ടാൻസാനിയയിൽ നിന്നും അംഗോളയിലെത്തിയ മൂന്ന് യാത്രക്കാരെ പരിശോധിച്ചു; വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വൈറസിന് സംഭവിച്ചിരിക്കുന്നത് 34 ജനിതകമാറ്റങ്ങൾ, ആർക്കും തടയാനാകാത്ത മാരകശക്തിയായി കോവിഡ് മാറിയേക്കുമെന്ന ആശങ്ക
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം ലോകമെമ്പാടും അലയടിക്കുകയാണ്. ആർക്കും തടയാനാകാത്ത മാരകശക്തിയായി കോവിഡ് മാറിയേക്കുമെന്ന ആശങ്ക കനപ്പിച്ചുകൊണ്ട് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുകയാണ്. ടാൻസാനിയയിൽ നിന്നും അംഗോളയിലെത്തിയ മൂന്ന് യാത്രക്കാരെ പരിശോധിച്ചതിൽ നിന്നാണ് ലോകത്തെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നത്. ഇവരിൽ കണ്ടെത്തിയ കൊറോണ വൈറസിന് സംഭവിച്ചിരിക്കുന്നത്, ജനിതകമാറ്റം സംഭവിച്ച മറ്റൊരു വകഭേദത്തിലും കണ്ടെത്താനാകാത്തത്ര ജനിതകമാറ്റങ്ങളാണ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
അതായത് വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ആദ്യ കൊറോണയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വൈറസിന് സംഭവിച്ചിരിക്കുന്നത് 34 ജനിതകമാറ്റങ്ങളാണ്. ഇതിൽ 14 എണ്ണം സംഭവിച്ചിരിക്കുന്നത് വൈറസ് മനുഷ്യകോശത്തിലേക്ക് പ്രവേശിക്കുവാൻ ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് എന്നതാണ് ഏറ്റവുമധികം ഭയപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ടാൻസാനിയയിൽ നിന്നും അംഗോളയിലെത്തിയ മൂന്ന് പേരിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചത് തന്നെ.
ഇതുകൂടാതെ ബ്രിട്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തിന് ആദ്യ വൈറസിൽ നിന്നും 17 ജനിതകമാറ്റങ്ങളായിരുന്നു സംഭവിച്ചിരുന്നത് ഇതിൽ എട്ടെണ്ണം സ്പൈക്ക് പ്രോട്ടീനിലായിരുന്നുവെന്നും അധികൃതർ പറഞ്ഞു. സൗത്ത് ആഫ്രിക്കൻ വകഭേദത്തിന് ഇതിലും കുറവായിരുന്നു ജനിതകമാറ്റങ്ങൾ. വുഹാൻ കൊറോണയുടെ പരമ്പരയിൽ പെട്ട ഏറ്റവും വ്യത്യസ്തമായ വൈറസിന് എ. വി ഒ ഐ. വി 2 എന്നാണ് ഔദ്യോഗികമായി നാമകരണംചെയ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഇത് എത്രത്തോളം അപകടകാരിയാണ് എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും തന്നെ അധികൃതർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗവേഷണ ആവശ്യത്തിന് മതിയാകാത്തത്ര സാമ്പിളുകൾ ലഭിക്കാത്തതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള ഒരു വിഘാതം എന്നത്. സംഭവിച്ച ജനിതകമാറ്റങ്ങളുടെ എണ്ണത്തിൽ മാത്രമാണ് ഇപ്പോൾ ആശങ്ക നൽകുന്നത്. അതൊക്കെ രോഗവ്യാപനം തടയുന്നതിന് നിലവിലുള്ള പ്രവർത്തനങ്ങളെ എപ്രകാരം ബാധിക്കുമെന്നതിനെ കുറിച്ച് വ്യക്തത കൈവരിച്ചിട്ടില്ല.
എന്നാൽ ഏവരെയും ആശങ്കയിലാഴ്ത്തുന്ന മറ്റൊരു കാര്യം എന്നത് ടാൻസാനിയയിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ഇത് കണ്ടെത്തിയത് എന്നതാണ്. കോവിഡ് രോഗികളുടെ വിവരങ്ങൾ ക്രമപ്രകാരം സൂക്ഷിക്കാത്ത ഒരു രാജ്യമാണ് ടാൻസാനിയ. ഇത്രയധികം ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയെങ്കിൽ, ഇതിനേക്കാൾ അധികം ജനിതകമാറ്റങ്ങൾ സംഭവിച്ച വൈറസും പലയിടങ്ങളിലായി ഉണ്ടാകാനിടയുണ്ട് എന്നാണ് ശാസ്ത്രലോകം സൂചിപ്പിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ആന്റിബോഡികൾ ഓരോന്നും നിശ്ചിത വൈറസുകൾക്ക് എതിരെ പ്രതിരോധ ശേഷിയുള്ളവയാണ്. ജനിതകമാറ്റം സംഭവിച്ച വൈറസുകളെ കണ്ടെത്താൻ ഒരുപക്ഷെ ഇവയ്ക്ക് സാധിച്ചെന്നുവരില്ല. അത്തരം സാഹചര്യങ്ങളിൽ, ആന്റിബോഡികളെ കബളിപ്പിച്ച് വൈറസുകൾക്ക് മനുഷ്യകോശങ്ങളിൽ പ്രവേശിക്കാനും സാധ്യത ഏറെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ വാക്സിൻ തീർക്കുന്ന പ്രതിരോധത്തെ ഭാഗികമായെങ്കിലും ഇല്ലാതെയാക്കാൻ ഇവയ്ക്ക് കഴിയുമെന്നർത്ഥം.
https://www.facebook.com/Malayalivartha