യുവാക്കള്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകള്‍ വര്‍ധിക്കുന്നു; വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ചെറുപ്പക്കാരെ പോലും കീഴടക്കും! പുറമേയ്ക്ക് ആരോഗ്യവാന്മാരെന്ന് തോന്നിയാലും ഈ പരിശോധനകള്‍ 30 വയസ്സ് കഴിഞ്ഞവര്‍ ഇടയ്ക്കിടെ നടത്തണം, ഏവരും ശ്രദ്ധിക്കേണ്ടത് ഇവയൊക്കെ...
ഒരു കാലത്ത് പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നായിട്ടാണ് ഹൃദ്രോഗത്തെ നാം എല്ലാവരും കണക്കാക്കിയിരുന്നത്. എന്നാല്‍ അടുത്തിടെ നടന്ന സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ അകാല മരണങ്ങള്‍ അത്തരം ധാരണയെ തച്ചുടയ്ക്കുകയുണ്ടായി. പ്രായഭേദമെന്യേ ഏവരെയും വരിഞ്ഞുമുറുക്കുകയാണ് ഈ രോഗം. ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ത്ഥ് ശുക്ലയും രാജ് കൗശലും കന്നട നടന്‍ പുനീത് രാജ്കുമാറുമെല്ലാം പുറമേ നല്ല ഫിറ്റായിരുന്ന, വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത ചെറുപ്പക്കാരായിരുന്നു എന്നതും നാം കാണേണ്ടതാണ്. ഇത്തരത്തിൽ വർക്ക്ഔട്ടുകൾ ചെയ്യുകയും കൃത്യമായ ജീവിതരീകൾ പാലിക്കുകയും ചെയ്യുന്നവരെ പോലും ഹൃദ്രോഗം പിടികൂടാമെന്നത് സമൂഹത്തില്‍ ആകെ ഞെട്ടലുളവാക്കിയിട്ടുണ്ട്.
യുവാക്കള്‍ക്കിടയിലുള്ള ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചു വരുന്നതായി ഹൈദരാബാദ് യശോദ ആശുപത്രിയിലെ സീനിയര്‍ കാര്‍ഡിയോളജി കണ്‍സല്‍ട്ടന്റ് ഡോ. ജി. രമേഷ് ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഹൃദയാഘാതത്തിന്റെ കാരണം ