കൊവിഡിനെ പ്രതിരോധിക്കണോ? മഞ്ഞൾ പാലും ഡാർക്ക് ചോക്ലേറ്റും കഴിക്കാൻ നിർദ്ദേശിച്ച് കേന്ദ്രസർക്കാർ...
കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ തവണ ആളുകൾ ചർച്ച ചെയ്തിട്ടുണ്ടാകുക രോഗപ്രതിരോധശേഷിയെ കുറിച്ചാണ്. കോവിഡിനെ ചെറുക്കാൻ ആരോഗ്യമുള്ള പ്രതിരോധശേഷി കൂടുതലുള്ള ശരീരമാണ് നമുക്ക് ആവശ്യം.
ഈ സമയത്ത് കൊവിഡിനെ ചെറുക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി കുറഞ്ഞവരിൽ രോഗം വളരെ പെട്ടെന്ന് പിടിപെടാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് കൊവിഡിനെ ചെറുക്കാന്‍ മാത്രമല്ല, മറ്റേത് രോഗങ്ങള്‍ ചെറുക്കാനും സഹായകമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നു.
കേന്ദ്ര സർക്കാരിന്റെ ട്വിറ്റർ ഹാൻഡിൽ ആയ mygovindiaൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ചില ഭക്ഷണങ്ങളെ കുറിച്ച് പറയുന്നുണ്ട്. പേശികളുടെ ബലത്തിനും ശരീരത്തിന്റെ ഊർജത്തിനും പ്രതിരോധശേഷി കൂട്ടാനുമായി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവയെ കുറിച്ചാണ് ട്വീറ്റ്.
കൊവിഡ് രോഗികളിൽ രുചിയും മണവും നഷ്ടമാകുന്നതിനാൽ വിശപ്പ് കുറയുകയും ഇത് മൂലം ഭക്ഷണം വേണ്ടെന്ന് തോന്നുകയും ചെയ്യും. ഇത് പേശികളുടെ ബലക്കുറവിനും കാരണമായേക്കാം. അതിനാൽ ചെറിയ ഇടവേളകളിൽ ലഘു ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണം ഉൾപ്പെടുത്തേണ്ടതും അത്യാവശ്യമാണ്.
വിറ്റാമിൻസും മിനറൽസും ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കോവിഡ് കാലത്ത് ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവും സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. കുറഞ്ഞത് 70 ശതമാനമെങ്കിലും കൊക്കോ അടങ്ങിയിട്ടുള്ള ഡാർക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും.
വീട്ടിൽ പ്രായമായവർ സ്ഥിരമായി പറയുന്ന കാര്യമാണ് പാലും മഞ്ഞളും ചേർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങളെ പറ്റി. രോഗപ്രതിരോധശേഷി കൂട്ടാൻ ഇതിലും മികച്ചൊരു വഴിയില്ല. പാലും മഞ്ഞളും ചേർത്ത് ദിവസവും കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും.
കോവിഡ് രോഗികളും രോഗമുക്തരായവരും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില കാര്യങ്ങൾ നോക്കാം. റാഗി, ഓട്സ്, അമരന്ത് പോലുള്ള ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോട്ടീന്റെ ഉറവിടങ്ങളായ ചിക്കൻ, മത്സ്യം, മുട്ട, പനീർ, സോയ, പരിപ്പ്, വിത്ത്. വാൽനട്ട്, ബദാം, ഒലിവ് ഓയിൽ, കടുക് എണ്ണ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ആവശ്യത്തിന് വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിന് പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് കഴിക്കുക. ഉത്കണ്ഠ കുറയ്ക്കാൻ 70 ശതമാനം കൊക്കോ ഉള്ള ഡാർക്ക് ചോക്ലേറ്റ് ചെറിയ അളവിൽ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ദിവസത്തിൽ ഒരിക്കൽ മഞ്ഞൾ പാൽ കുടിക്കുക.
ചെറിയ ഇടവേളകളിൽ ലഘു ഭക്ഷണം കഴിക്കുക. ഭക്ഷണത്തിൽ ഉണക്ക മാങ്ങ ചേർത്ത് കഴിക്കുക. ബ്രീതിങ് എക്സസൈസ്, യോഗ പോലുള്ള വ്യായാമങ്ങളും നല്ലതാണ്.
https://www.facebook.com/Malayalivartha