നമുക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഓർമ്മകൾ..സ്വന്തം അസ്‌തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകളായ ഓർമ്മകൾ നമ്മിൽ നിന്നും മാഞ്ഞുപോകുന്ന അവസ്ഥയെക്കാൾ മോശമായത് മറ്റൊന്നുമില്ല ....ഡിമെൻഷ്യ / അൽഷിമേഴ്‌സ് - കൂടുതലറിയാം
നമുക്ക് ലഭിച്ച വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഓർമ്മകൾ..സ്വന്തം അസ്‌തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകളായ ഓർമ്മകൾ നമ്മിൽ നിന്നും മാഞ്ഞുപോകുന്ന അവസ്ഥയെക്കാൾ മോശമായത് മറ്റൊന്നുമില്ല എന്ന് തന്നെ പറയാം ...
ദൗർഭാഗ്യവശാൽ ഇന്ന് ലോകത്ത് അത്തരം രോഗികളുടെ എണ്ണം വർധിച്ചു വരികയാണ് ...ലോകത്ത് ഓരോ ഏഴു സെക്കൻഡിലും ഒരാൾവീതം അൽഷിമേഴ്‌സ് ബാധിതരാവുന്നു എന്ന ഞെവടിപ്പിക്കുന്ന കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത് ... കഴിഞ്ഞ പത്തു വർഷമായി സെപ്‌തംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിച്ചുവരുന്നുണ്ട് ... 'അറിയുക ഡിമെൻഷ്യ, അറിയുക അൽഷിമേഴ്സിനെ' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം
ആരാണെന്ന് തിരിച്ചറിയാതെ വിഷമിക്കുന്ന പ്രായമായവർ നിങ്ങളുടെ പരിചയത്തിലോ ചിലപ്പോൾ വീട്ടിൽത്തന്നെയോ ഉണ്ടാകും. ഒരിക്കലും അവരെ പരിഹസിക്കരുത്. മറവി ഒരു രോഗമാണ് ..മരുന്നിനേക്കാൾ കൂടുതൽ സ്നേഹവും സഹതാപവും അർഹിക്കുന്ന രോഗം...
തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലുപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങൾ ഒരിക്കൽ നശിച്ചാൽ അവയെ പുനർജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സാവിധികൾ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് ദുഖകരമായ സത്യം
പ്രായാധിക്യം കാരണം കോശങ്ങൾ നശിച്ചു പോകുന്നത്, തൈറോയ്ഡ് ഹോർമോണിന്റെ അഭാവം, തലോച്ചോറിനുണ്ടാകുന്ന ക്ഷതങ്ങൾ, സ്‌ട്രോക്ക്, വിറ്റാമിൻ ബി 12 , തൈയാമിൻ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകൾ, തലച്ചോറിലെ മുഴകൾ എന്നിവയെല്ലാം ഡിമെൻഷ്യയ്‌ക്ക്കാരണങ്ങളാണ്
ഡിമെന്‍ഷ്യയില്‍ പൊതുവായി 60% മുതല്‍ 80% വരെ അള്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യയാണ് കാണപ്പെടുന്നത്, അമലോയ്ഡ് ഫേക്ക് ന്യൂറോണുകളുടെ ഇടയില്‍ അടിഞ്ഞുകൂടുന്നതു മൂലമാണ് അള്‍ഷൈമേഴ്‌സ് ഡിമെന്‍ഷ്യ ഉണ്ടാവുന്നത്.
65 ന് മേൽ പ്രായമുള്ള പത്തിൽ ഒരാൾക്കും 85 ന് മേൽ പ്രായമുള്ളവരിൽ മൂന്നിൽ ഒരാൾക്കും അൽഷിമേഴ്സ് വരാനുള്ള സാദ്ധ്യതയുണ്ട്. പ്രായമുള്ളവരിൽ സാധനങ്ങൾ എവിടെയെങ്കിലും വച്ച് മറന്ന് പോകുന്നത് സ്വാഭാവികമാണ്.
എന്നാൽ അൽഷിമേഴ്സ് രോഗികൾ ഇത്തരത്തിൽ മറന്നു പോകുന്നു എന്ന് മാത്രമല്ല, അത് വയ്‌ക്കുന്നത് നമ്മൾ സാധാരണയായി അത്തരം സാധനങ്ങൾ വയ്‌ക്കാത്ത സ്ഥലങ്ങളിലായിരിക്കും..അതുപോലെ ദൈനദിന കാര്യങ്ങൾ പോലും എപ്പോൾ എങ്ങനെ ചെയ്യണമെന്ന് അറിയാതെ അവർ പകച്ചുനിൽക്കുന്നതും കാണാം
രസതന്ത്രം സിനിമയിൽ ഉള്ളതുപോലെ ഓഫീസിൽ പോലും വീടാണെന്ന് കരുതി പെരുമാറുന്ന അവസ്ഥ, വണ്ടിയുടെ താക്കോൽ അല്ലെങ്കിൽ പേഴ്സ് തുടങ്ങിയവ ഫ്രിഡ്ജിലോ അല്ലെങ്കിൽ ഒരിക്കലും നമ്മൾ വെക്കാൻ സാധ്യത ഇല്ലാത്തിടത്തോ കൊണ്ടുപോയി വെയ്ക്കുക, സംസാരിച്ച കാര്യങ്ങൾ അപ്പാടെ മറന്നുപോകുക എന്നിവയെല്ലാം ഈ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ കാണാറുണ്ട്
കാര്യകാരണസഹിതം ചിന്തിക്കാനുള്ള ബുദ്ധിമുട്ട്, സാഹചര്യത്തിനൊത്തവണ്ണം തീരുമാനമെടുക്കുവാനും പ്രവൃത്തിക്കാനുമുള്ള ബുദ്ധിമുട്ട്, ഇപ്പോഴത്തെ കാര്യങ്ങള്‍ മറക്കുകയും, പഴയ കാര്യങ്ങള്‍ വ്യക്തമായി ഓര്‍ക്കുകയും സംസാരിക്കുകയും ചെയ്യുക, വികാരപ്രകടനത്തിലുള്ള മാറ്റം, സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന മാറ്റം, സ്വമേധയ പ്രവൃത്തിക്കുവാനുള്ള ബുദ്ധിമുട്ട്, പൊതുചടങ്ങുകളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഉള്‍വലിയല്‍ എന്നിവയെല്ലാം ഡിമന്‍ഷ്വയുടെ ആദ്യഘട്ട ലക്ഷണങ്ങളാണ്.
മറവി രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് വളരെ മുന്‍പേ തന്നെ രോഗവുമായി ബന്ധപ്പെട്ട വ്യതിയാനങ്ങള്‍ ഒരാളുടെ തലച്ചോറില്‍ ആരംഭിക്കുന്നു. അതിനാല്‍ ചിട്ടയായ ജീവിത ക്രമവും, ഫലപ്രദമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ മധ്യവയസ്സിലേ തുടങ്ങേണ്ടതാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയവ നിയന്ത്രിക്കുക, ഭക്ഷണത്തില്‍ കൊഴുപ്പ്, പുകവലി, ലഹരിമരുന്ന്, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുക. മസ്തിഷ്‌കത്തിന് ക്ഷതമേല്‍ക്കാത്തവിധം അപകടങ്ങളില്‍ നിന്ന് മുന്‍കരുതല്‍ എടുക്കുക. മാനസിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. സാമൂഹ്യവും മാനസികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നിവയൊക്കെയാണ് ഡിമന്‍ഷ്യയെ പ്രതിരോധിക്കാന്‍ നമുക്ക് ചെയ്യാവുന്ന നടപടികള്‍.
ജർമൻ മാനസികരോഗ ശാസ്ത്രജ്ഞനും ന്യൂറോപാത്തോളജിസ്റ്റുമായ അലോയ്‌സ് അൽഷൈമർ (Alios Alzheimer ) 1906-ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി രേഖപ്പെടുത്തിയത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് രോഗത്തിന് ഈ പേരിട്ടത്.......
ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നതിനും, സമൂഹത്തില്‍ ഈ വിഷയത്തിനുവേണ്ട ബോധവത്കരണം നടത്തുന്നതിനും തികച്ചും സൗജന്യമായി കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള സ്റ്റേറ്റ് ഇനീഷ്യേറ്റീവ് ഓണ്‍ ഡിമെന്‍ഷ്യ- സ്മൃതിപഥം.
ഈ പദ്ധതി സാമൂഹ്യ നീതി വകുപ്പിന്റെ ധനസഹായത്തോടു കൂടി എ.ആര്‍.ഡി.എസ്.ഐ. ആണ് നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ കീഴില്‍ എറണാകുളം ജില്ലയില്‍ ഒരു മുഴുവന്‍ സമയ ഡിമന്‍ഷ്യ പരിചരണ കേന്ദ്രവും, തൃശ്ശൂര്‍ ജില്ലയില്‍ ഒരു ഡിമന്‍ഷ്യ പകല്‍പരിചരണ കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു.
ഡിമെന്‍ഷ്യരോഗികളോടും അവരുടെ കുടുംബപരിചാരകരോടുള്ള പ്രതിബദ്ധത കണക്കിലെടുത്ത് അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ അഭിമാനപൂര്‍വ്വം ജീവിക്കാനുള്ള അവകാശം പൂര്‍ണ്ണമായും നൽകാമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.
https://www.facebook.com/Malayalivartha