ഡയാലിസിസ് ചെയ്യാന്‍ പ്രതിമാസം 1100 രൂപ ധനസഹായമായി സമാശ്വാസം പദ്ധതി
വിവിധ രോഗങ്ങള്‍ ബാധിച്ച് ദാരിദ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു ധനസഹായം ലഭിക്കുന്ന പദ്ധതിയാണു സമാശ്വാസം. ഈ പദ്ധതി മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
സമാശ്വാസം ഒന്ന്
വൃക്കയ്ക്കു തകരാര്‍ സംഭവിച്ച് മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിനു വിധേയരാകുന്ന ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള രോഗികള്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കില്‍ ധനസഹായം ലഭിക്കും.
* ബിപിഎല്‍ വിഭാഗത്തില്‍പ്പെടുന്നു എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അല്ലെങ്കില്‍ റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
* മാസത്തില്‍ ഒരിക്കലെങ്കിലും ഡയാലിസിസിനു വിധേയമാകുന്നു എന്നുള്ള സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിദഗ്ധര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്. ഈ സര്‍ട്ടിഫിക്കറ്റില്‍ ഡയാലിസിസ് ആരംഭിച്ച തീയതി കൂടി രേഖപ്പെടുത്തേണ്ടതാണ്.
* അപേക്ഷകന്റെ പേരില്‍ നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം ചേര്‍ക്കേണ്ടതാണ്.
* ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം നിശ്ചിത ഫോമില്‍ അപേക്ഷിക്കാം.
സമാശ്വാസം രണ്ട്
വൃക്ക, കരള്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ രോഗികള്‍ക്കു പ്രതിമാസം ആയിരം രൂപ ലഭിക്കും. ഒരു ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതാണ്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുവര്‍ഷം വരെയാണു ധനസഹായം ലഭിക്കുക.
* വൃക്ക, കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയരായി തുടര്‍ചികിത്സ നടത്തുന്ന ആളാണെന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്
* ശസ്ത്രക്രിയയ്ക്കു ശേഷം ബന്ധപ്പെട്ട ആശുപത്രികള്‍ നല്‍കുന്ന ഡിസ്ചാര്‍ജ് ഷീറ്റിന്റെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
* കുടുംബവാര്‍ഷിക വരുമാനം തെളിയിക്കുന്നതിനു വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്
* അപേക്ഷകന്റെ പേരില്‍ ആരംഭിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം നിശ്ചിത ഫോമില്‍ അപേക്ഷിക്കണം
സമാശ്വാസം ഒന്ന്, രണ്ട് പദ്ധതികളുടെ അപേക്ഷാ ഫോം പഞ്ചായത്ത് ഓഫിസുകള്‍, കോര്‍പറേഷന്‍, മുന്‍സിപ്പല്‍ ഓഫിസുകള്‍, അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും സാമൂഹ്യ സുരക്ഷാ മിഷന്‍ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫിസര്‍ക്കു നല്‍കേണ്ടതാണ്. പദ്ധതി ഓഫിസര്‍, അന്വേഷണം നടത്തി ശുപാര്‍ശ സഹിതം അപേക്ഷ കേരള സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കു നല്‍കേണ്ടതാണ്.
സമാശ്വാസം മൂന്ന്
രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ക്ലോട്ടിങ് ഘടകങ്ങളുടെ കുറവു മൂലം ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ചവര്‍ക്ക്, പ്രതിമാസം ആയിരം രൂപ ലഭിക്കും. ഈ പദ്ധതിക്കു വരുമാന പരിധി നോക്കാതെയാണു ധനസഹായം അനുവദിക്കുന്നത്.
ഹീമോഫീലിയ രോഗിയാണെന്നു ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍, പീഡിയാട്രിക്, ഹെമറ്റോളജി വിഭാഗങ്ങളിലെ ഏതെങ്കിലും ഡോക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ സര്‍ട്ടിഫിക്കറ്റില്‍ വകുപ്പു തലവനോ ആശുപത്രി സൂപ്രണ്ടോ ഒപ്പിട്ടിരിക്കണം. നാഷണലൈസ്ഡ് ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച് ലഭിക്കുന്ന പാസ്ബുക്കിന്റെ പകര്‍പ്പു നല്‍കേണ്ടതാണ്. നിശ്ചിത ഫോമില്‍ അപേക്ഷയ്ക്ക് ആവശ്യമായ രേഖകളുടെ കോപ്പി സഹിതം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്കാണ് അയച്ചുകൊടുക്കേണ്ടത്.
https://www.facebook.com/Malayalivartha