കോവിഡ് രോഗികളില്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലെന്ന് പഠനം; റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മളെല്ലാവരും കോവിഡിന്റെ പിടിയിലാണ്. നിരവധി പ്രശ്‌നങ്ങളാണ് കോവിഡ് മൂലം സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഗുരുതരമായ കോവിഡ് ബാധയുണ്ടായ രോഗികളില്‍ സാരമായ മാനസിക പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയുകയാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ഇവരില്‍ ചികിത്സാ സമയത്തും അതിനുശേഷവും വിഷാദവും മാനസിക വിഭ്രാന്തിയും ഉള്‍പ്പെടെയുള്ള ബുദ്ധിയെയും ബോധത്തെയും ബാധിക്കുന്ന വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ബിഎംജെ ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്.
പകര്‍ച്ചവ്യാധിയുടെ ആരംഭഘട്ടത്തില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 150 ഓളം രോഗികളെയാണ് പഠനത്തിന് വിധേയരാക്കിയത് ഇതില്‍ 73 ശതമാനം ആളുകളിലും ഉന്മാദ രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്മാദ രോഗാവസ്ഥയിലായ ആളുകളില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും പോലുള്ള അസുഖങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2020 മാര്‍ച്ച് മുതല്‍ മെയ് വരെ തീവ്രപരിചരണ വിഭാഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു കൂട്ടം രോഗികളില്‍ നിന്നാണ് പഠന സംഘം വിവരങ്ങള്‍ ശേഖരിച്ചത്. കോവിഡ് ബാധിച്ച ആളുകളില്‍, തലച്ചോറിലേക്കുള്ള ഓക്സിജന്‍ കുറയുന്നതിനും രക്തം കട്ടപിടിക്കുന്നതിനും പക്ഷാഘാതം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്. കൂടാതെ, ഉന്മാദം തിരിച്ചറിഞ്ഞ രോഗികളില്‍ തലച്ചോറിന്റെ വീക്കം മൂലമാണ് ആശയക്കുഴപ്പവും അസ്വാസ്ഥ്യങ്ങളും കൂടുന്നതെന്നും കണ്ടെത്തി.
രോഗികള്‍ ഉപയോഗിക്കുന്ന മയക്കമുണ്ടാക്കുന്ന മരുന്നുകളും മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി. മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയ രോഗികളില്‍ ഈ മരുന്നുകള്‍ കൂടുതല്‍ ഉയര്‍ന്ന അളവുകളില്‍ നല്‍കിയിരുന്നതായും, അത് കൂടുതല്‍ മയക്കത്തിന് കരണമായതായും പഠനത്തില്‍ പറയുന്നു.
ഇത്തരം ബൗദ്ധിക വൈകല്യങ്ങള്‍ കാലങ്ങളോളം നിലനില്‍ക്കാന്‍ സാധ്യയുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള മൂന്നിലൊന്ന് രോഗികളും, ആശുപത്രി വിട്ടുപോകുമ്പോള്‍ അവരുടെ മാനസിക പ്രശ്നങ്ങള്‍ പരിഹരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ ഇവരില്‍ 40 ശതമാനം രോഗികള്‍ക്കും വിദഗ്ദ്ധ പരിചരണം ആവശ്യമാണെന്നും പലരിലും ഈ അവസ്ഥ മാസങ്ങളോളം നീണ്ടുനില്‍ക്കാറുണ്ടെന്നും പഠന റിപ്പോട്ടില്‍ പറയുന്നു.
https://www.facebook.com/Malayalivartha