കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്
സ്‌കൂളില്‍ പോയി തുടങ്ങുന്ന കുട്ടികളുടെ ആഹാരകാര്യത്തിലാണ് അമ്മമാര്‍ക്ക് ആശങ്ക ഏറെയും. ധാന്യം, പയര്‍, പച്ചക്കറികള്‍, എണ്ണ പാല്‍ എന്നീ അഞ്ചു ഘടങ്ങള്‍ കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം (ദിവസവും ഒരു മുട്ടയും ഒരു ഇലക്കറിയും ഉള്‍പ്പെടുത്തണം). ഈ അഞ്ചു ഗ്രൂപ്പുകളുടെ മിശ്രണമായിരിക്കണം ഭക്ഷണം. കുട്ടികളില്‍ രോഗപ്രതിരോധ ശക്തിയും കണക്കുകൂട്ടുന്നതിനുള്ള കഴിവും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ കൃത്യമായ അളവിലുള്ള പ്രഭാത ഭക്ഷണം നിര്‍ബന്ധമാണ്. ദോശയോ ഇഡ്ഡലിയോ പുട്ടോ ഏത്തപ്പഴമോ ആവാം. അവയോടൊപ്പം കടലക്കറിയോ മുട്ടയോ സാമ്പാറോ കൊടുത്താല്‍ പോഷകങ്ങള്‍ സമീകൃതമായി. ഓരോ നേരത്തെ ഭക്ഷണത്തോടൊപ്പവും അല്‍പം പച്ചക്കറികള്‍ കൂടി പ്ലേറ്റിലോ ചോറ്റുപാത്രത്തിലോ വയ്ക്കുക. ആദ്യത്തെ കുറച്ചു ദിവസം അവഗണിച്ചെന്നു വരാം. വീണ്ടും കൊടുത്തു കൊണ്ടേയിരുന്നാല്‍ ക്രമേണ കുട്ടി കഴിച്ചു തുടങ്ങും. ഉച്ചഭക്ഷണത്തിന് എന്നും ചോറു നല്‍കാതെ വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ നല്‍കാം. സമ്പൂര്‍ണ ഉച്ചഭക്ഷണമാണു വെജിറ്റബിള്‍ പുലാവ്. അരി വേവിച്ച് ഗ്രാമ്പുവും, പട്ടയും, വേവിച്ച പച്ചക്കറികളും പട്ടാണിയും അല്‍പം വഴറ്റിയ സവാളയും ചേര്‍ത്തു പുലാവുണ്ടാക്കാം. ഇതോടൊപ്പം തൈരുചേര്‍ത്ത സാലഡും മല്ലിയില ചട്ട്ണിയും കൊടുത്താല്‍ സമീകൃതാഹാരമായി.
തക്കാളിച്ചോറും മുട്ടയും സാലഡും ചേര്‍ത്തു നല്‍കുന്നതും നല്ലതാണ്. ഇടവേളകളിലും നാലുമണിക്കും കഴിക്കാന്‍ ഈന്തപ്പഴവും അണ്ടിപ്പരിപ്പും നല്‍കുന്നതു നല്ലതാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളായ മത്സ്യം, ഇറച്ചി, നട്‌സ്, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, പാല്‍, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധ ശക്തി കൂട്ടുന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കും. വിറ്റമിന്‍ സി അടങ്ങിയ നെല്ലിക്കയും നാരങ്ങയും തക്കാളിയും ദിവസേന ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മഞ്ഞയും ഓറഞ്ചും നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ്. കുട്ടികള്‍ ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. വാട്ടര്‍ബോട്ടിലില്‍ തിളപ്പിച്ചാറിയ വെള്ളമോ നാരങ്ങവെള്ളമോ സംഭാരമോ കൊടുത്തു വിടാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha