നെഞ്ചുവേദന വരാതെയും ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കാം; കാരണമിതാണ്; കരുതിയിരിക്കാം ഹൃദയാഘാതത്തെ
കേരളത്തില്‍ ഇന്ന് ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. ഒരിക്കല്‍ ഹൃദയാഘാതം വന്നാല്‍ പിന്നെ കൃത്യമായ ജീവിതശൈലി കൊണ്ടുവന്നില്ലെങ്കില്‍ അപകടം ഉറപ്പാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങിയ പല രോഗാവസ്ഥകളും ഹാര്‍ട്ട് അറ്റാക്കിന് വഴിവച്ചേക്കാം. മുന്‍കാലങ്ങളില്‍ പ്രായമായവരില്‍ മാത്രമായി ഒതുങ്ങിയിരുന്ന ഹൃദയാഘാതം ഇന്ന് യുവാക്കളില്‍പ്പോലും സാധാരണമാണ്. അമിതസമ്മര്‍ദ്ദവും ഇതിന് ഒരു കാരണമാകുന്നു. ഹൃദയാഘാതം പലതരത്തിലുണ്ട്. അതിലൊന്നാണ് വേദനയില്ലാത്ത ഹൃദയാഘാതം.
വ്യക്തമായ ലക്ഷണങ്ങളോടെ എല്ലായ്പ്പോഴും ഹൃദയാഘാതം ഉണ്ടാകണമെന്നില്ല. ഹൃദയാഘാതത്തിന് ചെറുതോ തിരിച്ചറിയാത്തതോ ആയ ലക്ഷണങ്ങളോ ഇല്ലെങ്കില്‍ അതിനെ വേദനയില്ലാത്ത ഹൃദയാഘാതം അല്ലെങ്കില്‍ 'സൈലന്റ് ഇസ്‌കെമിയ' എന്ന് വിളിക്കുന്നു. വേദനയില്ലാത്ത ഹൃദയാഘാത സമയത്ത് വ്യക്തി നെഞ്ചുവേദന, ശ്വാസം മുട്ടല്‍ എന്നിവ പോലുള്ള ഹൃദയാഘാതവുമായി ബന്ധപ്പെട്ട സാധാരണ ലക്ഷണങ്ങള്‍ അഭിമുഖീകരിച്ചേക്കില്ല.
ഇത്തരത്തില്‍ ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് പിന്നീട് ദഹനക്കേട്, പനി പോലുള്ള ലക്ഷണങ്ങള്‍ അല്ലെങ്കില്‍ നെഞ്ചിലെ പേശികളില്‍ വേദന എന്നിവ അനുഭവപ്പെടാം. എന്നിരുന്നാലും, മറ്റേതൊരു ഹൃദയാഘാതത്തെയും പോലെ, സൈലന്റ് ഹാര്‍ട്ട് അറ്റാക്കും ഒരാളുടെ ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും അത് ഹൃദയപേശികള്‍ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു.
പ്രമേഹരോഗികളിലും അമിത സമ്മര്‍ദ്ദം ഉള്ളവരിലും മുതിര്‍ന്നവരിലും സ്ത്രീകളിലുമാണ് സൈലന്റ് അറ്റാക്കിന് സാധ്യത കൂടുതല്‍. ഏകദേശം 35 ശതമാനത്തോളം പ്രമേഹരോഗികള്‍ക്കും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് നെഞ്ചുവേദന ഉണ്ടാകാറില്ല. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തെ ബാധിക്കുന്ന ന്യൂറോപ്പതിയാണ് വേദനരഹിതമായ ഹൃദയാഘാതത്തിന് കാരണം. ഇത്തരത്തില്‍ ഹൃദയാഘാതം സംഭവിക്കുന്നവര്‍ക്ക്, അത് അറ്റാക്ക് ആണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ വൈദ്യസഹായം തേടാന്‍ ബുദ്ധിമുട്ടാണ്. പലപ്പോഴും ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്നുണ്ടാകുന്ന ശ്വാസംമുട്ടലും നെഞ്ചിടിപ്പുമായിട്ടായിരിക്കും പലരും ആശുപത്രിയിലെത്തുന്നത്. അല്ലെങ്കില്‍ പിന്നീടെപ്പോഴെങ്കിലും ഇ.സി.ജി. പരിശോധന നടത്തുമ്പോഴായിരിക്കും ഹാര്‍ട്ട് അറ്റാക്കുണ്ടായിരുന്നതായി വെളിപ്പെടുന്നത്.
നെഞ്ചുവേദനയുടെ ലക്ഷണങ്ങളൊന്നുമില്ലാതെ ശ്വാസതടസ്സം ഉണ്ടാകുന്ന സമയങ്ങളുണ്ടാകാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയില്ലെന്നതിന്റെ സൂചനയാണിത്. തലകറക്കം അല്ലെങ്കില്‍ ലഘുവായ തലവേദന എന്നിവ സൈലന്റ് അറ്റാക്കിന്റെ ലക്ഷണമാണ്. തണുത്ത വിയര്‍പ്പ്, ഓക്കാനം എന്നിവ സാധാരണയായി ഇന്‍ഫ്ളുവന്‍സയുടെ ലക്ഷണങ്ങളാണ്. എന്നാല്‍, അവ സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങളുമായിരിക്കാം. മാത്രമല്ല ഇത് ഗുരുതരമായ പ്രശ്നത്തിന് കാരണമാകുമെന്നതിനാല്‍ അവഗണിക്കുകയും ചെയ്യരുത്.
https://www.facebook.com/Malayalivartha