പ്രമേഹരോഗിക്ക് ഡയറ്റ് ഡ്രിങ്കുകള്‍
പ്രമേഹം മാറ്റാന്‍ ദിവസവും 600 കാലറി മാത്രം വരുന്ന ആഹാരം കഴിച്ചാല്‍ മതിയെന്നു വിശദമാക്കുന്ന ന്യുകാസില്‍ സര്‍വകലാശാലയുടെ ആഹാരചികിത്സയില്‍ ഡയറ്റ് ഡ്രിങ്കുകള്‍ക്കു വലിയ പ്രാധാന്യമാണുള്ളത്. ആഹാരം ദിവസവും 600 കലോറിയില്‍ താഴെയാകുമ്പോള്‍ വേണ്ടത്ര വിറ്റമിനുകളും പോഷണവും ശരീരത്തിനു ലഭിക്കാതാകും. ഇതു പരിഹരിക്കാന്‍ ഈ പോഷകങ്ങള്‍ ഡയറ്റ് ഡ്രിങ്കായി കഴിക്കേണ്ടി വരും.
പ്രമേഹരോഗിയുടെ ഒരു നേരത്തെ പ്രധാന ആഹാരത്തിനു പകരമായി കഴിക്കാന്‍ രൂപകല്‍പ്പന ചെയ്ത പാനീയരൂപത്തിലുള്ള ആഹാരമാണ് ഡയറ്റ് ഡ്രിങ്ക്. എന്നാല്‍ ഡയറ്റ് ഡ്രിങ്കുകളെമാത്രം കേന്ദ്രീകരിച്ച് പ്രമേഹരോഗി ആഹാരക്രമം ചിട്ടപ്പെടുത്തരുതെന്നും ഓര്‍മിക്കുക.
പ്രമേഹവും ഡയറ്റ് ഡ്രിങ്കും
പ്രമേഹം നിയന്ത്രിക്കുന്നതില്‍ മെഡിക്കല്‍ ന്യൂട്രീഷന്‍ തെറപ്പി (എംഎന്‍ടി)ക്കു വലിയ പ്രാധാന്യമുണ്ടെന്ന് ലോകവ്യാപകമായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസ് ശരിയായ അളവില്‍ നിലനിര്‍ത്തുക, ശരിയായ ശരീരഭാരം നിലനിര്‍ത്തുക, രക്തത്തിലെ കൊഴുപ്പ് ശരിയായി ക്രമീകരിക്കുക, പ്രമേഹസങ്കീര്‍ണതകള്‍ ഒഴിവാക്കുക എന്നീ പ്രത്യേകലക്ഷ്യങ്ങള്‍ മുമ്പില്‍ കണ്ട് ആഹാരം നിയന്ത്രിക്കുന്നവരില്‍ ഡയറ്റ്് ഡ്രിങ്കുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
പോഷകങ്ങള്‍ എല്ലാം ചേര്‍ത്ത്
ഊര്‍ജം കുറച്ച് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ എളുപ്പം ലഭ്യമാകുന്ന വിധത്തില്‍ തയാറാക്കുന്ന പാനീയങ്ങളാണ് ഡയറ്റ് ഡ്രിങ്കുകള്‍. അമിതഭാരമുള്ള പ്രമേഹരോഗികള്‍, പ്രമേഹം വരുന്നതിനു തൊട്ടുമുമ്പുള്ള അവസ്ഥ(പ്രീഡയബറ്റിക്)യിലുള്ളവര്‍ ഇവര്‍ക്കെല്ലാം ഡയറ്റ് ഡ്രിങ്കുകള്‍ ഏറെ ഗുണകരമാണ്. എല്ലാ പോഷകങ്ങളും സൂക്ഷ്മപോഷകങ്ങള്‍ ഉള്‍പ്പെടെ നിശ്ചിതഅളവില്‍ രോഗിക്കു ലഭ്യമാകത്തക്കവിധമാണ് ഡയറ്റ് ഡ്രീങ്കുകള്‍ തയാറാക്കുന്നത്. ശരീരഭാരം കൂടിയവരില്‍ ഇതൊരു മീല്‍ റീപ്ലേസ്‌മെന്റ് (പകരം വയ്ക്കാവുന്ന ആഹാരം) കൂടിയാണ്.
ഡയറ്റ് ഡ്രിങ്ക് കഴിക്കുമ്പോള്‍
ഡയറ്റ് ഡ്രിങ്കുകള്‍ കഴിക്കുന്ന പ്രമേഹരോഗികള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ദിവസം ഒരു നേരം മാത്രമേ ഡയറ്റ് ഡ്രിങ്ക് കഴിക്കാവൂ. ആ ദിവസത്തെ ഒരു പ്രധാനഭക്ഷണത്തിനു പകരമായാണിതു കഴിക്കേണ്ടത്.
