ഉപേക്ഷിക്കണമെന്നില്ല ;എന്നാൽ മിതത്വം പാലിച്ചില്ലെങ്കിൽ അപകടം
ചില ശീലങ്ങൾ നമുക്ക് ഉപേക്ഷിക്കാനാവില്ല . എത്ര ആരോഗ്യത്തിനു നല്ലതല്ലെന്ന് പറഞ്ഞാലും രാവിലെ മധുരം ചേര്ത്ത ചായ മലയാളിയുടെ ശീലമാണ് . പഞ്ചസാര എത്രത്തോളം കഴിക്കുന്നുവോ അത്രത്തോളം ശരീരഭാരവും കൂടും. ഇത് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് സ്ത്രീകൾക്കാണ്. സ്ത്രീകളുടെ വണ്ണം കൂടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പഞ്ചസാരയാണ് .
കുട്ടികള്ക്കു കൊടുത്ത മധുരപലഹാരങ്ങളുടെ ബാലന്സ് ഉണ്ടെങ്കില് അതു കളയേണ്ട എന്നു കരുതി കഴിക്കുന്ന വീട്ടമ്മമാര് ധാരാളം. ദിവസം മധുരമിട്ട ചായ രണ്ടില് അധികം കഴിക്കുന്ന സ്ത്രീകളും ധാരാളം. പ്രത്യേകിച്ച് രാവിലെ അടുക്കളയിൽ നിൽക്കുമ്പോൾ ഇടയ്ക്കിടെ ചായ കുടിക്കുന്ന ശീലമുള്ളവരാണ് പല സ്ത്രീകളും. ഇത്തരത്തിൽ ഓഫീസിൽ പോകുന്നതിനു മുൻപ് തന്നെ രണ്ടോ മൂന്നോ ഗ്ലാസ് ചായ അകത്താക്കി കഴിയും . ഇതിനു പുറമെ ഓഫീസിൽ നിന്നുള്ള ചായ വേറെ. വീണ്ടും വീട്ടിലെടുത്തിയാൽ അപ്പോഴും നല്ല മധുരവും കടുപ്പവും ഉള്ള ചായ. എന്നിട്ടോ ..ഒന്നും കഴിച്ചില്ലെങ്കിലും തടി കൂടുന്നു എന്ന പരാതിയും.
ഇപ്പോൾ വേനൽക്കാലമാണല്ലോ ? ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിംഗ്സ് നാരങ്ങാവെള്ളം, ജ്യൂസ് എന്നിവ കഴിക്കുന്നതും വീട്ടമ്മമാരുടെ ശീലമായി മാറിക്കഴിഞ്ഞു. അവയൊക്കെ ഒരു ഭക്ഷണമായി തോന്നില്ലെങ്കിലും അവയിലൂടെയൊക്കെ അമിത കലോറി ശരീരത്തിലെത്തുന്നു. അതു കൊഴുപ്പായി മാറ്റി ശരീരത്തില് അടിയും. ഫലമോ? വേനൽ കഴിയുമ്പോഴേക്കും ശരീരഭാരം 3 - 4 കിലോ കൂടിയിരിക്കും
പഞ്ചസാരയില് ഉൗര്ജത്തിന്റെ തോതു കൂടുതലാണ്. അമിത കലോറിയുള്ളതും മധുരമേറിയതുമായ വിഭവങ്ങള് ശീലമാക്കിയാല് ശരീരത്തിന്റെ തൂക്കം അമിതമായി കൂടും. അമിതഭാരവും പൊണ്ണത്തടിയും പ്രമേഹം, അമിതകൊളസ്ട്രോള് മുതലായ ജീവിതശൈലീരോഗങ്ങള്ക്കുളള സാധ്യത കൂട്ടുന്നതായി വിവിധ പഠനങ്ങള് സൂചന നല്കുന്നു.
ഇത്രയൊക്കെ ആണെങ്കിലും എങ്കിലും മധുരം ഒഴിവാക്കാനാവില്ലല്ലോ . അതിന്റെ അളവ് മിതപ്പെടുത്തി ഉപയോഗിക്കാം. ദിവസം രാവിലെയും വൈകിട്ടും ഓരോ ചായ എന്ന രീതിയിൽ മിതപ്പെടുത്താം . സ്ത്രീകളുടെ ആരോഗ്യം വീടിന്റെ മുഴുവൻ ആരോഗ്യം നിലനിർത്തും എന്ന് മറക്കേണ്ട
വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നതിനാൽ തനിക്ക് പ്രത്യേകിച്ചു വ്യായാമത്തിന്റെ ആവശ്യമില്ലെന്നു കരുതുന്നവരാണ് പൊതുവെ സ്ത്രീകൾ. ഇതും ശരീരഭാരം വർധിക്കാൻ കാരണമാകുന്നു.
https://www.facebook.com/Malayalivartha