ടോണിക്കില്ലാതെ വിളര്‍ച്ചയെ പ്രതിരോധിക്കാം
മുഖലക്ഷണം മാത്രം നോക്കി കണ്ടുപിടിക്കാവുന്ന രോഗമാണ് വിളര്‍ച്ച. മുഖം രക്തപ്രസാദമില്ലാതെ വിളറി വെളുത്തിരിക്കും. വിളര്‍ച്ച നിസ്സാരമെന്നു കരുതി തള്ളിക്കളയണ്ട. വിട്ടുമാറാത്ത ക്ഷീണവും തളര്‍ച്ചയും മുതല്‍ ഗുരുതരമായ ഹൃദ്രോഗത്തിനു വരെ വിളര്‍ച്ച കാരണമായെന്നു വരും.
ആര്‍ത്തവ രക്തനഷ്ടവുമായി ബന്ധപ്പെട്ട് സ്ത്രീകളിലാണ് അനീമിയ കൂടുതലായി കണ്ടുവരുന്നത്. ഓരോ ആര്‍ത്തവ കാലത്തും 15 മുതല്‍ 30 മില്ലീഗ്രാം വരെ അയണ്‍ ശരീരത്തില്‍ നിന്നും നഷ്ടപ്പെടുന്നുണ്ട്. അയണ്‍ കൂടുതലായി ആവശ്യമുള്ള ഗര്‍ഭിണികളിലും വളരുന്ന പ്രായത്തില്‍ കുട്ടികളിലും വിളര്‍ച്ച സാധാരണമാണ്. പാചകത്തിനുള്ള വിഭവങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും പാചക രീതിയിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരു ടോണിക്കും വാങ്ങി കഴിക്കാതെ തന്നെ അനീമിയയുടെ പ്രശ്‌നങ്ങളെ മറി കടക്കാം.
ക്ഷീണം, തളര്‍ച്ച, ഉത്സാഹക്കുറവ്, തലവേദന, തലകറക്കം. ഏകാഗ്രതക്കുറവ്, ഹൃദയാരോഗ്യം ദുര്‍ബലമാകുന്നതിനെ തുടര്‍ന്ന് കിതപ്പും ശ്വാസം മുട്ടലും, നെഞ്ചിടിപ്പ്, കാലില്‍ നീര് തുടങ്ങിയവയൊക്കെ വിളര്‍ച്ചയുടെ സാധാരണ ലക്ഷണങ്ങളാണ്.
കൂടാതെ അനീമിയ ഉള്ളവരില്‍ കണ്ടു വരുന്ന കൗതുകകരമായ ഒരു ലക്ഷണമാണ് പൈക്ക. കല്ലും കട്ടയും കൂടാതെ അരി, പേപ്പര്‍ പെയിന്റ്, തടി, പ്ലാസ്റ്റിക് എന്നിവ കണ്ടാല്‍ തിന്നാന്‍ തോന്നുന്നതാണ് ഈ ലക്ഷണം.
ഭക്ഷണ സാധനങ്ങളില്‍ രണ്ടു തരത്തിലുള്ള അയണാണുള്ളത്. മത്സ്യത്തിലും മാംസത്തിലും കൂടുതലായി അടങ്ങിയിട്ടുള്ള ഹീം അയണ്‍ പെട്ടെന്നു തന്നെ ആഗിരണം ചെയ്യപ്പെടും. എന്നാല്‍, ധാന്യങ്ങളിലും ഇലക്കറികളിലുമൊക്കെ അടങ്ങിയിരിക്കുന്ന നോണ്‍ഹീം അയണ്‍ ഫൈറ്റേറ്റുകളുടെയും ഓക്‌സലേറ്റുകളുടെയും ഫൈബറിന്റെയുമൊക്കെ സാന്നിധ്യം മൂലം നന്നായി ആഗിരണം ചെയ്യപ്പെടുന്നില്ല. അതുകൊണ്ട് തികഞ്ഞ സസ്യഭുക്കുകളുടെ ഇടയില്‍ വിളര്‍ച്ചയ്ക്കുള്ള സാധ്യതകൂടുതലാണ്. വെജറ്റേറിയന്‍സ് അയണ്‍ കൂടുതല്‍ അടങ്ങിയിട്ടുള്ള ബേക്കഡ് ബീന്‍സ്, ചുവന്ന കിഡ്‌നി ബീന്‍സ്, തുവര, പഴവര്‍ഗങ്ങളായ അത്തിപ്പഴം, ചുവന്നമുന്തിരി, ഉണങ്ങിയ ആപ്രിക്കോട്ട് തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
പാലോ പാല്‍ ഉല്പന്നങ്ങളോ കഴിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. പാലുല്പന്നങ്ങളിലുള്ള കാത്സ്യം ഇരുമ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതുകൊണ്ട് ആഹാരം കഴിച്ച് ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞു മാത്രമേ പാല്‍ കുടിക്കാവൂ.
ഇരുമ്പു പാത്രങ്ങള്‍ പാചകത്തിനുപയോഗിക്കുമ്പോള്‍ പാത്രത്തില്‍ നിന്നുള്ള ഇരുമ്പിന്റെ അംശം ഭക്ഷണത്തില്‍ കലരും. ഇത് വിളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു പരിധി വരെ സഹായിക്കും.
വല്ലപ്പോഴും ഇരുമ്പിന്റെ ചീനച്ചട്ടിയില്‍ മെഴുക്കു പുരട്ടി ഉണ്ടാക്കി കഴിക്കുന്നതും അമ്ലഗുണമുള്ള റ്റുമാറ്റോ സൂപ്പും റ്റുമാറ്റോ സോസും പാകം ചെയ്തു കഴിക്കുന്നതും വിളര്‍ച്ചയെ തടയാന്‍ നല്ലതാണ്. എന്നാല്‍, ഉപയോഗിക്കുന്ന ഇരുമ്പു പാത്രത്തില്‍ തുരുമ്പില്ല എന്ന് ഉറപ്പാക്കണം.
രക്തത്തിലെ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയാണ് അനീമിയ. പുരുഷന്മാരില്‍ 13 മുതല്‍18 ഗ്രാം വരെയും സ്ത്രീകളില്‍ 12 മുതല്‍ 16 ഗ്രാം വരെയുമാണ് ഹീമോഗ്ലോബിന്റെ സാധാരണ അളവ്. കുട്ടികളില്‍ 12 മുതല്‍ 14 വരെയാണ് ഹീമോഗ്ലോബിന്റെ നില. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോള്‍ രക്തത്തിലെ ഓക്‌സിജന്‍ വാഹകശേഷി കുറയുന്നു. രക്ത നഷ്ടം മൂലവും പോഷകാംശക്കുറവ് കൊണ്ടും ഹീമോഗ്ലോബിന്‍ കുറയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha