ബ്ലാക്ക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസ്; ബ്ലാക്കിനെക്കാള്‍ അപകടകാരി വൈറ്റ്; ബിഹാറിലെ പട്‌നയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഫംഗസ് ബാധ; പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരം
ബ്ലാക്ക് ഫംഗസ് ബാധയുടെ ഭീകരത ആരോഗ്യ മേഖല അറിഞ്ഞു തുടങ്ങിയതെയുള്ളു. അതിനിടെയാണ് അതിലും വലിയ ഭീകരന്റെ കടന്നു വരവ്. വൈറ്റ് ഫംഗസ് എന്നാണ് പേരെങ്കിലും ആള് ബ്ലാക്ക് ഫംഗസിനെക്കാള്‍ ഭീകരനാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബ്ലാക്ക് ഫംഗസ് ബാധ ഇതിനോടകം ഇന്ത്യയില്‍ നിരവധി സംസ്താനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വൈറ്റ് ഫംഗസിന്റെ ആദ്യ റിപ്പോര്‍ട്ട് എത്തുന്നത് ബിഹാറില്‍ നിന്നാണ്. ബിഹാറിലെ തലസ്ഥാനമായ പട്‌നയില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ നാലു പേര്‍ക്കാണ് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.
ശ്വാസകോശം, ത്വക്ക്, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യഭാഗങ്ങള്‍, വായ, നഖം എന്നീ ശരീരഭാഗങ്ങളില്‍ രോഗം ബാധിക്കുന്നതിനാല്‍ ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകാരിയാണ് വൈറ്റ് ഫംഗസ്. കൊറോണ വൈറസ് ശ്വാസകോശത്തെ ബാധിക്കുന്ന സമാനരീതിയിലാണ് വൈറ്റ് ഫംഗസ് ശ്വാസകോശത്തെ പിടികൂടുന്നതെന്ന് രോഗികളില്‍ നടത്തിയ എച്ച്ആര്‍സിടി പരിശോധനയില്‍ കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്താന്‍ പ്രധാനമായും ഉപയോഗിക്കുന്ന സിടി സ്‌കാനാണ് എച്ച്ആര്‍സിടി.
വൈറ്റ് ഫംഗസ് ബാധ കണ്ടെത്തിയ രോഗികള്‍ കൊവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും കൊവിഡ് പരിശോധനയില്‍ നാല് പേരും നെഗറ്റീവ് ആയിരുന്നതായി പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മൈക്രോബയോളജി വിഭാഗം മേധാവിയായ ഡോ. എസ്.എന്‍. സിങ് പറഞ്ഞു. രോഗികളുടെ ശ്വാസകോശങ്ങള്‍ക്ക് അണുബാധ ഉണ്ടായിരുന്നതായും രോഗനിര്‍ണയത്തിന് ശേഷം ആന്റി ഫംഗല്‍ മരുന്നുകള്‍ നല്‍കിയതോടെ രോഗം ഭേദമായി. താരതമ്യേന പ്രതിരോധശേഷി കുറഞ്ഞവരില്‍ വൈറ്റ് ഫംഗസ് ബാധ കൂടുതല്‍ അപകടകരമായേക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
ദീര്‍ഘകാലമായി സ്റ്റിറോയ്ഡുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ക്ക് വൈറ്റ് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൃത്രിമമായി ഓക്സിജന്‍ സഹായം ലഭ്യമാക്കുന്ന കൊവിഡ് രോഗികളില്‍ വൈറ്റ് ഫംഗസ് രോഗം ബാധിക്കാം. അര്‍ബുദരോഗികളിലും പൂപ്പല്‍ ബാധക്കുള്ള സാധ്യതയേറെയാണ്.
സ്ത്രീകളിലും കുട്ടികളിലും വൈറ്റ് ഫംഗസ് രോഗബാധയുണ്ടാകുന്നതായും ഇതാണ് വെള്ളപോക്ക് അഥവാ ല്യുക്കോറിയയുടെ പ്രധാന കാരണം. ഓക്സിജന്‍ സംവിധാനവും വെന്റിലേറ്ററും ശരിയായ രീതിയില്‍ അണുവിമുക്തമാക്കുന്നത് വൈറ്റ് ഫംഗസ് രോഗത്തെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.
അതേസമയം രാജ്യത്തെ ഇതിനോടകം പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 90 പേരാണ് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചത്.
ഇന്നലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശി അനീഷയാണ് മരിച്ചത്. പ്രമേഹ രോഗികളും, കാന്‍സര്‍ രോഗികളും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha