വയറിളക്കം വന്നപ്പോൾ ഒ ആർ എസ് പൊടി വാങ്ങിച്ചു തെറ്റായ രീതിയിൽ ഉപയോഗിച്ച രണ്ട് ബംഗാളികൾ ;ശരീരത്തിലെ വെള്ളമൊക്കെ ഏതാണ്ട് തീരാറായപ്പൊ രണ്ടിനേം കൂടി കുറച്ചുപേർ ആശുപത്രിയിലെത്തിച്ചു; വിശദമായി ചോദിച്ചപ്പോഴാണ് തെറ്റായ രീതി അറിഞ്ഞത്; ഒ ആർ എസ് പൊടി വാങ്ങിച്ചു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന രണ്ടു സുപ്രധാന കാര്യങ്ങൾ പങ്കു വച്ച് ഡോ . മനോജ് വെള്ളനാട്
വയറിളക്കം വന്നപ്പോൾ ഒ ആർ എസ് പൊടി വാങ്ങിച്ചു തെറ്റായ രീതിയിൽ ഉപയോഗിച്ച രണ്ട് ബംഗാളികളുടെ അവസ്ഥ പറയുകയാണ് ഡോക്ടർ മനോജ് വെള്ളനാട് . തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇവരുടെ കാര്യം അറിയിച്ചത്. മാത്രമല്ല ഒ ആർ എസ് പൊടി ഉപയോഗിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ഓർക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഒരിക്കൽ നാട്ടിൽ പണിക്കു വന്ന രണ്ടു ബംഗാളി അതിഥി തൊഴിലാളികൾക്ക് വയറിളക്കം. എന്നിട്ടോ, ഡോക്ടറെയൊന്നും കാണാതെ അടുത്ത ഫാർമസീന്ന് ORS പൊടി വാങ്ങി കലക്കി കുടിയോടു കൂടി. വയറാണെങ്കിൽ ഇനി ഇളകാൻ വേറെ വല്ല വഴിയോ ഹോളോ ഉണ്ടോന്ന് തപ്പുന്നു. ഒരുവഴിയൊന്നും പോരാന്ന്.
ശരീരത്തിലെ വെള്ളമൊക്കെ ഏതാണ്ട് തീരാറായപ്പൊ രണ്ടിനേം കൂടി കുറച്ചുപേർ ആശുപത്രിയിലെത്തിച്ചു.
വിശദമായി ചോദിച്ചപ്പോഴാണറിയുന്നത് , ഇവര് ചെയ്തോണ്ടിരുന്നതിങ്ങനെയാണ്. ഓരോ പ്രാവശ്യം വയറിളകുമ്പോഴും ഒരു കവർ ORS പൊടി പൊട്ടിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ഒറ്റവലി. ബാറിൽ ചെന്ന് നിൽപ്പനടിക്കുന്ന പോലെ. പക്ഷെ, നിന്നടിക്കാനുള്ള ഗ്യാപ് കിട്ടില്ല. വയറു വീണ്ടും പണി തുടങ്ങും അപ്പോഴേക്കും.കാരണം, ആ ഒരു പായ്ക്കറ്റ് ശരിക്കും ഒരു ലിറ്റർ വെള്ളത്തിൽ കലക്കേണ്ടതായിരുന്നു.
അതാണ് ഒരു ഗ്ലാസ് വെള്ളത്തിൽ ചാലിച്ച് സേവിച്ചോണ്ടിരുന്നത്. അന്ന് പിന്നെ ഡ്രിപ്പൊക്കെ ഇട്ട്, ORS കലക്കേണ്ട വിധമൊക്കെ പഠിപ്പിച്ച് വിട്ടു. രണ്ടുദിവസത്തിനകം ഇളക്കം നിന്നു. ചരിത്രം പരിശോധിച്ചാൽ ലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചിട്ടുള്ള ഈ ത്രീസം (വെള്ളം, ഉപ്പ്, പഞ്ചാര) ലായനിയ്ക്ക് ബംഗാളികളുമായി വേറെയും ബന്ധമുണ്ട്. എന്തിന് 71-ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. അന്നത്തെ ഇന്ത്യാ-പാക്ക് യുദ്ധം ബംഗാളിലും ബംഗ്ലാദേശിലും കൂടിയാണല്ലോ നടന്നത്.
അങ്ങനെ യുദ്ധം നടക്കുന്ന സമയത്ത് കൊൽക്കത്തയിലെയും ബംഗ്ലാദേശിലെയും അഭയാർത്ഥി ക്യാമ്പുകളിൽ കോളറ പടർന്നു പിടിച്ചു. ശരീരത്തിലെ ജലാംശം മുഴുവൻ കക്കൂസിലൊഴുക്കിക്കളഞ്ഞ് ആവേശം ചോർന്ന്, നിസഹായരായിരിക്കുന്ന പട്ടാളക്കാരെയും അഭയാർത്ഥികളെയും കണ്ട ഡോ. ദിലീപ് മഹലനാബിസ് വലിയ പാത്രങ്ങളിൽ വെള്ളവും ഉപ്പും പഞ്ചസാരയും ആനുപാതികമായി കലർത്തി അക്കാലത്ത് കേട്ടുകേൾവി മാത്രമുണ്ടായിരുന്ന ORS ലായനി ഉണ്ടാക്കി. ഡ്രിപ് നൽകാനുള്ള IV ഫ്ലൂയിഡ് കുപ്പികൾ ഒക്കെ കാലിയായ സമയമായിരുന്നു. പക്ഷെ, ORS അവിടെ അത്ഭുതം പ്രവർത്തിച്ചു. പട്ടാളക്കാരുടെ ആവേശം ഉണർന്നു. ഇന്ത്യ ജയിച്ചു. ബംഗ്ലാദേശ് ജനിച്ചു. ORS ന് സ്തുതി.
ORS -നെ പറ്റി രണ്ടു സുപ്രധാന കാര്യങ്ങൾ കൂടി പറഞ്ഞു തരാം.
1.ഒരു ദുർഗാഷ്ടമി ദിവസം, അർദ്ധരാത്രിയിൽ അപ്രതീക്ഷിതമായി നിങ്ങൾക്ക് വയറിളക്കം തുടങ്ങുമ്പോൾ ORS പൊടി കടയിൽ പോയി വാങ്ങാനൊന്നും പറ്റിയെന്ന് വരില്ല. വലിയ സദാചാരപ്രിയരാവാതെ വീട്ടിൽ എളുപ്പത്തിൽ ഇതുണ്ടാക്കാം.
തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൻ പഞ്ചസാരയും, ഒരു നുള്ളു ഉപ്പും ചേർത്താൽ സംഗതി റെഡി. ഇത്തരം സിമ്പിൾ സ്റ്റെപ്സ് ഇഷ്ടമില്ലാത്തവർക്ക് ഒരു ലിറ്റർ വെള്ളമെടുത്ത് 6 ടീസ്പൂൺ (25.2 ഗ്രാം) പഞ്ചസാരയും അര ടീസ്പൂൺ (2.9 ഗ്രാം) ഉപ്പും ചേർത്തും ഈ ത്രീസം മിക്സ്ചർ ഉണ്ടാക്കാവുന്നതേയുള്ളൂ..
2. കടയിൽ നിന്ന് ORS പൊടി വാങ്ങി പൊട്ടിക്കുന്നതിന് മുമ്പ് കവറിലെഴുതിയിരിക്കുന്നത് വായിച്ചു നോക്കണം. അതു മൊത്തം ഒരു ഗ്ലാസിൽ കലക്കേണ്ടതാണോ, ഒരു ലിറ്ററിൽ കലക്കേണ്ടതാണോ എന്ന് നോക്കി അതുപോലെ തന്നെ ചെയ്യണം. ഒരു ലിറ്ററിന്റെതാണെങ്കിലും ഒരു പായ്ക്കറ്റ് മുഴുവൻ ഒരുമിച്ച് കലക്കണം.
അരലിറ്റർ വെള്ളത്തിൽ പകുതി കലക്കീട്ട്, ബാക്കി പിന്നത്തേക്ക് വച്ചേക്കരുത്. ഈ അളവുകൾക്ക് വലിയ പ്രാധാന്യമുണ്ട്. തെറ്റിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. ഒരു സദാചാരവാദിയായ ഞാൻ ഇന്നെന്തിനീ ത്രീസം ലായനിയെ പറ്റി പറയുന്നു എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. ഒന്നൂല്ലാ, ജൂലൈ 29, ലോക ORS ദിനമാണ്.. അത്രേള്ളൂ..
https://www.facebook.com/Malayalivartha