മാറുന്ന ആഹാര രീതിയും ദഹന പ്രശ്നങ്ങളും
വളരുന്ന ഫാസ്റ്റ് ഫുഡ് സംസ്ക്കാരം നമ്മുടെ ഭക്ഷണ രീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. ഇത് അനാരോഗ്യകരമായ ഒരു പ്രവണതയാണെന്നു പറയേണ്ടകാര്യമില്ല. എന്നാലും കൊച്ചുകുട്ടികൾ ഉൾപ്പടെ എല്ലാവരും സ്‌പൈസി ആയ എരിവ് കൂടുതലുള്ള ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. ഇത് നമ്മുടെ ദഹന വ്യവസ്ഥ ഏറെക്കുറെ തകരാറിലാക്കിയിരിക്കയാണ്.
പലപ്പോഴും നമ്മള്‍ രോഗികളാകുന്നതിന്റെ പ്രധാന കാരണം നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അപാകതയും അതിന്റെ രീതിയും തന്നെയാണ്. അമിതാഹാരവും കൃത്യമായ സമയക്രമം ഇല്ലാത്തതും ഒരു പ്രധാന പ്രശ്നം തന്നെയാണ്.
ശോധനക്കുറവ്, ഗ്യാസ് ട്രബിള്‍, പുളിച്ചുതികട്ടല്‍, വയറ്റിലെയും വായിലെയും പുണ്ണ്, അമിതവണ്ണം, മൂലക്കുരു തുടങ്ങിയ പല രോഗങ്ങള്‍ക്കും ക്രമം തെറ്റിയുള്ള ഭക്ഷണ ക്രമങ്ങളും ആധുനിക ഭക്ഷണ ശീലങ്ങളും കൊണ്ടാണ് ഉണ്ടാകുന്നത് .
ശരീയായ ഭക്ഷണശീലങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഒന്നാമതായി കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. എല്ലായ്പ്പോഴും വയർ മിതമായ രീതിയിൽ നിറഞ്ഞിരിക്കാൻ ശ്രദ്ധിരിക്കണം. അധികനേരം വിശന്നിരുന്നതിനുശേഷം വലിച്ചു വാരി കഴിക്കുന്നത് തീർത്തും ഒഴിവാക്കണം.
ഇപ്പോൾ കൊച്ചു കുട്ടികൾ വരെ ടി വി യുടെയും കമ്പ്യൂട്ടറിന്റെയും അടുത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഫോണും ടിവിയും ഒഴിവാക്കി ഭക്ഷണത്തിന്റെ മണവും രുചിയും സ്വാദും ആസ്വദിച്ച് സാവധാനം ചവച്ചരച്ച് വേണം കഴിക്കാന്‍.
രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം പൂർണമായും ഒഴിവാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കണം.ഉറക്കവും ടെന്‍ഷന്‍ കുറഞ്ഞ മനസും നല്ല ദഹനം സാധ്യമാക്കും.അതേസമയം, മദ്യപാനവും പുകവലിയും ദഹനക്കേടിന് ഇടയാക്കുകയാണ് ചെയ്യുന്നത്.
കൃത്യമായ ഭക്ഷണം ചിട്ടയായി കഴിക്കുകയാണെങ്കില്‍ ഗ്യാസ്, പുണ്ണ്, നെഞ്ചെരിച്ചില്‍ തൊട്ട് അമിതവണ്ണം, മലബന്ധം, വയര്‍ ചാടല്‍, മൂലക്കുരു എന്നിവയെ പ്രതിരോധിക്കാനും കഴിയും. ഭക്ഷണശേഷം കഠിന ജോലികളും അഭ്യാസങ്ങളും അരുത് .
നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളും ഈത്തപ്പഴം, പയര്‍വര്‍ഗങ്ങള്‍, ഓറഞ്ച്, കാരറ്റ്, ബീറ്റ് റൂട്ട് എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കണം. എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാതിരിക്കുന്നതാണ് ഉത്തമം. ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പോ ശേഷമോ വെള്ളം കുടിക്കുന്നത് ശീലമാക്കുക.എണ്ണ, നെയ്യ് എന്നിവ കൊഴുപ്പിന്റെ അളവ് കൂട്ടുമെന്നതിനാല്‍ പൊരിച്ചതും വറുത്തതും ബേക്കറി പലഹാരങ്ങളും നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും. സോഡ, കൃത്രിമ ഭക്ഷണങ്ങള്‍, പാക്കറ്റ് ഭക്ഷണം, ഫാസ്റ്റ് ഫുഡ് തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.
https://www.facebook.com/Malayalivartha