ഉറങ്ങിയിട്ട് 40 വര്‍ഷം, ഉറക്ക ഗുളിക കഴിച്ചിട്ടു പോലും ഉറക്കമില്ല, രാത്രിയില്‍ ഉറങ്ങുന്നതിനു പകരം വീട് വൃത്തിയാക്കും; ഡോക്ടര്‍മാര്‍ക്ക് പോലും അത്ഭുതമായി ഒരു ചൈനീസ് സ്ത്രീ
ഇന്ന് ഉറക്കമില്ലാതെ കഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ജോലിയുടെ സമ്മര്‍ദ്ദവും മറ്റും കാരണം പലരും ഉറക്കമില്ലായ്മ അനുഭവിക്കുന്നുണ്ട്. അതില്‍ നിന്ന് കരകയറാന്‍ ഡോക്ടറുടെ സഹായം തേടുന്നവരുമുണ്ട്. എന്നാല്‍, ഡോക്ടര്‍മാരെ പോലും ഞെട്ടിച്ചു കൊണ്ട് 40 വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന് അവകാശപ്പെട്ട ഒരു ചൈനീസ് സ്ത്രീ രംഗത്തെത്തിയിരിക്കുകയാണ്.
കിഴക്കന്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി ഷാനിംഗാണ് വര്‍ഷങ്ങളായി താന്‍ ഒരു നിമിഷം പോലും ഉറങ്ങിയിട്ടില്ല എന്ന വിചിത്ര വാദവുമായി മുന്നോട്ട് വന്നത്. ഏകദേശം ആറ് വയസ്സുള്ളപ്പോള്‍ മുതല്‍ അവള്‍ ഉറങ്ങിയിട്ടില്ല എന്നാണ് പറയുന്നത്. ലിയുടെ ഉറക്കമില്ലാത്ത രാത്രികള്‍ അവളെ ഗ്രാമത്തിലെ ഒരു സെലിബ്രിറ്റിയാക്കി മാറ്റി.
തുടക്കത്തില്‍, അവള്‍ പറയുന്നത് കള്ളമാണെന്ന് അയല്‍ക്കാര്‍ കരുതി. എന്നാല്‍, ആളുകള്‍ ഒരു രാത്രി മുഴുവന്‍ ലിക്കൊപ്പം ഉണര്‍ന്നിരിക്കുകയും, ചീട്ടുകളിക്കുകയും ചെയ്തു. വെളുക്കുന്നത് വരെ ലിയുടെ മുഖത്ത് ഉറക്കത്തിന്റെ ലാഞ്ചന പോലുമുണ്ടായിരുന്നില്ല. അങ്ങനെ നാട്ടുകാര്‍ക്ക് അവളുടെ കഥയില്‍ സത്യമുണ്ടെന്ന് ബോധ്യമായി.
തന്റെ ഭാര്യ ഉറങ്ങുന്നത് താന്‍ കണ്ടിട്ടില്ലെന്ന് ലിയുടെ ഭര്‍ത്താവ് ലൂയി സുക്വിനും പറഞ്ഞു. രാത്രിയില്‍ വിശ്രമിക്കുന്നതിനുപകരം അവള്‍ വീട് വൃത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉറക്കമില്ലായ്മ മാറ്റാന്‍ അവള്‍ക്ക് ഉറക്ക ഗുളികകള്‍ പോലും വാങ്ങിക്കൊടുത്തു ഭര്‍ത്താവ്. എന്നിട്ടും പക്ഷേ ലി ഉറങ്ങിയില്ല എന്ന് അദ്ദേഹം പറയുന്നു.
ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്ന് ചൈനീസ് വാര്‍ത്താ സൈറ്റായ ബാസ്റ്റില്‍ പോസ്റ്റ് പറയുന്നു. എന്നിരുന്നാലും, അടുത്തിടെ ബീജിംഗിലെ ഒരു സ്‌പെഷ്യലിസ്റ്റ് സ്ലീപ് സെന്ററില്‍ പോയ ലി ഒടുവില്‍ തന്റെ ഉറക്കമില്ലായ്മയുടെ കാരണം കണ്ടെത്തി. ലി ഉറങ്ങുന്നുണ്ട്, പക്ഷേ മിക്ക ആളുകളും ചെയ്യുന്നതുപോലെ അല്ല.
ഭര്‍ത്താവിനോട് സംസാരിക്കുന്നതിനിടെയാണ് ലിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ചത്. ഭര്‍ത്താവുമായുള്ള സംഭാഷണം തുടര്‍ന്നെങ്കിലും ലിയുടെ കണ്ണുകള്‍ മന്ദഗതിയിലാവുകയും അവള്‍ ശരിക്കും ഉറങ്ങുകയും ചെയ്യുന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചു. ബ്രെയിന്‍ വേവ് മോണിറ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലിയുടെ കണ്ണുകള്‍ ഒരു ദിവസം 10 മിനിറ്റിലധികം അടച്ചിട്ടില്ലെന്ന് തെളിഞ്ഞു.
ഉറക്കത്തില്‍ എഴുന്നേറ്റ് നടക്കുന്നവര്‍ക്ക് സംഭവിക്കും പോലെ ലിയുടെ മസ്തിഷ്‌കം ഉറങ്ങുമ്‌ബോള്‍, ശരീരം ഉണര്‍ന്നിരിക്കുന്നുവെന്ന് സ്ലീപ് സെന്റര്‍ വിശദീകരിച്ചു. ആ 10 മിനിറ്റിനുള്ളില്‍ അവള്‍ സാങ്കേതികമായി ഉറങ്ങുമ്‌ബോള്‍ അവളുടെ ശരീരം പൂര്‍ണമായി പ്രവര്‍ത്തിക്കുന്നു. ഇത് കഴിഞ്ഞ 40 വര്‍ഷമായി താന്‍ ഉറങ്ങിയിട്ടില്ലെന്ന തോന്നല്‍ ലിയിലുണ്ടാക്കുന്നു.
https://www.facebook.com/Malayalivartha