ചോറിനൊപ്പം സാലഡ്; പോഷകസമൃദ്ധമായ സാലഡുകൾ എന്തിനു വേണ്ടെന്നു വെക്കണം
സാലഡ് സിംപിളാണ്, കളർഫുൾ ആണ്, സ്വാദിഷ്ടവും ആണ്. എന്നുമാത്രമല്ല പോഷകസമൃദ്ധമായ സാലഡുകൾ നമ്മുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുൻപന്തിയിലാണ്. സാലഡ് കഴിക്കുന്നതിനു പ്രത്യേക മാനദണ്ഡങ്ങളൊന്നും ഇല്ല. ഏതു പ്രായക്കാർക്കും ഏത് അവസരത്തിലും കഴിക്കാവുന്ന ഒന്നാണ് സാലഡ്. നമ്മുടെ വീട്ടുവളപ്പിൽ കിട്ടുന്ന വിഭവങ്ങൾ കൊണ്ട് എങ്ങനെ പോഷക സമ്പുഷ്ടമായ സാലഡ് ഉണ്ടാക്കാമെന്ന് നോക്കാം.
സാലഡുകൾ കളർഫുൾ ആണെങ്കിൽ കാണുന്ന ആരും ഒന്ന് ടേസ്റ്റ് ചെയ്തു നോക്കും. മാത്രവുമല്ല ആകർഷകമായ കളറിൽ തയ്യാറാക്കുന്ന സാലഡ് കുട്ടികളിലും താല്പര്യം ജനിപ്പിക്കും. സാലഡിൽ ചേർക്കുന്ന എല്ലാ വസ്തുക്കളും പുറമെ നിന്ന് വാങ്ങണമെന്നില്ല. നമ്മുടെ ചുറ്റുവട്ടത്ത് കിട്ടുന്ന പപ്പായ സാലഡിലെ ഒരു ഐറ്റം ആക്കാം. പച്ച പപ്പായയിൽ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്അതുകൊണ്ടു തന്നെ നമുക്കതിനെ ഉപയോഗപ്പെടുത്താം. വെള്ളരിക്കയോടും , കാരറ്റ് എന്നിവയോടൊപ്പം പച്ച പപ്പായ കൂടി സാലഡിൽ ഉൾപ്പെടുത്താം. നമുക്കു സുലഭമായി കിട്ടുന്ന പച്ചക്കറികളോടൊപ്പം കാരറ്റും, ബീറ്റ്‌റൂട്ടും തക്കാളിയുമൊക്കെ ചേരുമ്പോൾ വളരെ മനോഹരമായ സാലഡ് റെഡി. വർണവൈവിധ്യം കൊണ്ട് ആരെയും ആകർഷിക്കാൻ ഇതിനു കഴിയും. നാരങ്ങാനീര്, ഉപ്പ്, കുരുമുളക് എന്നിവകൂടി ചേരുമ്പോൾ പിന്നെ സാലഡിനെ ആർക്കും വേണ്ടാന്ന് വെക്കാൻ കഴിയില്ല.
പച്ചക്കറികൾ കഴിക്കാത്ത കുട്ടികളെയും നമുക്കു എളുപ്പത്തിൽ സാലഡ് പ്രിയരാക്കി മാറ്റാം. പച്ചക്കറിയും പഴവർഗങ്ങളുമൊക്കെ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ആണ്. അതുകൊണ്ട് തന്നെ പുറമെ നിന്നുള്ള പ്രോസെസ്സഡ് ഫുഡിന് നൽകുന്നതിനേക്കാൾ പ്രാധാന്യം പച്ചക്കറിയും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ കാണിക്കണം. സാലഡ് വെള്ളരി, കാരറ്റ്, തക്കാളി എന്നിവയോടൊപ്പം ലഭ്യമായ പഴവർഗങ്ങളും ചേർത്ത സാലഡ് തയ്യാറാക്കി കുട്ടികൾക്ക് കൊടുത്തു നോക്കൂ. പച്ചക്കറി കഴിക്കില്ല എന്ന നിങ്ങളുടെ പരാതി മാറിക്കിട്ടും. മാതളവും, ആപ്പിളും പേരക്കയുമൊക്കെ ചേർത്ത സാലഡ് മനോഹാരിത കൊണ്ടും ഗുണമേന്മ കൊണ്ടും ആരെയും ആകർഷിക്കാൻ പോന്നതാണ്.
ഇതിനെല്ലാം പുറമെ നമ്മുടെ ശരീരത്തിനാവശ്യമായ മുഴുവൻ പോഷണവും നല്കാൻ കഴിയുന്ന ഒരു സമ്പൂർണ്ണ ആഹാരമായി സാലഡിനെ കരുതാം. വിവിധങ്ങളായ പഴങ്ങളും പച്ചക്കറികളും ഉൾപെടുത്തുന്നതിനാൽ വൈറ്റമിനുകളുടെ കലവറയാണ് സാലഡ്. വിറ്റാമിൻ എ, സി, ഇ കൂടാതെ പൊട്ടാസ്യം, സോഡിയം, നാരുകൾ എന്നിവയും സാലഡ് നമുക്കു പ്രധാനം ചെയ്യുന്നു. മലയാളികളായ നമ്മുടെ ഇഷ്ടവിഭവമായ ചോറിനോടൊപ്പം തന്നെ ഒരു കറിയായി സാലഡ് ഉപയോഗപ്പെടുത്തണം. അധികമായാൽ അമൃതും വിഷം ആണെന്നറിയാമല്ലോ. അതുകൊണ്ട് ശരീരത്തിനാവശ്യമായ അളവിൽ മാത്രമേ ഇത് സേവിക്കാവൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ. അമിത വണ്ണം ഉള്ളവർക്ക് സാലഡ്കൊണ്ട് വേണമെങ്കിൽ ഒരുനേരം വിശപ്പടക്കുകയുമാവാം. ഇനി പറയൂ വിറ്റാമിനുകളാലും നാരുകളാലും സമ്പുഷ്ടമായ സാലഡിനെ എന്തിനു മാറ്റിനിർത്തണം.
https://www.facebook.com/Malayalivartha