കോവിഡിന്റെ വിചിത്ര സ്വഭാവം; രാത്രിയിലും പകലും പരിശോധന ഫലങ്ങളിൽ വ്യത്യാസം; അമ്പരന്ന് ശാസ്ത്രലോകം
ലോകവും ശാസ്ത്രവും ഇന്നുവരെ കണ്ട രോഗങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും ഏറെ വ്യത്യസ്തനാണ് കോവിഡ്. ഏറെ പുരോഗതിയിലാണെന്ന് അഹങ്കരിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രം പോലും ഈ കുഞ്ഞൻ വൈറസിന് മുന്നിൽ ആദ്യം ഒന്ന് പകച്ചു എന്നുള്ളത് പറയാതിരിക്കാനാവില്ല. ലോകത്ത് അന്ന് വരെ കണ്ടു പിടിച്ചതിൽ വച്ച് ഒരു ഔഷധവും ഈ വൈറസിനെ തുരത്താൻ പര്യാപ്തമായിരുന്നില്ല എന്നതായിരുന്നു വാസ്തവം.
പിന്നെ ലോകത്തെ വിറപ്പിച്ച ഈ മഹാമാരിയെ തുരത്താനുള്ള നെട്ടോട്ടമായിരുന്നു ലോകം മുഴുവൻ. അങ്ങനെ ഓരോ രാജ്യവും അവരവരുടേതായ വാക്സിനുകൾ കണ്ടുപിടിച്ചപ്പോഴും അതിനൊന്നും തന്നെ തോൽപ്പിക്കാനാവില്ല എന്ന തരത്തിൽ ഓരോ പ്രാവശ്യവും പുതിയ മാറ്റങ്ങളുമായി കോവിഡ് വീണ്ടും വീണ്ടും ആരോഗ്യ വിദഗ്ദ്ധരെ കുഴപ്പിച്ച കൊണ്ടിരുന്നു. കോവിഡ് എന്ന മഹാമാരി ലോകത്ത് പിടിമുറുക്കിയിട്ട് രണ്ട് വർഷത്തിലധികമായി. ഏകദേശം 50 ലക്ഷത്തിലധികം ജീവനുകൾ കവർന്നു. എന്നിട്ടും ഇവനെ പൂർണമായും തോൽപ്പിക്കാനാവാത്തത് വൈറസിന്റെ ആർക്കും പിടി കൊടുക്കാതെ ഈ വിചിത്ര സ്വഭാവം തന്നെയാകാം.
ഇപ്പോഴിതാ കോവിഡിന്റെ മറ്റൊരു പുതിയ സ്വഭാവം ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുകയാണ്. പകലും രാത്രിയിലുമെല്ലാം വ്യത്യസ്ത രീതിയിലാണ് കൊറോണ വൈറസ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നത് . ഇതിനാല്‍ പല സമയത്ത് ചെയ്യുന്ന കോവിഡ് പരിശോധനയിലെ ഫലങ്ങളില്‍ വ്യത്യാസമുണ്ടാകാമെന്നും അമേരിക്കയിലെ വാന്‍ഡര്‍ബില്‍റ്റ് സര്‍വകലാശാല മെഡിക്കല്‍ സെന്‍റര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തുകയുണ്ടായി. രാത്രിയില്‍ ചെയ്യുന്ന പരിശോധനയേക്കാള്‍ കൂടുതല്‍ കൃത്യമായ പരിശോധനഫലം ഉച്ച സമയത്ത് ചെയ്യുന്ന പരിശോധനയില്‍ ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
രാത്രി എട്ട് മണിക്ക് ശേഷം ഒരാളിലെ കൊറോണ വൈറസ് ലോഡ് താഴേക്ക് പോകുന്നതായി ജേണല്‍ ഓഫ് ബയോളജിക്കല്‍ റിഥംസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ഈ സമയത്ത് ചെയ്യുന്ന പരിശോധനകള്‍ തെറ്റായ നെഗറ്റീവ് ഫലം കാണിക്കാന്‍ സാധ്യത കൂടുതലാണ്. നമ്മുടെ പ്രകൃതിദത്ത സിര്‍കാഡിയന്‍ റിഥത്തിന് അനുസൃതമായാണ് കോവിഡ് 19 ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. കോവിഡ് രോഗിയുടെ ശരീരത്തില്‍ നിന്ന് വൈറസ് ഏറ്റവുമധികം പുറത്തേക്ക് വരുന്നതും ഉച്ച സമയത്താണെന്ന് പഠനം പറയുന്നു.
രോഗികള്‍ ആശുപത്രിയില്‍ പോകാനും മറ്റുള്ളവരോട് ഇടപെടാനും ഈ സമയത്ത് സാധ്യത കൂടുതലായതിനാല്‍ കൂടുതല്‍ വ്യാപനവും പകല്‍ നേരത്ത് തന്നെയാണ് നടക്കുന്നത്. വൈറസിന്‍റെ ഈ പകല്‍-രാത്രി പ്രകൃതത്തിലെ വ്യത്യാസം സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 പരിശോധനയിൽ SARS-CoV-2 വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും. കൂടാതെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നRT-PCR, ഐസോതെർമൽ ന്യൂക്ലിക് ആസിഡ് ആംപ്ലിഫിക്കേഷൻ രീതികൾ ഇന്ന് നിലവിലുണ്ട്. കൂടാതെ അണുബാധയ്ക്കുള്ള പ്രതികരണമായി ഉൽപാദിപ്പിക്കുന്ന ആന്റിബോഡികൾ കണ്ടെത്തുന്ന രീതികളും ഇതിൽ ഉൾപ്പെടുന്നു.
രോഗനിർണയത്തിനും ജനസംഖ്യ നിരീക്ഷണത്തിനും ആന്റിബോഡികളുടെ കണ്ടെത്തൽ അഥവാ സീറോളജി ഉപയോഗിക്കാവുന്നതാണ്. രോഗലക്ഷണങ്ങൾ നിസ്സാരമോ ലക്ഷണമില്ലാത്തവരോ ഉൾപ്പെടെ എത്രപേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ആന്റിബോഡി പരിശോധനകളിൽ നിന്ന് വ്യക്തമാകും. ഈ പരിശോധനയുടെ ഫലങ്ങളിൽ നിന്ന് രോഗത്തിന്റെ കൃത്യമായ മരണനിരക്കും ജനസംഖ്യയിലെ പ്രതിരോധശേഷിയും നിർണ്ണയിക്കാൻ കഴിയും. എന്നിരുന്നാലും, ഈ രോഗപ്രതിരോധ പ്രതികരണത്തിന്റെ കാലാവധിയും ഫലപ്രാപ്തിയും ഇപ്പോഴും വ്യക്തമല്ല.
https://www.facebook.com/Malayalivartha