17 മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 11,142 പേര്‍, റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്
ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞാലും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 17 മാസത്തിനിടെ കേരളത്തില്‍ ആത്മഹത്യ ചെയ്തത് 11,142 പേര്‍. ഇതില്‍ 34 പേര്‍ കോവിഡ് ബാധിച്ചതിനാലും കോവിഡ് പ്രതിസന്ധിമൂലവും ആത്മഹത്യ ചെയ്തുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
നിയമസഭയില്‍ എം.കെ. മുനീറിന്റെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2020 ഏപ്രില്‍ 1 മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മാസം ശരാശരി 655 പേര്‍ ജീവനൊടുക്കിയെന്നാണ് റിപ്പോര്‍ട്ട്. 2018ല്‍ 8,323 പേരും 2019ല്‍ 8,585 പേരും ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്.
വികസിത രാജ്യങ്ങളോട് കിടപിടിക്കുമാറ് കേരള ജനതയുടെ ആയുര്‍ദൈര്‍ഘ്യം ഇന്ന് 70 വയസ്സിന് മേലെയാണ്. എന്നാല്‍ വാര്‍ധ്യക്യത്തില്‍ പിടിപെടുന്ന രോഗങ്ങളേയും മറ്റ് സാമുഹ്യ മാനസിക പ്രശ്നങ്ങളേയും കണ്ടുപിടിക്കാനും പരിഹരിക്കാനുമുള്ള വിഭവശേഷിയോ, പരിജ്ഞാനമോ ഇന്നും കേരളം ആര്‍ജ്ജിച്ചിട്ടില്ല. മാത്രമല്ല ഇവര്‍ക്ക് വേണ്ട ശുശ്രൂഷയും പരിരക്ഷയും ഇന്നത്തെ അണുകുടുംബങ്ങളില്‍നിന്നും ഇവര്‍ക്ക് കിട്ടുന്നില്ല.
വാര്‍ധ്യക്യത്തില്‍ ഉണ്ടാകാവുന്ന വിഷാദരോഗം, റിട്ടയര്‍മെന്റ് , വിട്ടുമാറാത്ത ശാരീരിക രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം, വാതരോഗങ്ങള്‍, കാന്‍സര്‍ എന്നിവ, ഉറ്റവരുടേയും ഉടയവരുടെയും മരണം, മക്കള്‍ ജോലിക്കായി വീടുവിട്ടുപോകുക എന്നിവ വൃദ്ധജനങ്ങളിലും ആത്മഹത്യാപ്രവണത വര്‍ധിപ്പിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ മേഖലയിലെ വൃദ്ധപരിപാലന കേന്ദ്രങ്ങളുടെ അഭാവവും, കുടുംബത്തിലെ ഒറ്റപ്പെടലും ആത്മഹത്യാ പ്രവണതക്ക് ആക്കം കൂട്ടുന്നു. ചുരുക്കത്തില്‍ ആയുര്‍ദൈര്‍ഘ്യം ഉറപ്പാക്കുന്നതിനോടൊപ്പം ദീര്‍ഘകാലം ജീവിച്ചിരിക്കുന്നവര്‍ക്ക് ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കുന്നതില്‍ നമുക്ക് നേരിട്ട പരാജയം സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.
https://www.facebook.com/Malayalivartha