ഒരു സാധാരണ പ്രമേഹരോഗിക്ക് ഒരു ദിവസം ആഹാരത്തില്‍ നിന്നു ലഭിക്കേണ്ട ഊര്‍ജം 1500 കലോറിയാണ്. എന്നാല്‍ വണ്ണമുള്ള പ്രമേഹരോഗിക്ക് 1200 കലോറി കലോറി മതിയാകും. മെലിഞ്ഞവര്‍ക്ക് 1800 ആയാലും കുഴപ്പമില്ല. പുരുഷന്‍മാരിലും സ്ത്രീകളിലും ഈ കലോറി വ്യത്യാസപ്പെടാം.
പ്രധാനഭക്ഷണങ്ങളായ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം ഇവയിലൂടെ 400 കലോറി വീതം ഊര്‍ജമാണ് സാധാരണ ലഭിക്കുന്നത്. അപ്പോള്‍ ആകെ കലോറി 1200 ആയിക്കഴിഞ്ഞു. ശേഷിക്കുന്ന 300 കലോറി ഊര്‍ജം ലഭിക്കേണ്ടത് രണ്ടുനേരം കഴിക്കുന്ന സ്‌നാക്കുകളിലൂടെയാണ്. ഇതില്‍ 400 കലോറി ഊര്‍ജം ലഭിക്കുന്ന ഒരു പ്രധാനഭക്ഷണത്തിനു പകരമാണ് ഡയറ്റ് ഡ്രിങ്കിന്റെ സ്ഥാനം. കഴിയുമെങ്കില്‍ അത്താഴത്തിനു പകരമായി ഇതു കഴിക്കാം.
ഒരു ദിവസം 600 കലോറി എന്നു നിശ്ചയിക്കുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു പകരമായി 200 കലോറി കിട്ടത്തക്കവിധം ഡയറ്റ് ഡ്രിങ്ക് ക്രമീകരിക്കാം. 400 കലോറി വരുന്ന രീതിയില്‍ മറ്റ് ആഹാരവും കഴിക്കണം. എന്നാല്‍ ദിവസം 600 കലോറി മാത്രം ആഹാരം എന്നത് പ്രമേഹരോഗിയെ സംബന്ധിച്ച് ആരോഗ്യകരമായി അഭികാമ്യമല്ല.
ഡയറ്റ് ഡ്രിങ്ക് കഴിക്കുന്നതിനൊപ്പം ദിവസം നാലോ അഞ്ചോ സെര്‍വിങ്ങുകളിലൂടെ നാരുകളടങ്ങിയ പച്ചക്കറികളും കഴിക്കണം. ഒരു സെര്‍വിങില്‍ 50 ഗ്രാം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ അഞ്ചു സെര്‍വിങ്ങുകളാകുമ്പോള്‍ 250 ഗ്രാം പച്ചക്കറി ദിവസവും ആഹാരത്തിലുള്‍പ്പെടുത്താനാകും. ഗര്‍ഭിണികളായ പ്രമേഹരോഗികള്‍, രോഗസങ്കീര്‍ണതയുള്ളവര്‍ ഇവരെല്ലാം ഡയറ്റ് ഡ്രിങ്കുകളെ ആശ്രയിക്കുന്നത് അഭികാമ്യമല്ല.
ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകള്‍
ഡയറ്റ് ഡ്രിങ്കിന്റെ ചേരുവകള്‍ ഇന്ന് വിപണിയിലും ലഭ്യമാണ്. എന്നാല്‍ കൂടൂതല്‍ പോഷകപ്രദമായി രുചികരമായി അവ വീട്ടില്‍ തയാറാക്കാം. തവിടു നീക്കാത്ത ധാന്യങ്ങളാണ് പ്രധാന ചേരുവ. ഓട്‌സ്, നുറുക്കുഗോതമ്പ്, അവില്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഇതിനൊപ്പം കൊഴുപ്പു കുറഞ്ഞ പാല്‍, അണ്ടിപ്പരിപ്പുകള്‍, തൈരു പോലുള്ള പ്രോബയോട്ടിക് ആഹാരം (പ്രോബയോട്ടിക് ആഹാരം പ്രതിരോധശക്തിയെ വര്‍ധിപ്പിക്കുന്നു)എന്നിവയും ചേര്‍ക്കുന്നു. ഡയറ്റ് ഡ്രിങ്കില്‍ പഞ്ചസാര ചേര്‍ക്കേണ്ടതില്ല. പകരം ഉണക്കമുന്തിരി ചേര്‍ക്കാവുന്നതാണ്.
ഡയറ്റ്ഡ്രിങ്ക് കഴിച്ചിട്ടും വിശപ്പു ശമിക്കാത്ത പ്രമേഹരോഗികള്‍ക്ക് അതിനുശേഷം പച്ചക്കറി സാലഡോ, സൂപ്പോ കഴിക്കാം. തക്കാളി, ഉള്ളി, വെള്ളരിക്ക തുടങ്ങി ജലാശാം കൂടുതലുള്ള തരം പച്ചക്കറികളാണ് ഇതിനനുയോജ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha