ചേന കൂടതലായി ഉപയോഗിക്കുന്നുണ്ടോ?
ആഫ്രിക്കയും ഇന്ത്യയുമാണ് ചേനയുടെ ഏറ്റവും വലിയ ഉപഭോക്താക്കള്‍. ഇന്ത്യയില്‍ കേരളം കൂടാതെ ആന്ധ്ര, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ചേന കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇവിടുങ്ങളിലെല്ലാംതന്നെ ധാന്യങ്ങള്‍ക്കു തുല്യമായാണ് ചേന കഴിക്കുന്നത്. പോഷകങ്ങളുടെ ഉറവിടമാണ് ചേന. കൊഴുപ്പ് കുറച്ച് ആരോഗ്യം നല്‍കുന്ന ഒരു ഭക്ഷണമാണ് ചേന. ഇവയില്‍ അന്നജം, നാരുകള്‍ കൂടാതെ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍ പോലുള്ള മിനറലുകളുടെയും വിറ്റമിനുകളുടെയും ശേഖരമാണ്. ഇതു കൂടാതെ നല്ല ഫാറ്റി ആസിഡും പ്രോട്ടീനും മിതമായ തോതില്‍ അടങ്ങിയിട്ടുണ്ട്. ചേനയില്‍ നാരുകള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്.
അതിനാല്‍ ദഹനത്തെ സഹായിക്കാനും മലബന്ധം കുറയ്ക്കാനും ചേനയ്ക്കു കഴിയും. ശരിയായ രീതിയില്‍ പാകം ചെയ്ത ചേന മിതമായ അളവില്‍ ഉപയോഗിക്കാവുന്നതാണ്. എസ്സന്‍ഷ്യല്‍ ഫാറ്റി ആസിഡ് ഉള്ളതിനാലും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാലും ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്. മിക്ക വിറ്റമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ചേന ബാലന്‍സ്ഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ ഭക്ഷണമാണ്.
ചേനയിലെ ആന്റിഓക്‌സിഡന്റുകള്‍ക്ക് ആന്റിജന്‍ പ്രോപ്പര്‍ട്ടി ഉള്ളതായും പറയപ്പെടുന്നു. ഗ്ലൈസീമിക് ഇന്‍ഡക്‌സു കുറഞ്ഞ ചേന പ്രമേഹ രോഗികളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം. ഇവിടെയും പാചകരീതിയും അളവും പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ചേന പാചകം ചെയ്യുമ്പോള്‍ തേങ്ങ, തേങ്ങാപാല്‍ ഇവ അമിതമായി ഉപയോഗിക്കുന്നതും വറുക്കുന്നതും എണ്ണയുടെ കൂടുതലായ ഉപയോഗവും ചേനയുടെ ഗുണ ഗണങ്ങളെ ദോഷമായി ബാധിക്കുന്നു. അമിതമായ ചേനയുടെ ഉപയോഗം കൂടുതല്‍ ഊര്‍ജ്ജം ഉള്ളില്‍ ചെല്ലാനും അതുവഴി ഇവയുടെ ഗുണങ്ങളെ വിപരീത ദിശയിലാക്കാനും കാരണമാകുന്നു.
https://www.facebook.com/Malayalivartha