മരണാനന്തര അവയവദാനം കുറയുന്നു; കാത്തിരിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായി തകരാറിലായ പതിനഞ്ചു രോഗികൾ
ജീവിതത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ഒട്ടേറെപ്പേരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് മരണാനന്തര അവയവദാനം കുറയുന്നു. സർക്കാരിന്റെ കീഴിലുള്ള കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെയറിങ്ങിന്റെ കണക്കുകൾപ്രകാരം ഈവർഷം ഇതുവരെ സംസ്ഥാനത്ത് നാലുപേരുടെ മരണാനന്തര അവയവദാനം മാത്രമാണ് നടന്നത്. 2019-ൽ 19 പേരുടെയും 2020-ൽ 21 പേരുടെയും മരണാനന്തര അവയവദാനം നടന്നിരുന്നു.
ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോവേണ്ടി കരൾ, വൃക്ക എന്നിവ ദാനം ചെയ്യുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.
അവയവദാനത്തിൽ ഏറ്റവും പ്രധാനം സമയമാണ്. മരിച്ച വ്യക്തിയുടെ കോവിഡ് പരിശോധനകൾക്ക് ഏറെ സമയം ആവശ്യമായി വരുന്നതും മറ്റു നടപടിക്രമങ്ങൾ പാലിക്കേണ്ടിവരുന്നതുമാണ് ഇപ്പോൾ മരണാനന്തര അവയവദാനങ്ങൾ കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
കൈകൾ മാറ്റിവെക്കുന്നതിനായി കൊച്ചി അമൃത ആശുപത്രിയിൽ 15 രോഗികൾ കാത്തിരിപ്പിലാണെന്ന് ക്ലിനിക്കൽ പ്രൊഫസറും സെന്റർ ഫോർ പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം മേധാവിയുമായ ഡോ. സുബ്രഹ്മണ്യ അയ്യർ പറയുന്നു.
ഹൃദയത്തിന്റെ പ്രവർത്തനം തീർത്തും തകരാറിലായ 15 രോഗികളാണ് അവയവമാറ്റത്തിനായി കാത്തിരിക്കുന്നതെന്ന് അഡൾട്ട് കാർഡിയോളജി, ഹാർട്ട് ട്രാൻസ്‌പ്ലാന്റേഷൻ വിഭാഗം ക്ലിനിക്കൽ പ്രൊഫസർ ഡോ. നവീൻ മാത്യു പറഞ്ഞു.
https://www.facebook.com/Malayalivartha