അനിയനേയും ചുമന്ന് 57 മൈല്‍ നടന്നു!
സെറിബ്രല്‍ പാള്‍സി ബാധിച്ച അനിയനെ മുതുകിലേറ്റി 57 മൈല്‍ ദൂരമാണ് മൂന്നു ദിവസം കൊണ്ട് അമേരിക്കയിലെ മിഷിഗണിലുള്ള ഒരു പതിനഞ്ചുകാരന്‍ നടന്നത്. ഈ രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് ഹണ്ടര്‍ ഗാന്‍ഡി എന്ന ബാലന്‍ ഈ പദയാത്ര നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അനിയന്‍ ബ്രാഡനെ മുതുകില്‍ ചുമന്ന് മിഷിഗണിലെ ലാംബെല്‍വില്ലില്‍ നിന്നും ഹണ്ടര്‍ നടക്കാന്‍ തുടങ്ങിയത്. ഞായറാഴ്ച 4 മണിയോടെ രണ്ടു പേരും ആന്‍ അര്‍ബറിലുള്ള മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചേര്‍ന്നു.
അവസാന പാദ യാത്രയില്‍ അവരോടൊപ്പം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേര്‍ന്നു. അമേരിക്കയില്‍ ദേശീയ മാധ്യമ ശ്രദ്ധ നേടിയ ഇവരുടെ ഈ യാത്ര രണ്ടാമത്തേതാണ്.
സെറിബ്രല്‍ പാള്‍സിയുള്ള തന്റെ അനിയനെ പോലുള്ളവര്‍ പഠിക്കുന്ന സ്‌കൂളില്‍ ഇവരെ പോലുള്ളവര്‍ക്ക് എത്തിച്ചേരാനും കളിയ്ക്കാനും സൗകര്യമുള്ള വിധത്തിലൊരു കളിക്കളം സജ്ജീകരിക്കുന്നതിന് 200000 ഡോളര്‍ സമാഹരിക്കേണ്ടിയിരിക്കുന്നു എന്നും യാത്രക്കിടയില്‍ ഹണ്ടര്‍ അറിയിച്ചു.
ഗര്‍ഭാവസ്ഥയില്‍ തലച്ചോറിന്റെ ഭാഗങ്ങള്‍ ശരിയായി വികാസം പ്രാപിക്കാത്തതിനാലോ, മറ്റേതെങ്കിലും വിധത്തില്‍ തലച്ചോറിലെ ഭാഗങ്ങള്‍ക്ക് നാശം സംഭവിക്കുന്നതിനാലോ ഒക്കെയുണ്ടാകുന്നതാണ് സെറിബ്രല്‍ പാള്‍സി. ഈ രോഗം വന്നതിനുശേഷം ചികിത്സിച്ചു മാറ്റാനാവില്ലെങ്കിലും , ഗര്‍ഭിണികള്‍ക്ക് ചില പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയാല്‍ ഒരു പരിധി വരെ ഈ രോഗാവസ്ഥ ഉണ്ടാകുന്നത് ഒഴിവാക്കാനാവുമെന്നാണ് കരുതുന്നത്.
ഈ അസുഖമുള്ള കുഞ്ഞുങ്ങള്‍ കമിഴ്ന്നു വീഴാനും നടക്കാനും ഇരിയ്ക്കാനുമൊക്കെ വൈകും. ശിശുവായിരിക്കുമ്പോള്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ വെളിപ്പെടും. എങ്കിലും പ്രായമേറുന്തോറും കൂടുതല്‍ വഷളാവുകയില്ല. ഓരോ കുഞ്ഞിലും ഇതിന്റെ ഗൗരവം വ്യത്യസ്തമായിരിക്കും.
സ്പര്‍ശനശേഷിയില്ലായ്മ, കാഴ്ച-കേള്‍വി ശക്തി ഇല്ലായ്മ, സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം വിശകലനം ചെയ്യാനുള്ള കഴിവില്ലായ്മ എന്നിങ്ങനെയുള്ള സ്ഥിതി വിശേഷം മുതല്‍ ചിലരില്‍ വിറയല്‍, കോച്ചി പിടുത്തം വരെ ഈ അസുഖത്തിന്റെ ഭാഗമായുണ്ടായേക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha