ചിട്ടയായ ഭക്ഷണക്രമത്തിലൂടെ നല്ല ആരോഗ്യം വീണ്ടെടുക്കാം
ഒരു വ്യക്തിയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലും ഉണര്‍വും ഓജസും നല്‍കുന്നതിലും ഭക്ഷണത്തിനു വലിയ പ്രാധാന്യമുണ്ട്. ഒരാളുടെ ഭക്ഷണരീതി, മാനസികാവസ്ഥ, ശാരീരികാവസ്ഥ എന്നിവയെല്ലാം ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മനസു ശരിയല്ലെങ്കില്‍ എന്തു കഴിച്ചിട്ടും കാര്യമില്ലെന്നു പഴയതലമുറക്കാര്‍ പറയുന്നതും ഇതുകൊണ്ടു തന്നെയാണ്. മാനസിക സംഘര്‍ഷം കുറച്ചു ചിട്ടയായ ഭക്ഷണക്രമത്തിലൂടെ നല്ല ആരോഗ്യസ്ഥിതി വീണ്ടെടുക്കാനാവും.
നാരിന്റെ അംശം കൂടുതല്‍ കിട്ടുന്ന ഭക്ഷണം, തവിട് മാറ്റാത്ത ധാന്യങ്ങള്‍(റാഗി, ഓട്‌സ്, ഗോതമ്പ്, കുത്തരി ചോറ്), മുളപ്പിച്ചതോ തൊലിയോടുകൂടിയതോ ആയ പയറുവര്‍ഗങ്ങള്‍ (ചെറുപയര്‍, കടല, ഗ്രീന്‍പീസ്), ഇലക്കറികള്‍, സാലഡുകള്‍, പഴവര്‍ഗങ്ങള്‍, പാതി വേവിച്ച പച്ചക്കറികള്‍ ഇവ കൂടുതലായി കഴിക്കുക.
ചെറുമീനുകള്‍ ഉത്തമം
നല്ല കൊഴുപ്പായ ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലടങ്ങിയ ഭക്ഷണങ്ങളായ ചെറുമീനുകള്‍ (അയല, മത്തി, കൊഴുവ) ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
എണ്ണകള്‍ മാറിമാറി ഉപയോഗിക്കാം
എണ്ണ ഉപയോഗിക്കുമ്പോള്‍ വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ എന്നിവ മാറിമാറി ഉപയോഗിക്കുക. അല്ലെങ്കില്‍ വെളിച്ചെണ്ണ, സോയാബിന്‍ എന്നിവയും മാറിമാറി ഉപയോഗിക്കാം. ഒരുദിവസം മൂന്നോ നാലോ ടീസ്പൂണ്‍ എണ്ണ മതിയാകും.
ജ്യൂസ് വേണ്ട, പഴങ്ങള്‍ ആവാം
പഴങ്ങള്‍ പ്രകൃതിദത്തമായ രീതിയില്‍ തന്നെ ഉപയോഗിക്കാം. ജ്യൂസ് ആക്കേണ്ട ആവശ്യമില്ല. കോള, സോഡ, സ്‌ക്വാഷ് എന്നിവ കഴിയാവുന്നതും ഒഴിവാക്കുക. ഇവയ്ക്കു പകരമായി ജീരകവെള്ളം, ഉലുവവെള്ളം, നാരങ്ങാവെള്ളം, കഞ്ഞിവെള്ളം, മോരുംവെള്ളം, തിളപ്പിച്ചാറിയ വെള്ളം, സംഭാരം എന്നിവ ധാരാളം കുടിക്കുക. പ്രതിദിനം എട്ടു മുതല്‍ പത്തു ഗ്ലാസ് വെള്ളം കുടിക്കണം.
പാലുത്പന്നങ്ങള്‍ മിതപ്പെടുത്താം
പാലുല്‍പന്നങ്ങളായ പാല്‍, തൈര്, വെണ്ണ, നെയ്യ് എന്നിവയില്‍ കൊഴുപ്പ് കൂടുതലായി ഉള്ളതിനാല്‍ ഇവ അളവുകുറച്ച് ഉപയോഗിക്കുക. കൊഴുപ്പുമാറ്റിയ പാലുകൊണ്ടുണ്ടാക്കിയ തൈര് ദിവസേന ഉപയോഗിക്കുന്നതു ദഹനത്തെ സഹായിക്കും. തൈരില്‍ അടങ്ങിയിരിക്കുന്ന ഘമരീേയമരശഹൗ െആമരലേൃശമ ദഹനത്തെ സഹായിക്കും. ആസ്തമ അലര്‍ജി ഉള്ളവര്‍ തൈരിനു പകരം കാച്ചിയ മോരു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ആന്റി ഓക്‌സിഡന്റ്‌സ് അടങ്ങിയ ഭക്ഷണം ശീലിക്കാം
ശരീരത്തെ സംരക്ഷിക്കുന്ന ആന്റി ഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീ, ഡാര്‍ക്ക് ചോക്ലേറ്റ്(ഇതില്‍ കൊക്കോയുടെ അളവ് കൂടുതലാണ്) എന്നിവ കഴിക്കണം. ഗ്രീന്‍ടീ പലതവണ തിളപ്പിച്ച് ഗുണനിലവാരം നഷ്ടപ്പെടുത്തരുത്.
പച്ചമുളക്, നെല്ലിക്ക, നാരങ്ങ, കാന്താരിമുളക്, ഉലുവ, സവാള, ഉള്ളി, ഇരുമ്പന്‍പുളി ഇവയെല്ലാം ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. ഇവ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ വേവിച്ചു ഗുണനിലവാരം നഷ്ടപ്പെടാതെ നോക്കണം.
പ്രധാന ഭക്ഷണനേരങ്ങള്‍ ശ്രദ്ധിക്കണം
പ്രധാന ഭക്ഷണനേരങ്ങളായ രാവിലെ, ഉച്ച, രാത്രി എന്നീ സമയങ്ങളിലെ ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. സസ്യഭുക്കുകളാണെങ്കില്‍ പയറുവര്‍ഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണം. മാംസാഹാരങ്ങള്‍ കഴിക്കുന്നവര്‍ മീന്‍ കഴിക്കണം. അന്നജം കഴിക്കുമ്പോള്‍ മാംസ്യം ഉള്‍പ്പെടുത്തിയ ഭക്ഷണം കഴിക്കേണ്ടത് അവശ്യമാണ്.
ഉപ്പും പഞ്ചസാരയും ആവശ്യത്തിനുമാത്രം
ഉപ്പും പഞ്ചസാരയും ശരീരത്തിന് ആവശ്യമായ അളവില്‍ മാത്രം കഴിക്കുക. പ്രതിദിനം 8 മുതല്‍ 10 ഗ്രാം ഉപ്പും 15 മുതല്‍ 20 ഗ്രാം പഞ്ചസാരയുമാണു ഒരു വ്യക്തിക്ക് ആവശ്യമായിട്ടുള്ളത്. കൂടുതല്‍ ശാരീരികാധ്വാനം ചെയ്യുന്നവരാണെങ്കില്‍ വിയര്‍പ്പിലൂടെ സോഡിയം, പൊട്ടാസ്യം എന്നിവ നഷ്ടപ്പെടും. അതിനാല്‍ ആവശ്യമുള്ള അളവില്‍ ഉപ്പും പഞ്ചസാരയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഊര്‍ജം കൂടുതല്‍ വേണ്ട
ഊര്‍ജം കൂടുതല്‍ അടങ്ങിയ കിഴങ്ങുവര്‍ഗങ്ങളായ ചേന, ചേമ്പ്്, കപ്പ, കാച്ചില്‍, ഉരുളക്കിഴങ്ങ് എന്നിവ കൂടുതലായി കഴിക്കരുത്. ഇവ ചോറിനൊപ്പം കഴിക്കുകയാണെങ്കില്‍ ചോറിന്റെ അളവിലും കിഴങ്ങുവര്‍ഗത്തിന്റെ അളവിലും നിയന്ത്രണം വേണം. അതായതു ചോറിന്റെയോ കിഴങ്ങുവര്‍ഗത്തിന്റെയോ അളവു നിയന്ത്രിക്കണം.
ലഘുഭക്ഷണങ്ങളായ ചിപ്‌സ്, വിവിധതരം ഉപ്പേരികള്‍, എണ്ണയില്‍ വറുത്ത ഇറച്ചി, മീന്‍, മുട്ട എന്നിവ മിതപ്പെടുത്തണം. ബേക്കറി ഉല്‍പന്നങ്ങളായ പഫ്‌സ്, കട്‌ലറ്റ്, സമോസ, ബര്‍ഗര്‍, കേക്ക്, പേസ്ട്രി, പ്രിസര്‍വേറ്റീവുകള്‍ ഉളള ജാം, സ്‌ക്വാഷ്, മധുരപലഹാരങ്ങളായ പായസം, ഐസ്‌ക്രീം, മില്‍ക്‌ഷേയ്ക് എന്നിവയുടെ ഉപയോഗവും മിതപ്പെടുത്തണം.
ചുവന്ന മാംസങ്ങളായ പോത്തിറച്ചി, ആട്ടിറച്ചി, കോഴിയിറച്ചി, പന്നിയിറച്ചി, കക്കയിറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയില്‍ ഊര്‍ജവും കൊഴുപ്പും കൂടുതലാണ്. ഇവയുടെ ഉപയോഗത്തിലും നിയന്ത്രണം വേണം.
ഉണങ്ങിയ പഴങ്ങളുടെ ഉപയോഗം മിതപ്പെടുത്താം
ഉണങ്ങിയ പഴങ്ങളായ കിസ്മിസ്, ഈന്തപ്പഴം എന്നിവയുടെ ഉപയോഗം മിതപ്പെടുത്തണം. തൊലിയോടുകൂടിയ കശുവണ്ടിപ്പരിപ്പ്, ബദാം എന്നിവയില്‍ ഫാറ്റി ആസിഡ് ധാരാളമായുണ്ട്. ഇവ കഴിക്കുന്നത് നല്ലതാണ്.
മൈദ ഉത്പന്നങ്ങള്‍ സ്ഥിരമാക്കരുത്
തവിട് നീക്കം ചെയ്ത ഭക്ഷണപദാര്‍ഥമായ മൈദയുടെ ഉപയോഗം കുറയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. മൈദ ഉത്പന്നങ്ങളായ ബ്രഡ്, ബണ്‍, പൊറോട്ട എന്നിവയുടെ ഉപയോഗം സ്ഥിരമാക്കരുത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha