പ്രഭാതഭക്ഷണം ഒഴിവാക്കരുത്
പ്രഭാതത്തില്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഏറ്റവും കുറഞ്ഞിരിക്കും. ഇത് ഊര്‍ജശോഷണത്തിനു കാരണമാകുന്നു. ആഹാരത്തില്‍ നിന്നാണ് ഊര്‍ജ്ജം കിട്ടേണ്ടത്. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം ലഭ്യമാക്കാനായി പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റതിനുശേഷം രണ്ടു മണിക്കൂറിനകം ആഹാരം കഴിച്ചിരിക്കണം.
2. തടി കുറയ്‌ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ സഹായിക്കുന്നു.
പ്രാതല്‍ കഴിക്കുന്നവര്‍ക്കു ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിനും ആവശ്യമെങ്കില്‍ കുറയ്‌ക്കുന്നതിനുള്ള ആഹാരശൈലി പിന്തുടരാന്‍ കഴിയുന്നു എന്നു ഗവേഷണങ്ങളില്‍ നിന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. തടി കുറയ്‌ക്കാന്‍ വേണ്ടി പ്രാതല്‍ ഉപേക്ഷിക്കുന്നവര്‍ പിന്നീട് അമിത ഭക്ഷണം കഴിക്കുന്നതായും അനാരോഗ്യകരമായ ആഹാരശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇതു ക്രമേണ പൊണ്ണത്തടി ഉണ്ടാകാന്‍ ഇടയാക്കുന്നു.
3.ഇന്‍സുലിന്‍ ഉത്‌പാദനത്തെ ക്രമീകരിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നതു പിന്നീട് ആഹാരം കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. ഇതിന്റെ ഫലമായി രക്തത്തില്‍ (ഗ്ലൂക്കോസിന്റെ അളവിനെക്കാള്‍) ഇന്‍സുലിന്‍ അളവു കൂടിയിരിക്കുകയും ഇതു ശാരീരികപ്രവര്‍ത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇതു ക്രമേണ ശരീരത്തില്‍ കൊഴുപ്പടിഞ്ഞുകൂടാന്‍ ഇടയാക്കും. 4. നല്ല പ്രകടനം കാഴ്‌ചവെക്കാന്‍ സഹായിക്കുന്നു.
വിശന്നിരിക്കുമ്പോള്‍ നന്നായി ജോലിചെയ്യാനോ പഠിക്കാനോ കഴിയില്ല. വിശന്നിരിക്കുന്ന സമയം നിങ്ങള്‍ ശുണ്‌ഠിക്കാരനും ഒന്നിലും താത്‌പര്യമില്ലാത്തവനും ആയിരിക്കും. ഇതു നിങ്ങളുടെ ജോലിയെ ബാധിക്കും. പ്രാതല്‍ നിങ്ങളെ ജോലിയില്‍ ശ്രദ്ധയുള്ളവരും ഉന്മേഷമുള്ളവരുമാക്കുന്നു.
5. ഊര്‍ജോപഭോഗം നേരത്തെ നടക്കുന്നു.
പ്രാതല്‍ കഴിക്കുന്നവര്‍ ആഹാരത്തില്‍ നിന്നുള്ള ഊര്‍ജം നേരത്തെതന്നെ എരിച്ചുതീര്‍ക്കുന്നു. പ്രാതല്‍ കഴിക്കാതെ ഉച്ചയ്‌ക്ക് അമിതഭക്ഷണം കഴിക്കുന്നവര്‍ ക്ഷീണം കൊണ്ട് അലസരായിരിക്കും. തടി കൂടുകയും ചെയ്യുന്നു.
6. നല്ല മാതൃക സൃഷ്‌ടിക്കാന്‍ സഹായിക്കുന്നു.
കുട്ടികള്‍ക്കു നല്ല മാതൃക കാട്ടിക്കൊടുക്കേണ്ടവരാണു മുതിര്‍ന്നവര്‍. കൃത്യസമയങ്ങളില്‍ ആഹാരം കഴിക്കേണ്ടതു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണെന്നു കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഈ ശീലത്തിലൂടെ നിങ്ങള്‍ക്കു കഴിയും. 7. പ്രഭാതത്തില്‍തന്നെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായിട്ടുള്ള പോഷകഘടകങ്ങള്‍ ലഭിക്കുന്നു.
പ്രഭാതഭക്ഷണത്തില്‍ മാത്രം സാധാരണയായി ഉള്‍പ്പെടുത്താറുള്ള പയറുവര്‍ഗങ്ങള്‍, പാല്‍, പഴങ്ങള്‍ എന്നിവയില്‍ നിന്നുള്ള പോഷകഘടകങ്ങള്‍ പ്രാതല്‍ ഉപേക്ഷിച്ചാല്‍ ശരീരത്തിനു ലഭിക്കാതെ പോകും. 8. പ്രാതല്‍ ഉപേക്ഷിക്കുന്നതു നിങ്ങളെ ശുണ്‌ഠിക്കാരനാക്കുന്നു
പ്രാതല്‍ ഉപേക്ഷിക്കുന്നവര്‍ മുന്‍ശുണ്‌ഠിക്കാരാകാനുള്ള സാധ്യത കൂടുതലാണ്. പ്രാതല്‍ കഴിക്കാതിരിക്കുന്നതു നിങ്ങളെ അസംതൃപ്‌തരാക്കും. എന്തുകൊണ്ടു നിങ്ങള്‍ ദേഷ്യപ്പെടുന്നു എന്നു പോലും പലപ്പോഴും നിങ്ങള്‍ക്കറിയാന്‍ കഴിയുകയില്ല.
പ്രാതല്‍ കഴിക്കേണ്ടതെന്തുകൊണ്ട് എന്നതിനപ്പുറം മറ്റു ചില കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്.
പ്രാതലില്‍ മധുരപലഹാരങ്ങള്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. അങ്ങനെ ചെയ്യുന്നതു കുറേസമയം കഴിഞ്ഞു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാന്‍ ഇടയാക്കുകയും കൂടുതല്‍ ആഹാരം കഴിക്കാനുള്ള പ്രവണത ഉണ്ടാവുകയും ചെയ്യും. പാക്കറ്റ് ഭക്ഷ്യവസ്‌തുക്കളുടെ ഉള്ളടക്കവും അവ നല്‌കുന്ന പോഷകങ്ങളും നിങ്ങള്‍ക്കാവശ്യമുണ്ടോ എന്നു ചിന്തിക്കുക. വയര്‍ നിറയെ ഭക്ഷിക്കുക,സന്തുഷ്‌ടരായിരിക്കുക.
https://www.facebook.com/Malayalivartha