മൽസ്യം കഴിക്കുന്ന കുട്ടികൾക്ക് ബുദ്ധി കൂടുതൽ
നമ്മൾ കഴിക്കുന്ന ഭക്ഷണവും ആരോഗ്യവും തമ്മിൽ ബന്ധമുണ്ടെന്ന് അറിയാമല്ലോ? കുട്ടികൾക്ക് വേണ്ട പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്നത് മിക്ക അമ്മമാരുടെയും വേവലാതിയാണ്. ചെറിയ കുട്ടികൾക്ക് ആഹാരം കൊടുക്കുന്നതിലും ബുദ്ധിമുട്ടാണ് കൗമാരക്കാർക്ക് ആവശ്യമായ പോഷകാഹാരം കൊടുക്കുക എന്നത്. ഈ പ്രായത്തിൽ കഴിക്കുന്ന ഭക്ഷണം വളർച്ചക്കും ബുദ്ധിക്കും അത്യാവശ്യവുമാണ്.
കൗമാരക്കാരുടെ ഭക്ഷണത്തിൽ മത്സ്യം, സോയാബീന്‍, വാൾനട്ട് ഇവ ഉൾപ്പെടുത്തണമെന്നാണ് പറയുന്നത്. ഒമേഗ 3 പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. മനുഷ്യ ശരീരത്തിന് ഉൽപാദിപ്പിക്കാൻ കഴിയാത്ത ഇവ പച്ചക്കറികൾ, മത്സ്യം ഇവയിൽ നിന്നു മാത്രമേ ലഭിക്കൂ. കൗമാര പ്രായത്തിലുടനീളം തലച്ചോറിന്റെ ഘടനയും പ്രവർത്തനവും മാറിക്കൊണ്ടിരിക്കും.കൗമാര പ്രായത്തിൽ ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അഭാവം ഉത്കണ്ഠ വർധിപ്പിക്കുകയും പ്രായ പൂർത്തിയാകുമ്പോൾ ബുദ്ധി പരീക്ഷകളിൽ വളരെ മോശം പ്രകടനം കാഴ്ചവയ്ക്കാൻ ഇടയാകുകയും ചെയ്യുമെന്നു പഠനം പറയുന്നു.
മസ്‌തിഷ്‌കത്തിന്റെയും ഞരമ്പുകളുടെയും വികസനത്തിന് മല്‍സ്യത്തില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ വളരെയധികം ഫലപ്രദമാണ്. അയല പോലുള്ള സാധാരണ മല്‍സ്യങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം പ്രയോജനകരമാണ്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന മത്തിയിലും നത്തോലി പോലുള്ള ചെറുമല്‍സ്യങ്ങളിലും ധാരാളം പോഷകഘടകങ്ങളുള്ളതിനാല്‍ പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇവ നല്‍കുന്നത് വളരെ നല്ലതാണ്.
ഹൃദയധമനികളില്‍ അസുഖമുണ്ടാക്കുന്നത് പ്രതിരോധിക്കാന്‍ ഇതിന് കഴിയും. ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ല കൊളസ്‌ട്രോള്‍ അത്യാന്താപേക്ഷിതമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ പ്രദാനം ചെയ്യും. മല്‍സ്യം എണ്ണയില്‍ വറുക്കുന്നതിന് പകരം കറിവെച്ചു കഴിക്കുന്നതാണ് ഉത്തമം. ഉണക്ക മൽസ്യം കൊടുക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല.
https://www.facebook.com/Malayalivartha