കഫീന്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് പുരുഷന്മാരെ
കാപ്പിയെ കുറിച്ച് ബാര്‍സിലോണ സര്‍വകലാശാല പുറത്തുവിട്ട ഒരു പഠനം പുരുഷന്മാരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ല. കഫീന്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് പുരുഷന്മാരെയാണ് എന്നാണ് പഠനത്തില്‍ പറയുന്നത്. മിതമായ തോതില്‍ ഉപയോഗിച്ചാല്‍ കാപ്പിക്ക് അതിന്റേതായ ഗുണങ്ങളുമുണ്ട്. ഒരു ദിവസം നാല് കപ്പിലധികം കാപ്പി കുടിച്ചാല്‍ തലവേദന, വിറയല്‍, ഹൃദയസ്പന്ദനത്തിന്‍റെ വേഗത വര്‍ധിക്കുക, അമിതമായ ആകാംക്ഷ, ഓര്‍മക്കുറവ് , ഉത്കണ്ഠ, തന്റേടമില്ലായ്മ, കോച്ചിപ്പിടുത്തം, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമായേക്കാം.
കാപ്പിയുടെ ദോഷഫലങ്ങള്‍
ഉറക്കത്തിന് സംഭവിക്കുന്ന തകരാറുകള്‍ - കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ നമുക്ക് ഉറക്കം വരുന്നതായി തോന്നിപ്പിക്കുന്ന അഡനസിന്‍ (adenosine) എന്ന രാസവസ്തുവിനെ തടയുകയും നമ്മുടെ ജാഗ്രത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കാപ്പിയുടെ ഉപഭോഗം ദിവസം 300 എംജി (mg) യില്‍ കൂടുതല്‍ ആണെങ്കില്‍ അത് ഉറക്കത്തിനു പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം.
വന്ധ്യത - കഫീന്‍ അമിതമായി ഉപയോഗിക്കുന്ന പുരുഷന്മാരുടെ സന്താനോത്പാദനശേഷി കുറഞ്ഞേക്കാമെന്ന് പഠനങ്ങള്‍ വെളിവാക്കുന്നു. പുരുഷ ബീജങ്ങളെ തന്മാത്രാ തലത്തില്‍ തന്നെ നശിപ്പിക്കാന്‍ കഫീന്‍ കാരണമായേക്കാമെന്നതിനാല്‍ ദിവസം രണ്ടോ മൂന്നോ കപ്പ് കടുപ്പമുള്ള കാപ്പിയില്‍ കൂടുതല്‍ ശുപാര്‍ശചെയ്യപ്പെടുന്നില്ല.
അള്‍സറുകള്‍ - കഫീനും കാപ്പിയില്‍ അടങ്ങിയിട്ടുള്ള ആസിഡുകളും വയറിനെ അസ്വസ്ഥമാക്കാം. നിങ്ങള്‍ ഇടക്കിടെ വെള്ളം കുടിക്കുന്ന ആളല്ല എങ്കില്‍, അസിഡിറ്റിയും അതുവഴി അള്‍സറും പിടിപെടാന്‍ സാധ്യത കൂടുതലാണ്. കാപ്പി കൂടുതലായാല്‍ മലബന്ധം, വയറിളക്കം, അടിവയറ്റില്‍ കോച്ചിപ്പിടുത്തം തുടങ്ങിയവ അനുഭവപ്പെട്ടേക്കാം.
നെഞ്ചെരിച്ചില്‍ - കാപ്പി കുടിക്കുന്നതു മൂലം അന്നനാളത്തിന്റെ അടിവശത്തുള്ള സിങ്ങ്റ്റര്‍ മസിലുകള്‍ ഉദാസീനമാവുകയും അതുവഴി അന്നനാളത്തിലേക്ക് ആസിഡ് തിരിച്ചെത്താന്‍ കാരണമാവുകയും ചെയ്യും.
ലാക്സേറ്റീവ് (വിരേചന മരുന്ന്) - മിക്കയാളുകള്‍ക്കും രാവിലത്തെ കോഫി ഒരു വിരേചനമരുന്നാണ്. കാപ്പി കുടിക്കുമ്ബോള്‍ പെരിസ്റ്റാല്‍സിസ് (അന്നനാളത്തില്‍ തിരമാലകള്‍ പോലെ മസിലുകള്‍ ചുരുങ്ങുന്ന അവസ്ഥ) ഉണ്ടാകുകയും മലവിസര്‍ജനം നടത്താന്‍ തോന്നുകയും ചെയ്യും. ചില അവസരത്തില്‍ ആഹാരം ശരിക്കു ദഹിക്കുന്നതിനു മുമ്ബേ വിസര്‍ജനം നടക്കുകയും ശരീരത്തിന് ആഹാരത്തില്‍ നിന്നുള്ള പോഷകങ്ങള്‍ വലിച്ചെടുക്കാനുള്ള സാഹചര്യം നിഷേധിക്കപ്പെടുകയും ചെയ്യും.
