ഷവർമയിലുള്ള അപകടങ്ങൾ
വൃത്തിയുള്ള അന്തരീക്ഷത്തിൽ പാകം ചെയ്തില്ലെങ്കിൽ കഴിക്കുന്നയാൾക്കു മരണംവരെ സംഭവിക്കാൻ സാധ്യതയുള്ളതാണു ഷവർമ. അതായത് അൽപം ശ്രദ്ധ കുറഞ്ഞാൽ വലിയ അപകടം ഉണ്ടാകുമെന്നു സാരം. ഏതാനും വർഷം മുൻപ് ഷവർമ കഴിച്ച് തിരുവനന്തപുരത്ത് ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോഴും പല സ്ഥലങ്ങളിലും ഈ നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഷവർമ നിർമാണം നടക്കുന്നത്.
സാൽമോണല്ല ബാക്ടീരിയ കൂടുതലായി ഉണ്ടാകാൻ സാധ്യതയുള്ള ഒന്നാണ് കോഴിയിറച്ചി. ഈ ബാക്ടീരിയ നശിക്കണമെങ്കിൽ ഇറച്ചി 80 ഡിഗ്രി താപനിലയിലെങ്കിലും ചൂടാക്കണം. എന്നാൽ പലരും ഇതു ചെയ്യുന്നില്ലെന്നതാണ് വാസ്തവം. കുറഞ്ഞതാപനിലയില്‍ ഇറച്ചി ചൂടാക്കുമ്പോള്‍ ബാക്ടീരിയ പടരുകയും മനുഷ്യശരീരത്തില്‍ കടന്ന് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
പല കടകളിലും പുറത്തായി മുൻഭാഗത്ത് ഒട്ടും സുരക്ഷിതമല്ലാതെയാണ് ഷവർമ ഉണ്ടാക്കുന്നത്. വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിപലങ്ങളെല്ലാം ഈ ഇറച്ചിയിൽ പറ്റിപ്പിടിക്കുന്നുണ്ട്. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഇറച്ചി തൂക്കിയിടുന്ന കമ്പി ദിവസവും അണുവിമുക്തമാക്കിയില്ലെങ്കിൽ അതും അനാരോഗ്യത്തിലേക്കു നയിക്കും.
ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന പച്ചക്കറികള്‍ ഫ്രിഡ്ജില്‍ വേവിച്ച കോഴിയിറച്ചിക്കൊപ്പമാണ് പലപ്പോഴും സൂക്ഷിക്കാറുള്ളത്. ഇത് കോഴിയിറച്ചിയിലെ ബാക്ടീരിയ പച്ചക്കറികളിലേക്ക് പടരുന്നതിനു കാരണമാകും.
ചൂടാക്കുമ്പോള്‍ ഇറച്ചിയിലെ കൊഴുപ്പ് അടിഭാഗത്തേക്കുവന്ന് കരിഞ്ഞ് പുകരൂപത്തില്‍ ഇറച്ചിയില്‍ പിടിക്കും. ഇത് പോളിസൈക്ലിക്ക് അരോമാറ്റിക്ക് ഹൈഡ്രോ കാര്‍ബണ്‍ എന്ന ഘടകമായി മാറും. ഇത് കരിയുന്നതിനനുസരിച്ച് ഹൈഡ്രോ സൈക്ലിക് അമൈണ്‍സ് എന്ന രാസവസ്തുവായി പരിണമിക്കും. നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ആമാശയത്തിലുണ്ടാവുന്ന കാന്‍സറിന് കാരണം ഗ്രില്‍ചെയ്യുന്ന മാംസമാണെന്ന് കണ്ടെത്തിയിരുന്നു.
ഷവർമയുണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഷവർമയുണ്ടാക്കുന്ന സ്ഥലം ഈച്ച, പൊടി, മറ്റു മാലിന്യങ്ങൾ എന്നിവയിൽനിന്നു സംരക്ഷിക്കുന്ന വിധം ചില്ലിട്ട് സൂക്ഷിക്കണം.
മാംസം വൃത്തിയുള്ള ഫ്രീസറിൽ 18 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. മാംസം അന്തരീക്ഷ ഊഷ്മാവിൽ സൂക്ഷിക്കാൻ പാടില്ല.
സ്ഥാപനത്തിലുപയോഗിക്കുന്ന വെള്ളം ആറ് മാസത്തിലൊരിക്കൽ സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിച്ച് റിപ്പോർട്ട് സ്ഥാപനത്തിൽ സൂക്ഷിക്കണം.
ജീവനക്കാർ വൃത്തിയുള്ള വേഷവിധാനങ്ങൾ (ഏപ്രൺ, തലപ്പാവ് തുടങ്ങിയവ) ധരിക്കുകയും വൃത്തിയുള്ളവരുമായിരിക്കണം.
മയോണൈസ് സ്ഥാപനത്തിൽ ഉണ്ടാക്കുകയാണെങ്കിൽ അതതു ദിവസത്തെ ആവശ്യത്തിനു മാത്രം ഉണ്ടാക്കുകയും അടച്ചുറപ്പുള്ള പാത്രത്തിൽ ഊഷ്മാവ് ക്രമീകരിച്ചു സൂക്ഷിക്കുകയും വേണം. ആവശ്യത്തിനു മാത്രം പുറത്തെടുത്ത് ഉപയോഗിക്കുകയും ബാക്കിവരുന്നത് അതതു ദിവസം തന്നെ നശിപ്പിക്കുകയും വേണം.
കാബേജ്, ഉള്ളി, മറ്റു പച്ചക്കറികൾ എന്നിവ ഉപയോഗിക്കുന്നതിനു മുൻപ് ഉപ്പ്, പുളി എന്നിവ ചേർത്ത വെള്ളത്തിൽ മുക്കിവച്ചു കീടനാശിനി വിമുക്തമാക്കി ശുദ്ധമായ ജലത്തിൽ കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ.
ഭക്ഷണ വിതരണത്തിനു മുൻപായി പ്ലേറ്റുകൾ ചൂടുവെള്ളത്തിൽ കഴുകി അണുനാശം വരുത്തണം.
ഇറച്ചി കഴുകി വൃത്തിയാക്കുന്നതിനു രോഗാണുമുക്തമായ ജലം ഉപയോഗിക്കണം.
കൃത്രിമ നിറങ്ങൾ, മോണോസോഡിയം ഗ്ലൂട്ടമേറ്റ്, മറ്റു നിരോധിത രാസവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പാടില്ല
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഷവർമ പാഴ്സലായി നൽകരുത്. ഈ വിവരം ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം
https://www.facebook.com/Malayalivartha