എരിവും മധുരവും ഒത്തിണങ്ങുന്ന അപൂര്‍വ്വ രുചിക്കൂട്ട്; സ്‌പൈസി സ്വീറ്റ് പൊട്ടറ്റോ
മധുരക്കിഴങ്ങ് എന്ന പേരിൽ തന്നെയുണ്ട് അതിലെ മധുരം അല്ലെ. അന്നജത്തിന് പുറമെ പ്രോട്ടീൻ, വിറ്റമിൻ എ, പഞ്ചസാര എന്നിവയും ഈ കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. പേരിൽ മധുരം ഉണ്ടെങ്കിലും പ്രമേഹം ഉള്ളവർക്കും ഇത് കഴിക്കാം. മധുരം ഇഷ്ടപ്പെടുന്നവർക്ക് മാറ്റി നിർത്താൻ കഴിയാത്ത ഒന്നാണ് മധുരക്കിഴങ്. സാധാരണ നമ്മൾ ഇത് പുഴുങ്ങിയാണ് കഴിക്കാറ്. അതുകൊണ്ടു തന്നെ മധുരം ഇഷ്ടമില്ലാത്തവർ ഇതിനെ അധികം മൈൻഡ് ചെയ്യാറില്ല. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായൊരു രുചിക്കൂട്ട് നമുക് തയ്യാറാക്കിയാലോ? എരിവ് ഇഷ്ടപെടുന്നവരെക്കൂടി കണക്കിലെടുത്തു ഇത്തിരി മധുരവും എരിവും കൂട്ടി കലർത്താം നമുക്ക്.
ചേരുവകള്‍
മധുരക്കിഴങ്ങ്- 1 വലുത്
സവാള- 1 വലുത്
മുളക് പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പെടി- 1 ടീസ്പൂണ്‍
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂണ്‍
കടുക്- 2 ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 1 ടീസ്പൂണ്‍
വെളുത്തുള്ളി -1 ടീസ്പൂണ്‍
ഉപ്പ് , വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാൻ ചൂടാക്കുക. ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടിക്കുക. അതിനുശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്,സവാള എന്നിവ ചേര്‍ക്കുക. ഇവ വരണ്ടു കഴിയുമ്പോൾ ഇതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ഉഴുന്ന് പരിപ്പും കൂടി ചേര്‍ക്കുക. സവാളയുടെ പച്ചമണം മാറുമ്പോള്‍ ഇതിലേക്ക് മുളക് പൊടികൂടി ചേര്‍ക്കാം. ഇത് സവാളയുമായി യോജിച്ച് വരുമ്പോള്‍ വേവിച്ച് അരിഞ്ഞ് വച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഇതിലേക്ക് ചേർക്കാവുന്നതാണ്. അൽപ സമയം കഴിയുമ്പോൾ ഇതിലേക്ക്കറിവേപ്പിലയും കൂടി ചേര്‍ത്ത് നന്നായൊന്ന് ഇളക്കിയാല്‍ സ്‌പൈസി സ്വീറ്റ് പൊട്ടറ്റോ റെഡി. കട്ടൻ ചായയോടൊപ്പം കഴിക്കാം. ചപ്പാത്തിക്ക് കറിയായും ഇത് ഉപയോഗിക്കാം.
https://www.facebook.com/Malayalivartha