സമഗ്ര ലൈംഗിക വിദ്യാഭ്യാസം എന്താണ്? അതിൻ്റെ ആവശ്യകത എന്ത്? ഇതുകൊണ്ട് എന്താണ് പ്രയോജനം? ലൈംഗികതാ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു
സമഗ്ര ലൈംഗിക വിദ്യാഭ്യാസം എന്താണ്? അതിൻ്റെ ആവശ്യകത എന്ത്? ഇതുകൊണ്ട് എന്താണ് പ്രയോജനം? ഈ വിഷയത്തെ കുറിച്ച് വ്യക്തമായി പറയുകയാണ് ഇൻഫോ ക്ലിനിക്ക് എന്ന ഫെയ്‌സ്ബുക്ക് പേജ്. ജിതിൻ ടീ ജോസഫ്, എഡ്വിൻ ജിൽസി പീറ്റർ എന്നീ ഡോക്ടർമാരാണ് ഈ കുറിപ്പ് എഴുതിയത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ലൈംഗികതാ വിദ്യാഭ്യാസം : എന്ത്, എന്തിന്, എങ്ങനെ ?
സ്‌കൂളിൽ പഠിക്കുമ്പോൾ ഓരോ വിഷയവും അധ്യാപകർ എങ്ങനെ പഠിപ്പിക്കുന്നുവോ അതുപോലെ തന്നെ പഠിക്കുന്നതാണ് സാറുമാർക്ക് ഇഷ്ടം, അല്ലെ? സ്വന്തമായ രീതിയിൽ എന്തെങ്കിലും എഴുതി വെച്ചാൽ വഴക്കും ചിലപ്പോൾ അടിയും കിട്ടും. എന്നാൽ നിങ്ങൾ ആ പാഠം സ്വയം വായിച്ചു പഠിച്ചാൽ മതി എന്ന് പൊതുവെ അധ്യാപകർ പറയുന്ന ഒരു പാഠഭാഗം ഉണ്ട്, 'മനുഷ്യ ശരീരത്തിലെ ലൈംഗിക അവയവങ്ങളെ കുറിച്ചും, ലൈംഗിക പ്രക്രിയയെ കുറിച്ചുമുള്ള' പാഠമായിരിക്കുമത്.
ഇനി വീട്ടിലാണെങ്കിലോ? കുട്ടി "ഞാൻ എങ്ങനെയാ ഉണ്ടായത് " എന്ന് ചോദിച്ചാൽ മാതാപിതാക്കൾ വിയർക്കും, എന്തെങ്കിലും പറഞ്ഞു രക്ഷപെടും. കുറച്ചു കൂടി വലിയ കുട്ടിയാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ ചിലപ്പോൾ വഴക്കും കിട്ടും. നമ്മുടെ നാട്ടിലെ പൊതുവായ ഒരു അവസ്ഥയാണ് മുകളിൽ പറഞ്ഞു വെച്ചത്.
പലപ്പോഴും നമ്മളുടെ കുട്ടികളുടെ ലൈംഗികതാ വിദ്യാഭ്യാസം ഏതെങ്കിലും വ്യക്തികൾ കുറെ വർഷത്തിലൊരിക്കൽ സ്‌കൂളിൽ വന്നു നടത്തുന്ന ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ്സിൽ മാത്രമൊതുങ്ങും. പ്രധാന പഠനസഹായി പിന്നെ കൂട്ടുകാരോ, നീലച്ചിത്രങ്ങളോ, പണ്ട് കാലത്തു കൊച്ചുപുസ്തകങ്ങളോ ആയിരിക്കും. അപ്പൊ പിന്നെ നമ്മുടെ ലൈംഗികതയെ കുറിച്ചുള്ള ഒരു ധാരണയെ പറ്റി ഊഹിക്കാമല്ലോ.
ലൈംഗികതാ വിദ്യാഭ്യാസത്തെ (Comprehensive Sexuality Education) കുറിച്ചാണ് ഈ ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഒരു ആമുഖ ലേഖനമാണിത്. ലൈംഗികതാ വിദ്യാഭ്യാസത്തെ കുറിച്ച് മനസിലാക്കണമെങ്കിൽ ആദ്യമേ തന്നെ 'ലൈംഗികത' എന്താണ് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. പലരുടെയും മനസിലുള്ള ഒരു ധാരണ ലൈംഗികത എന്നത് ലൈംഗിക പ്രക്രിയയും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രത്യേകതകളും മാത്രമാണെന്നാണ്.
❓എന്താണ് ലൈംഗികത?
⚫ലൈംഗികതക്ക് ഒരു കൃത്യമായ നിർവചനം നൽകുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വ്യക്തിതയുടെ ലൈംഗികപരമായ മനോഭാവം, താല്പര്യങ്ങൾ, പെരുമാറ്റം ഇവയെല്ലാം ചേർന്നതാണ് അയാളുടെ ലൈംഗികത. ലൈംഗികതക്ക് ജൈവപരവും, വൈകാരികവും, സാമൂഹികവും, രാഷ്ട്രീയപരവുമായ വിവിധ തലങ്ങളുണ്ട്.
കേവലം ലൈംഗിക പ്രക്രിയ മാത്രമല്ല ഇതിൽ വരിക, മറിച്ചു ലിംഗത്വം (Gender), ലിംഗ വ്യക്തിത്വം (Gender identity), ജെൻഡർ റോൾസ്, ലൈംഗിക ആഭിമുഖ്യം, ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രത്യുൽപാദനം, ലൈംഗിക ആരോഗ്യം തുടങ്ങി വിവിധ വശങ്ങൾ ലൈംഗികതയുടെ ഭാഗമായി വരും.
❓എന്താണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം അഥവാ Comprehensive sexuality education (CSE)?
⚫ലൈംഗികതയുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക, ധാരണപരമായ വശങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുവാൻ, പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഒരു പരിശീലന പ്രക്രിയയാണ് CSE. സ്‌കൂളുകളിൽ പോകുവാൻ സാധിക്കാത്ത കുട്ടികളെ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ട്.
https://www.facebook.com/Malayalivartha