ധാതുക്കളുടെ കുറവ് - വയറ്റില്‍ ഇരുമ്ബിന്റെ അംശം സ്വാംശീകരിക്കുന്ന പ്രവര്‍ത്തനം കാപ്പി തടസ്സപ്പെടുത്തും. കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ നിലനിര്‍ത്താനുള്ള കിഡ്നിയുടെ കഴിവിനെയും കാപ്പി തടസ്സപ്പെടുത്തുന്നു. ഇവയുടെ കുറവ് പ്രധാനപ്പെട്ട ശാരീരിക പ്രക്രിയകളെ ദോഷകരമായി ബാധിക്കും.
മാനസിക പിരിമുറുക്കം - കാപ്പി നമുക്ക് ഉന്മേഷം പകരുന്നുവെങ്കിലും അത് അമിതമായി ഉപയോഗിക്കുന്നത് പിരിമുറുക്കവും ഉത്കണ്ഠയും വര്‍ധിപ്പിക്കും. പിരിമുറുക്കത്തിനു കാരണമാവുന്ന കോര്‍ട്ടിസോള്‍, എപിനെഫ്രിന്‍, നോര്‍പിനെഫ്രിന്‍ എന്നീ ഹോര്‍മോണുകള്‍ പുറത്തുവിടുന്നതു മൂലമാണിത്. ഇതിന്റെ ഫലമായി രക്തസമ്മര്‍ദവും ഹൃദയമിടിപ്പും വര്‍ധിക്കും.
എല്ലിന്റെ ധാതുക്കളുടെ അപര്യാപ്തത - കഫീന്‍ മൂത്രവിസര്‍ജ്ജനം ത്വരിതപ്പെടുത്തുന്നതിനാല്‍, ഏറിയ അളവില്‍ കാത്സ്യത്തിന്റെ ഉപഭോഗം നടന്നില്ലെങ്കില്‍ ശരീരത്തില്‍ കാത്സ്യത്തിന്റെ സ്വാംശീകരണം തടസ്സപ്പെടുകയും എല്ലിന്റെ കട്ടി കുറയുന്ന തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കപ്പെടുകയും ചെയ്യും.
തുടക്കത്തില്‍ മേല്‍പ്പറഞ്ഞവയൊന്നും പ്രശ്നമാകില്ലെങ്കിലും ദീര്‍ഘകാലം കൂടിയ അളവില്‍ കാപ്പി ഉപഭോഗം നടത്തിയാല്‍ നിരവധി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
കാപ്പിയുടെ നല്ലവശങ്ങള്‍
എന്നിരിക്കിലും, കാപ്പിയെ സ്നേഹിക്കുന്നവര്‍ തീര്‍ത്തും നിരാശരാവേണ്ടതില്ല. കാപ്പിക്ക് അതിന്റെ നല്ല വശങ്ങളുമുണ്ട്. താഴെ പറയുന്നവയാണ് കാപ്പിയുടെ ചില നല്ല വശങ്ങള്‍;
ഉയര്‍ന്ന ജാഗ്രത - കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ നിങ്ങളെ ഉണര്‍വുള്ളവരാക്കുമെന്ന് മാത്രമല്ല ജാഗ്രതയുള്ളവരുമാക്കും. മനോനില, പ്രതികരണ സമയം, ഓര്‍മ്മ, ജാഗ്രത തുടങ്ങി മൊത്തത്തിലുള്ള അവബോധം വര്‍ധിപ്പിക്കാനും കഫീന്‍ സഹായിക്കുന്നു.
മെറ്റബോളിക് നിരക്ക് വര്‍ധിപ്പിക്കുന്നു - മെറ്റബോളിക് (ശരീര പോഷണം) നിരക്ക് ഉയര്‍ത്തുവാനും കൊഴുപ്പിന്റെ കോശകലകളില്‍ നിന്ന് ഫാറ്റി ആസിഡിനെ നീക്കുവാനും കഫീന്‍ സഹായിക്കുന്നതിനാല്‍ ഭാരം കുറയാന്‍ കാരണമാവും.
ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കും - കാപ്പി കുടിക്കുന്നവര്‍ക്ക് പ്രമേഹ സാധ്യത ഏഴ് ശതമാനം വരെ കുറയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പാര്‍ക്കിന്‍സന്‍സ്, അള്‍ഷിമേഴ്സ് രോഗസാധ്യത കുറയ്ക്കും - കാപ്പി കുടിക്കുന്നവരില്‍ പാര്‍ക്കിന്‍സന്‍സ്, അള്‍ഷിമേഴ്സ് രോഗസാധ്യത കുറവായിരിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ഉദ്ധാരണ പ്രശ്നങ്ങള്‍ - വയാഗ്ര പോലെയുള്ള മരുന്നുകളുടെ ഗുണഫലങ്ങള്‍ ഉള്ളതിനാല്‍ കാപ്പിക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഹൂസ്റ്റണിലെ 'ടെക്സസ് ഹെല്‍ത്ത് സ്റ്റഡി സെന്റര്‍' നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha