രാധാന്യം വിളിച്ചോതുന്നു. ഉഴുന്നിലാണ് അയണിന്റെ സാന്നിധ്യമുള്ളത്. പുളിപ്പിക്കൽ പ്രക്രിയ നടക്കുന്നതും ഇതിന്റെ ആരോഗ്യ സാധ്യത വർധിപ്പിക്കുന്നു.
സമീകൃത ആഹാരം ആണെങ്കിലും എന്നും ഇഡ്ഡലി ആയാൽ നമുക്കേവർക്കും പ്രത്യേകിച്ച് കുട്ടികൾക്കു ഇഷ്ടമാകില്ല. അതുകൊണ്ടു തന്നെ നമുക്ക് ഇനി വ്യത്യസ്ത ഇഡ്ഡലികളുടെ രസക്കൂട്ട് പഠിച്ചാലോ?
റോജാ ഇഡ്ഡലി
വലുപ്പം കുറഞ്ഞ ഇഡ്ഡലിയാണു റോജാ ഇഡ്ഡലി. ടീസ്പൂൺ കൊണ്ടാണു മാവ് ഒഴിക്കുന്നത്. തീരെ ചെറിയ ഇഡ്ഡലി തട്ടാണ് ഇതിന് ഉപയോഗിക്കുന്നത്. 20 കുഴികൾവരെയുള്ള തട്ടുകളുണ്ട്. സാധാരണ ഇഡ്ഡലിയുടെ പാചകം തന്നെയാണ് ഇതിനുമുള്ളത്. സാമ്പാർ നിറച്ചു ചെറിയ പാത്രത്തിൽ ഇഡ്ഡലി നിറച്ചാണു വിളമ്പുക.
ചീര ഇഡ്ഡലി
ചീര നമ്മുടെ ഭക്ഷണത്തിൽ ഉൾപെടുത്തേണ്ടുന്ന ഒന്നാണ്. ചീര കറി ആയി കഴിക്കാത്തവർ പോലും ചീര ഇഡ്ഡലി കഴിക്കുക തന്നെ ചെയ്യും. ചീര ചെറുതായി അരിഞ്ഞു പകുതി വേവിച്ചെടുക്കുക. ഇഡ്ഡലിത്തട്ടിൽ മാവൊഴിക്കുമ്പോൾ ഇതുകൂടി ചേർക്കുക. വീണ്ടും മാവൊഴിക്കുക. സാധാരണ പാകത്തിൽ വേവിച്ചെടുക്കുക.
കാരറ്റ് – ബീറ്റ്റൂട്ട് ഇഡ്ഡലി
കാരറ്റ് കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ക്യാരറ്റോ ബീറ്റ്റൂട്ടോ രണ്ടും കൂടെയോ പകുതി വേവിക്കുക. ഇഡ്ഡലിത്തട്ടിൽ മാവിനോടൊപ്പം തട്ടുതട്ടായി നിറച്ചു വേവിച്ചെടുക്കുക. ഇതിന്റെ നിറം കുട്ടികളെ തീർച്ചയായും ആകർഷിക്കും.
ഇഞ്ചി കറിവേപ്പില ഇഡ്ഡലി
കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞ് ഇഡ്ഡലിമാവിൽ കലർത്തി പുളിപ്പിക്കാൻ വയ്ക്കുക. നിശ്ചിത സമയം കഴിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുക. ഇതിന്റെ ഹൃദ്യമായ സുഗന്ധം ആരെയും കഴിക്കാൻ പ്രേരിപ്പിക്കുന്നതാന്നു.
ഇഡ്ഡലി ഉപ്പുമാവ്
ഇഡ്ഡലി ചെറുതായി പൊടിച്ചെടുക്കുക. പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്, ഉഴുന്ന്, കറിവേപ്പില, ഉള്ളി എന്നിവ വഴറ്റുക, ഇഞ്ചി ചെറുതായി അരിഞ്ഞത് ഇതോടൊപ്പം ചേർക്കുക. പൊടിച്ച ഇഡ്ഡലി ഇതോടൊപ്പം ചേർക്കുക.പാകത്തിന് ഉപ്പ് ഒഴിച്ചു പൊടിച്ച ഇഡ്ഡലിയും വെള്ളവും ചേർത്ത് അടച്ചുവച്ചു വേവിക്കുക. തേങ്ങാപ്പീരയും തേങ്ങാപ്പാലും ചേർത്ത് ഇളക്കി വാങ്ങുക. രാവിലത്തെയോ തലേദിവസത്തെയോ ഇഡ്ഡലി ഇങ്ങനെ ഉപയോഗിക്കാം.
https://www.facebook.com/Malayalivartha