ഇനി മൊബൈല്‍ ഫോണിലൂടെ ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങള്‍ അറിയാം
ഗ്രാമപ്രദേശങ്ങളിലെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ വിവരങ്ങളും ഉപദേശങ്ങളും ഇനി മൊബൈല്‍ ഫോണിലൂടെ ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ പദ്ധതി ഓഗസ്റ്റ് 15 ന് നടപ്പിലാവും. മൈക്രോ സോഫ്റ്റ് ഉടമ ബില്‍ഗേറ്റ്‌സും ഭാര്യയും ചേര്‍ന്ന് നടത്തുന്ന മെലിന്‍ഡാ ഗേറ്റ്‌സ് എന്ന സ്ഥാപനം കേന്ദ്ര ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക.
ഗര്‍ഭം ധരിച്ച സമയം മുതല്‍ പ്രസവം വരെ ഈ സേവനം ലഭിക്കും. ഓരോ മാസവും ഏതു ദിവസങ്ങളില്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തണം, അതിനുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെയാവണം, ഏതു തരത്തിലുള്ള സംരക്ഷണരീതികള്‍ സ്വീകരിക്കണം, ഏതു ഭക്ഷണം കഴിക്കണം, തുടങ്ങിയ വിവരങ്ങളാണ് സൗജന്യമായി ലഭിക്കുക. റെക്കോഡ് ചെയ്ത് വച്ചിരിക്കുന്ന വാക്യങ്ങളാണ് മൊബൈല്‍ ഫോണിലൂടെ സ്ത്രീകളിലെത്തിക്കുക. ജനനത്തിനുശേഷം കുട്ടിയുടെ സംരക്ഷണത്തിനു ഉതകുന്ന വിവരങ്ങളും ലഭിക്കും.
ഗ്രാമപ്രദേശങ്ങളില്‍ ആശുപത്രി സേവനങ്ങള്‍ ഇപ്പോഴും അപര്യാപ്തമാണ്. കൂടാതെ ഡോക്ടര്‍മാരുടെ കുറവുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇത് ഗ്രാമപ്രദേശത്തെ ഗര്‍ഭിണികള്‍ക്ക് ആവശ്യമായ മരുന്നുകളും ബോധവല്‍ക്കരണവും നല്‍കുന്നതിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പ്രസവസമയത്തുണ്ടാകുന്ന മരണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. നവജാത ശിശുക്കളുടെ മരണവും ഇന്ത്യയില്‍ കൂടിവരികയാണ്. ഇതിനെതിരെ ബോധവല്‍ക്കരണം അത്യന്താപേക്ഷിതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കേന്ദ്രനടപടി.
ആ്രശുപത്രികളില്‍ ഡോക്ടറെ കണ്ട് വിവരങ്ങളറിയാന്‍ സ്ത്രീകള്‍ ഏറെ നേരം കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ പ്രസവസംബന്ധമായ തകരാറുകളാല്‍ മരിക്കുന്നുണ്ട്. ലോകത്തെ പ്രസവസംബന്ധമായ മരണത്തില്‍ മൂന്നിലൊന്നും ഇന്ത്യയിലും നൈജീരിയയിലുമാണെന്നാണ് യു.എന്‍.റിപ്പോര്‍ട്ട്. ഇതില്‍ നൈജീരിയയേക്കാള്‍ മുന്നിലാണ് ഇന്ത്യ.
ക്രമാതീതമായ രക്തംപോക്ക്, അണുബാധ, ഉയര്‍ന്ന രക്തസമ്മര്‍ദം, സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം എന്നിവയാണ് പ്രധാന കാരണങ്ങള്‍. മതിയായ വേതനം ലഭിക്കാത്തതിനാല്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വീടുകളിലെത്തി ഗര്‍ഭിണികള്‍ക്ക് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന സാഹചര്യമില്ലാതായതുകൂടി കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha