കൊവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ വളരെയധികം ഭീഷണി ഉയർത്തുന്നു; പേടിക്കണ്ട വഴിയുണ്ട് നിർബന്ധമായും ഇതെല്ലാം ചെയ്യുക; ഒരു പരിധി വരെ സുരക്ഷ ഉറപ്പ്
കൊവിഡിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ വളരെയധികം ഭീഷണി ഉയർത്തുന്നുണ്ട്. ജനിതകമാറ്റം വന്ന വൈറസ് നിസ്സാരക്കാരനല്ല എന്ന സത്യം മനസ്സിലാക്കുക.
അതിജാഗ്രത വേണം ആശങ്കയും ഭീതിയും ഉണർത്തുന്ന സാഹചര്യമാണ് നമുക്ക് ചുറ്റും ഉള്ളത് സർക്കാരും ജില്ലാ ഭരണകൂടവും ലോക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും കോവിഡ് നിയന്ത്രണവിധേയമാകുന്നില്ല. ഈ ഘട്ടത്തിൽ കോവിഡിനെ പൊരുതി തോൽപ്പിക്കാൻ ജാഗ്രതമാത്രമാണ് മുന്നിൽ ഉള്ള ഒരേയൊരു വഴി. ജനിതകമാറ്റം വന്ന കൊറോണ വൈറസ് നിസ്സാരക്കാരനല്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു കഴിഞ്ഞു.
ശരീര സ്രവങ്ങളിൽനിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വായിൽനിന്നു തെറിക്കുന്ന സ്രവകണികയിൽ വൈറസുണ്ടാകും. വായും മൂക്കും മൂടാതെയിരിക്കുമ്പോൾ ഇവ വായുവിലേക്കു പടരുകയും അത് അടുത്ത് നിൽക്കുന്ന ആൾക്ക് പകരുകയും ചെയ്യും.
ഈ കാര്യങ്ങളൊക്കെ നമുക്ക് അറിയാമല്ലോ. വൈറസിന്റെ സാന്നിധ്യമുള്ളയാളെ തൊടുമ്പോഴും അയാൾക്കു കൈകൊടുക്കുമ്പോഴും രോഗം മറ്റൊരാളിലേക്കു പടരുന്നു. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ തൊട്ടാലും രോഗംപടരും.
വൈറസ് രണ്ടുദിവസംവരെ നശിക്കാതെ നിൽക്കും. അതുകൊണ്ടുതന്നെ കോവിഡിനെ പ്രതിരോധിക്കാൻ വാക്സിൻ എന്ന വലിയ വാതിൽ നമുക്ക്മുൻപിൽ തുറക്ക പെട്ടിരിക്കുകയാണ്
18 വയസ്സിനു മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണം. പൊതുസ്ഥലങ്ങളിൽ ശാരീരികാകലം പാലിക്കണം. കൃത്യമായി മൂക്കും വായും മൂടുന്നതരത്തിൽ മുഖാവരണം ധരിക്കണം. കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു ശുചിയാക്കണം.
ഒരിക്കലും ചെയ്തു കൂടാത്ത ചില കാര്യങ്ങളും ഉണ്ട് അത് നാം ഒരിക്കലും ചെയ്യരുത് എന്ന് ദൃഢപ്രതിജ്ഞ എടുക്കുക. സംസാരിക്കുമ്പോൾ മുഖാവരണം താഴ്ത്തി സംസാരിക്കുക, തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിക്കുക, അകലംപാലിക്കാതെ അടുത്തിടപഴകുക.
വായുസഞ്ചാരം ഇല്ലാത്ത അടഞ്ഞ മുറികളിൽ അധികംപേർ ഒന്നിച്ചുകൂടുക, പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാതിരിക്കൽ, കഴുകാത്ത കൈകൾകൊണ്ട് കണ്ണ്, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടൽ, പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളുള്ളവരോട് അടുത്തിടപഴകൽ, അനാവശ്യമായ ആശുപത്രിസന്ദർശനങ്ങൾ, രോഗബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര.
ഒരാൾ കോവിഡ് ബാധിതനെന്നു തിരിച്ചറിഞ്ഞാൽ ഉടൻ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണം. ആരുമായും സമ്പർക്കത്തിൽ ഏർപ്പെടാതെ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിക്കണം. കോവിഡ് രോഗലക്ഷണങ്ങളില്ലാതെ ആരോഗ്യമുള്ളവർക്ക്/ ലഘു രോഗലക്ഷണങ്ങൾ ഉള്ളവർ കോവിഡ് പ്രോട്ടകോൾ അനുസരിച്ചുള്ള സൗകര്യമുണ്ടെങ്കിൽ സ്വന്തം വീടുകളിൽ ക്വാറന്റീനിൽ കഴിയാം.
ശുചിമുറിസൗകര്യമുള്ള മുറി, അസുഖമില്ലാത്തതും ആരോഗ്യമുള്ളതുമായ ഒരു സഹായി, ബുദ്ധിമുട്ട് എന്തെങ്കിലും തോന്നിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കാനുള്ള സംവിധാനം, വേഗത്തിൽ ആശുപത്രിയിലെത്തിക്കുന്നതിനുള്ള സാഹചര്യം എന്നിവ കോവിഡ് രോഗബാധിതർക്ക് ആവശ്യമാണ്.
രോഗം മൂർച്ഛിച്ചാൽ വിദഗ്ധചികിത്സയ്ക്കായി കോവിഡ് ആശുപത്രികളിലേക്കു മാറ്റും എന്ന കാര്യം മറക്കരുത്. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കണം. ഹോം ഐസൊലേഷൻ എന്നത് റൂം ഐസൊലേഷനാണ്. അതിനാൽ മുറിക്കു പുറത്തിറങ്ങാൻ പാടില്ല.
ഇടയ്ക്കിടയ്ക്ക് കൈകൾ അണുവിമുക്തമാക്കണം. എന്തെങ്കിലും സാഹചര്യംകൊണ്ട് മുറിക്കു പുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ എല്ലാം അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മുഖാവരണം ധരിക്കണം.
പൾസ് ഓക്സിമീറ്റർ വീട്ടിൽ കരുതുന്നത് നന്നായിരിക്കും. പൾസ് ഓക്സിമീറ്ററിലൂടെ കാണിക്കുന്ന ഓക്സിജന്റെ അളവ്, നാഡിമിടിപ്പ് എന്നിവയും ഉറക്കവും മറ്റു രോഗലക്ഷണങ്ങളും ദിവസവും ഒരു ബുക്കിൽ കുറിച്ചുവെക്കാം.
രക്തത്തിലെ ഓക്സിജന്റെ അളവു കുറയുന്നത് കോവിഡ് രോഗിയെ ഗുരുതരാവസ്ഥയിലാക്കും. അതിനാൽ പൾസ് ഓക്സിമീറ്റർകൊണ്ട് ദിവസവും രക്തത്തിലെ ഓക്സിജന്റെ അളവു പരിശോധിക്കണം.
https://www.facebook.com/Malayalivartha