ഓര്‍മ്മകള്‍ നഷ്ടപ്പെട്ടവരെ ഓര്‍മ്മിക്കാം, ചേര്‍ത്തു നിര്‍ത്താം; അല്‍ഷെമേഴ്‌സ് ദിനത്തില്‍ അറിയാം രോഗത്തെ കുറിച്ചും പ്രതിവിധകളെ കുറിച്ചും
മനോഹര ഓര്‍മ്മകള്‍ പതിയെപ്പതിയെ നശിച്ച് എല്ലാം മറന്നു പോകുന്ന രോഗമാണ് അല്‍ഷെമേഴ്‌സ്. ഇന്ന് നിരവധി പേരാണ ഇത് മൂലം കഷ്ടത അനുഭവിക്കുന്നത്. ലോക അല്‍ഷെമേഴ്‌സ് ദിനമായ ഇന്ന് ആ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും സ്മൃതികള്‍ മറന്ന് പോയവര്‍ക്ക് കരുതലായി നില്‍ക്കുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ചാണ് ഓര്‍മ്മിപ്പിക്കുന്നത്. ഇന്ന് പലരും അല്‍ഷെമേഴ്‌സ് രോഗികളെ ഒരു ബാധ്യതയാണ് കാണുന്നത്. എന്നാല്‍ അവരെ ഇത്തരത്തില്‍ മാറ്റി നിര്‍ത്താതെ അവരെ ചേര്‍ത്തു നിര്‍ത്തുകയാണ് വേണ്ടത്. എന്താണ് അല്‍ഷെമേഴ്‌സ് എന്നും ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നും നോക്കാം.
എന്താണ് അല്‍ഷെമേഴ്‌സ് ?
മറവി ഉണ്ടാക്കുന്ന രോഗമാണ് അല്‍ഷെമേഴ്‌സ് അഥവാ മറവിരോഗം . തലച്ചോറിലെ തകരാര്‍ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം(ഓര്‍ഗാനിക് മെന്റല്‍ ഡിസ് ഓര്‍ഡര്‍ ഒഎംഡി).സാവധാനം മരണകാരണമാവുന്നതും ഇപ്പോള്‍ ചികിത്സയില്ലാത്തതുമായ ഒരു രോഗമാണ്.
ഡിമെന്‍ഷ്യ (മേധക്ഷയം)വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും ഇതാണ്. സാധാരണയായി പ്രായാധിക്യത്താല്‍ മസ്തിഷ്‌കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവര്‍ത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്‌കധര്‍മ്മത്തെ ബാധിക്കുന്ന ശാരീരിക, മാനസിക പ്രവര്‍ത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
പ്രശ്‌നത്തിന്റെ ഗൗരവം
അല്‍ഷെമേഴ്‌സ് രോഗം ബാധിച്ചവരായി ഇപ്പോള്‍ (2021 ), 66 മില്യണ്‍ ആളുകള്‍ ഉണ്ട് . 2050 ആവുമ്പോഴേക്കും ഇത് 115 മില്യണില്‍ എത്തും. രോഗിയുടെ ജീവതം നാശമാക്കുന്നതോടൊപ്പം , അവരുടെ കുടുംബങ്ങളെയും , രോഗിയെ പരിചരിക്കുന്നവരുടെയും സമുഹത്തിന്റെ തന്നെയും സുസ്ഥിതി തകര്‍ക്കപ്പെടുന്നു.
അല്‍ഷെമേഴ്‌സ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞത് ഇങ്ങനെയായിരുന്നു;
അല്‍ഷെമേഴ്‌സ് രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അല്‍ഷെമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്റെ (മറവി രോഗം) സര്‍യ സാധാരണമായ കാരണം. അതുകൊണ്ട് തന്നെ ഇത് നേരത്തെ കണ്ടെത്തുവാനും ചികിത്സയിലേയ്ക്ക് എത്തിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി നേരത്തെ തന്നെ മറവി രോഗത്തിന്റെ അപകട സാധ്യതകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ കീഴില്‍ അല്‍ഷെമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികിത്സക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കല്‍കോളേജ് ന്യുറോളോജി, സൈക്യാട്രി വിഭാഗങ്ങള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യുണിറ്റുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകള്‍ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്.
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മ്മിക്കാനായി ഒരു ദിനമാണ് അല്‍ഷെമേഴ്‌സ് ദിനം. 'മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്സ് രോഗത്തെ അറിയൂ' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇതിനോടുള്ള ഭയം കുറയ്ക്കുകയുമാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.
മറവി, സാധാരണ ചെയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്, സാധനങ്ങള്‍ വെച്ച് മറക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരിക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങള്‍, ആശയവിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ ഒക്കെ ഇതിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേയ്ക്കും എത്തിക്കുവാന്‍ ഈ ലോക അല്‍ഷെമേഴ്‌സ് ദിനത്തില്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha