എനര്‍ജി ഡ്രിങ്കുകള്‍ രക്തസമ്മര്‍ദവും ഹൃദയമിടിപ്പിന്റെ നിരക്കും വർധിപ്പിക്കും
യുവാക്കൾക്കിടയിൽ ഇന്ന് വളരെയേറെ പ്രചാരം ലഭിച്ചു വരുന്ന ഒന്നാണ് എനർജി ഡ്രിങ്ക്. രാത്രി ഉറക്കമിളച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികളും കായികാധ്വാനം മൂലം തളരുന്ന കായിക താരങ്ങളും എന്ന് വേണ്ട ക്ഷീണം തോന്നുമ്പോൾ കുടിക്കാവുന്ന ഒരു സോഫ്റ്റ് ഡ്രിങ്കായി മാറിയിരിക്കുന്നു ഇത്.
എന്താണ് എനര്‍ജി ഡ്രിങ്കുകള്‍? (What are energy drinks)
തുടക്കത്തില്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത് നന്നായിരിക്കും, എനര്‍ജി ഡ്രിങ്കുകളും സ്പോര്‍ട്സ് ഡ്രിങ്കുകളും ഒന്നല്ല.
മനസ്സിന്റെ ജാഗ്രതയും ഊര്‍ജവും ശാരീരിക ശേഷിയും ഒരു പരിധിവരെ ഉയര്‍ത്താന്‍ സഹായിക്കുന്ന പാനീയങ്ങളാണിവ. തലച്ചോറിന്റെ മന്ദത ഇല്ലാതാക്കുന്നതിനായി മിക്ക എനര്‍ജി ഡ്രിങ്കുകളിലും സാമാന്യം കൂടിയ തോതില്‍ കഫീന്‍ ചേര്‍ത്തിരിക്കും. പഞ്ചസാരയും വൈറ്റമിനുകളുമാണ് മറ്റുള്ള ചേരുവകള്‍.
ഓരോ തരം പാനീയങ്ങളിലും വ്യത്യസ്ത തോതിലായിരിക്കും കഫീന്‍ അടങ്ങിയിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ വെബ്സൈറ്റുകളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതിന്റെ തോത് ഒരു ക്യാനില്‍ 70-200 മില്ലിഗ്രാം വരെ ആകാം.
എനര്‍ജി ഡ്രിങ്കുകള്‍ക്ക് തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതിനുള്ള കഴിവുള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ അത് ഇഷ്ടപ്പെടുന്നു.മനസ്സിന്റെ ജാഗ്രത വര്‍ദ്ധിപ്പിക്കാനുള്ള കഴിവും ഇതിനുണ്ടെന്നു പറയപ്പെടുന്നു. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നവര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഉറങ്ങാതെ ജോലിചെയ്യാന്‍ ഈ ഡ്രിങ്ക് സഹായിക്കുമത്രേ.
എനര്‍ജി ഡ്രിങ്കുകള്‍ക്ക് പരിപൂര്‍ണമായും ഗുണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് വിചാരിക്കരുത്. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള അപകടസാധ്യത എനർജി ഡ്രിങ്ക് കുടിക്കുന്നവരിൽ കൂടുതലാണ്. എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതു മൂലം രക്തസമ്മര്‍ദവും ഹൃദയമിടിപ്പിന്റെ നിരക്കും ഉയരുമെന്നും അത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിരവധി പഠനങ്ങളില്‍ പറയുന്നുണ്ട്
മിക്ക ആളുകളും ധരിച്ചിരിക്കുന്നത് എനര്‍ജി ഡ്രിങ്കുകളും സ്പോര്‍ട്സ് ഡ്രിങ്കുകളെ പോലെ ജലീകരണം നടത്താന്‍ സഹായിക്കുമെന്നാണ്. ഇത് തെറ്റായ ധാരണയാണ്. എനര്‍ജി ഡ്രിങ്കുകളില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ യഥാര്‍ത്ഥത്തില്‍ നിര്‍ജലീകരണമാണ് നടത്തുന്നത്.
പഞ്ചസാര ചേര്‍ക്കാത്ത എനര്‍ജി ഡ്രിങ്കുകളും ലഭ്യമാണെങ്കിലും മധുരമുള്ള ഡ്രിങ്കുകളാണ് ഭൂരിപക്ഷം ആളുകളും വാങ്ങാന്‍ ഇഷ്ടപ്പെടുന്നത്. ഇത്തരത്തിലുള്ള എനര്‍ജി ഡ്രിങ്ക് ഉപഭോഗം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുകയും പ്രമേഹം, അമിതവണ്ണം പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാന്‍ കാരണമാവുകയും ചെയ്യും.
ലേബലുകളില്‍ പറയുന്നതുപോലെ എനര്‍ജി ഡ്രിങ്കുകള്‍ സപ്ളിമെന്റുകളാണെന്ന് തെറ്റിദ്ധരിക്കരുത്. ഇവ അമിതമായി ഉപയോഗിക്കരുത്. നിർജലീകരണത്തിനും ക്ഷീണത്തിനും പ്രതിവിധിയായി ഒരിക്കലും എനർജി ഡ്രിങ്കുകൾ ഉപയോഗിക്കരുത്.
https://www.facebook.com/Malayalivartha