ലോക ചരിത്രത്തിൽ ആദ്യമായി മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക തുന്നിപ്പിടിപ്പിച്ചു .. ന്യൂയോര്‍ക്കിലെ എൻവൈയു ലാംഗോൺ ഹെൽത്ത് ആശുപത്രിയിലാണ് ചരിത്രനേട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശസ്ത്രക്രിയ നടന്നത്...പരീക്ഷണാടിസ്ഥാനത്തിൽ ആണ് പന്നിയുടെ വൃക്ക മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽ ഘടിപ്പിച്ചത്
ലോക ചരിത്രത്തിൽ ആദ്യമായി മനുഷ്യശരീരത്തിൽ പന്നിയുടെ വൃക്ക തുന്നിപ്പിടിപ്പിച്ചു .. ന്യൂയോര്‍ക്കിലെ എൻവൈയു ലാംഗോൺ ഹെൽത്ത് ആശുപത്രിയിലാണ് ചരിത്രനേട്ടം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശസ്ത്രക്രിയ നടന്നത് .
പരീക്ഷണാടിസ്ഥാനത്തിൽ ആണ് പന്നിയുടെ വൃക്ക മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയിൽ ഘടിപ്പിച്ചത്. അദ്ദേഹത്തിന്റെ വൃക്കയും പ്രവർത്തനരഹിതമെന്നുള്ള ലക്ഷണങ്ങൾ കാണിച്ചിരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ മാറ്റുന്നതിന് മുൻപായി ഇത്തരമൊരു പരീക്ഷണത്തിന് ആ വ്യക്തിയുടെ കുടുംബം പരിപൂർണ്ണ സമ്മതം അറിയിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു
പരീക്ഷണം വിജയിച്ചാൽ അവയവമാറ്റത്തിനുള്ള കാത്തിരിപ്പും ലഭ്യതയും വലിയൊരളവോളം പരിഹരിക്കാൻ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.
പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ തുന്നിച്ചേര്‍ത്തിട്ടും അവയവത്തെ ഉടൻ തന്നെ ശരീരം നിരാകരിക്കുന്ന പ്രവണത കാണിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മൃഗത്തിൻ്റെ അവയവത്തെ ദീര്‍ഘകാലത്തേയ്ക്ക് ഉള്‍ക്കൊള്ളാൻ മനുഷ്യശരീരത്തിനു കഴിയുമോ എന്ന കാര്യത്തിൽ വ്യക്തമായിട്ടില്ല.
പുതിയ വൃക്ക സ്വീകർത്താവിന്റെ രക്തക്കുഴലുകളിലേക്ക് ഘടിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ശരീരത്തിന് പുറത്ത് വെച്ചു നിരീക്ഷിക്കുകയായിരുന്നു. മൂന്ന് ദിവസത്തോളം ഇത്തരത്തിൽ നിരീക്ഷണം നടത്തിയതിൽ നിന്നും മാറ്റിവെച്ച വൃക്കയുടെ പ്രവർത്തന ഫലങ്ങൾ "വളരെ സാധാരണമെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.
വൃക്ക മാറ്റിവെക്കും മുൻപ് സ്വീകർത്താവിന്റെ ക്രിയേറ്റിനിൻ നില അസാധാരണമായിരുന്നു. ഇത് വൃക്കകളുടെ പ്രവർത്തനം മോശമായതിന്റെ സൂചനയാണ് നൽകുന്നത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം ക്രിയേറ്റിനിൻ നില സാധാരണ നിലയിലാവുകയായിരുന്നു എന്ന് പഠനത്തിന് നേതൃത്വം നൽകിയ ട്രാൻസ്പ്ലാൻറ് സർജൻ ഡോ. റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു
ഈ വൃക്ക സാധാരണ നിലയിൽ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാധാരണ മനുഷ്യൻ്റെ വൃക്ക ഉത്പാദിപ്പിക്കുന്ന അളവിൽ തന്നെ മൂത്രം ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഡോ. റോബര്‍ട്ട് മോണ്ടിഗോമറി പറഞ്ഞു. മുൻപ് കുരങ്ങുകളിൽ ഈ പരീക്ഷണം നടത്തിയപ്പോഴും ഇതേ ഫലം തന്നെയാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു
മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനം അവയവം പുറന്തള്ളുന്നത് ഒഴിവാക്കാനായി പ്രത്യേകതരത്തിൽ ജനിതകമാറ്റം വരുത്തിയ പന്നിയുടെ അവയവമാണ് മനുഷ്യനിൽ തുന്നിച്ചേര്‍ത്തത്. ചില പ്രത്യേക ഘടകങ്ങള്‍ ഈ അവയവത്തിൽ ഉണ്ടാകില്ലെന്നതിനാൽ മനുഷ്യശരീരം അവയവത്തെ പുറന്തള്ളില്ലെന്ന കണക്കുകൂട്ടലിലാണ് ഗവേഷകര്‍.
ആഗോളതലത്തിൽ ലക്ഷക്കണക്കിന് രോഗികളാണ് വൃക്ക ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നത്. യുഎസിൽ മാത്രം വൃക്ക മാറ്റിവെക്കലിനായി രോഗികള്‍ക്ക് മൂന്ന് മുതൽ അഞ്ച് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച് വര്‍ഷങ്ങളായി ഗവേഷണം നടക്കുന്നുണ്ടെങ്കിലും അവയവം തുന്നിച്ചേര്‍ത്ത ഉടൻ തന്നെ ശരീരം അവയവത്തെ പുറന്തള്ളുന്ന സാഹചര്യമാണ് ഇതുവരെ ഉണ്ടായിരുന്നത് . അതിനാൽ തന്നെ പുതിയ ശസ്ത്രക്രിയ വളരെയേറെ പ്രതീക്ഷ നൽകുന്നതാണ് .
അതേസമയം, പന്നികളുടെ കോശങ്ങളിൽ അടങ്ങിയിട്ടുള്ള ഷുഗർ മനുഷ്യ ശരീരത്തിൽ ഒരു അപരിചിത വസ്തുവാണ്. അതുകൊണ്ടുതന്നെ അവയവം മൊത്തമായി ശരീരം നിരസിക്കാൻ സാധ്യതയുണ്ട്. അതിനാൽ ജീൻ എഡിറ്റ് ചെയ്ത വൃക്കയാണ് ശരീരത്തിൽ ചേർത്തുവച്ചത്.
മനുഷ്യശരീരത്തെ അവയവം പുറന്തള്ളാൻ പ്രേരിപ്പിക്കുന്ന ഗ്ലൈക്കൻ എന്ന തന്മാത്ര ഒഴിവാക്കുന്ന തരത്തിൽ ജനിതകമാറ്റം നടത്തിയ ഗാൽസേഫ് എന്ന പന്നിയുടെ അവയവമാണ് മനുഷ്യനിൽ തുന്നിച്ചേര്‍ത്തത്. യുഎസിലെ യുണൈറ്റഡ് തെറാപ്യൂട്ടിക്സ് കോര്‍പിൻ്റെ റെവിവികോര്‍ യൂണിറ്റാണ് ഈ പന്നിയെ സൃഷ്ടിച്ചത്.
ഇത്തരം പന്നികളിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ചാൽ മനുഷ്യരിൽ സാധാരണ പന്നിയിറച്ചിയിൽ നിന്നുണ്ടാകാൻ സാധ്യതയുള്ള അലര്‍ജി ഒഴിവാക്കാൻ സാധിക്കും. എന്നാൽ ഈ പന്നിയുടെ അവയവങ്ങളും ശരീരസ്രവങ്ങളും ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഇപ്പോഴും എഫ്ഡിഎ അനുമതി ആവശ്യമാണ്.
മനുഷ്യദാതാക്കളിൽ നിന്നുള്ള പരിമിതമായ ലഭ്യത മൂലമാണ് അവയദാനത്തിന് മൃഗങ്ങളെ ശാസ്ത്രലോകം പരിഗണിക്കുന്നത്. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും സമാനതകളുള്ളതിനാലാണ് പന്നികളെ ആശ്രയിക്കുന്നത്. എളുപ്പത്തിൽ ലഭ്യമാകും എന്നതും വളർത്തു പന്നികളെ ആശ്രയിക്കാനുള്ള അനുകൂലഘടകമാണ്. ഒരു ജീവി വർഗത്തിൽ നിന്നും മറ്റൊരു ജീവി വർഗത്തിലേക്ക് അവയവമാറ്റം നടത്തുന്നതിനെ സെനോട്രൻസ്പ്ലാന്റേഷൻ (Xenotransplantation) എന്നാണ് പറയുന്നത്.
അതേസമയം, ഇത്തരം പന്നികളിൽ നിന്നുള്ള ഹൃദയവാൽവുകളും ത്വക്കും മനുഷ്യനിൽ ഉപയോഗിക്കാൻ സാധിക്കുമോ എന്ന കാര്യവും ഗവേഷകര്‍ പരിശോധിക്കുന്നുണ്ട്. വരുന്ന രണ്ട് വര്‍ഷത്തിനുള്ളിൽ ഗുരുതരമായ വൃക്കരോഗമുള്ള രോഗികളിൽ പന്നികളുടെ വൃക്ക വെച്ചു പിടിപ്പിക്കാൻ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
അവയവദാനത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളി രോഗിക്ക് ചേരുന്ന അവയവം കണ്ടെത്തുക എന്നതും അവയുടെ ലഭ്യത ഉറപ്പിക്കുക എന്നതുമാണ് . ഈ കുറവ് നികത്താനുള്ള പരിശ്രമങ്ങളിലെ ഏറ്റവും പുതിയ ഗവേഷണമാണ് ഇതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു
https://www.facebook.com/Malayalivartha