ഇന്ന് ലോക ഹൃദയ ദിനം; ഓരോ വര്‍ഷവും ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെടുന്നത് ഏതാണ്ട് 17 ലക്ഷത്തോളം ആളുകള്‍, ഹൃദയാരോഗ്യത്തിന് അറിഞ്ഞിരിക്കാം ഈ വിവരങ്ങള്‍
ഇന്ന് ലോക ഹൃദയ ദിനം. വര്‍ദ്ധിച്ചുവരുന്ന ഹൃദ്രോഗങ്ങളെ തടയുന്നതിനായി ജനങ്ങള്‍ക്ക് ശരിയായ അവബോധം നല്‍കുന്നതിന് വേണ്ടിയാണ് എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29-ാം തീയതി ലോക ഹൃദയാരോഗ്യദിനമായി ആചരിച്ചു വരുന്നത്. ലോകജനതയ്ക്കിടയില്‍ മരണകാരണമായേക്കാവുന്ന അസുഖങ്ങളുടെ ഗണത്തില്‍ മുന്‍പന്തിയിലാണ് ഹൃദ്രോഗം. ഓരോ വര്‍ഷവും എതാണ്ട് 17 ലക്ഷത്തോളം ആളുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങളാല്‍ മരണപ്പെടുന്നുവെന്നാണ് കണക്കുകള്‍.
ഇതില്‍ത്തന്നെ എണ്‍പത് ശതമാനത്തോളം മരണങ്ങള്‍ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന അവികസിത-വികസ്വരരാജ്യങ്ങളില്‍ നിന്നാണ് എന്നറിയുമ്പോഴാണ് ഈ അസുഖത്തിന്റെ സാമ്പത്തിക- സാമൂഹിക ആഘാതം എത്രത്തോളമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
രോഗചികിത്സയ്ക്ക് വേണ്ട സാമ്ബത്തിക സാമൂഹിക ചുറ്റുപാടുകള്‍ ആരോഗ്യ- സാങ്കേതിക മേഘലയിലെ വളര്‍ച്ചക്കുറവ്, ശരിയായ ചികിത്സാ സൗകര്യങ്ങളുടെ ദൗര്‍ലഭ്യം എന്നിവയൊക്കെത്തന്നെ ഇത്തരം മരണങ്ങള്‍ക്ക്, അവയുടെ എണ്ണത്തിലുള്ള വര്‍ദ്ധനയ്ക്ക്
കാരണമാകുന്നത് എന്ന സത്യം തിരിച്ചറിയപ്പെടേണ്ടതാണ്.
ലോക ഹൃദയദിനത്തിലൂടെ ആളുകളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തുക ഹൃദയാരോഗ്യത്തെ കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ വിദ്യാഭ്യാസം നല്‍കുക ആഗോളതലത്തില്‍ ആരോഗ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കുട്ടികളിലും ചെറുപ്പക്കാരിലും അമിതവണ്ണം, മോശം ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ സാധാരണമാകുമ്പോള്‍ ഈ ദിനം കടുതല്‍ പ്രസക്തമാണ്.
എല്ലാ വര്‍ഷവും സെപറ്റംബര്‍ 29 ലോക ഹൃദയദിനമായി ആഘോഷിക്കുന്നു. വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനാണ് ലോക ഹൃദയ ദിനം ആചരിച്ചു തുടങ്ങിയത്. ആദ്യത്തെ ലോക ഹാര്‍ട്ട് ദിനം 2000 ലാണ് നടന്നത്. അതിനുശേഷം, 2012 ല്‍, ലോകമെമ്പാടുമുള്ള നേതാക്കള്‍ 2025 ഓടെ ലോകമെമ്പാടുമുള്ള സാംക്രമികേതര രോഗങ്ങളില്‍ നിന്നുള്ള മരണനിരക്ക് 25 ശതമാനം കുറയ്ക്കാന്‍ പ്രതിജ്ഞാബദ്ധരായി. എന്‍സിഡി മരണങ്ങളില്‍ പകുതിയോളം സംഭവിക്കുന്നത് ഹൃദയ രോഗങ്ങള്‍ മൂലമാണ്. അതിനാല്‍, ഹൃദയ രോഗങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ സമൂഹം ഒത്തുചേരാനും ലോകമെമ്പാടുമുള്ള രോഗഭാരം കുറയ്ക്കാനുമുള്ള മികച്ച വേദിയാണ് ലോക ഹാര്‍ട്ട് ഡേ.
ജീവിതചര്യകളെ ക്രമപ്പെടുത്തി നമുക്ക് ഹൃദയാരോഗ്യം മെച്ചപ്പെടുത്താം. പുകവലി, അമിത വണ്ണം, കൂടിയ അളവിലുള്ള കൊളസ്ട്രോള്‍, രക്താതിമര്‍ദ്ദം, പ്രമേഹം എന്നിവ ഹൃദയാരോഗ്യത്തെ ബാധിക്കും. കൃത്യമായി വ്യായാമം ചെയ്യുക, ദിവസവും അര മണിക്കൂര്‍ നടക്കുക, സൈക്കിള്‍ ചവിട്ടുക, നീന്തുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, ഉപ്പും, അന്നജവും, കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക, മുഴുവനായോ, സാലഡുകളായോ, ആവിയില്‍ വേവിച്ചോ പച്ചക്കറികളും, പഴവര്‍ഗങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, പുകവലിയും, മദ്യപാനവും ഒഴിവാക്കുക, ശരീരഭാരം ക്രമീകരിക്കുക തുടങ്ങിയവയിലൂടെ ഹൃദ്രോഗങ്ങള്‍ ചെറുക്കാന്‍ സാധിയ്ക്കും.
https://www.facebook.com/Malayalivartha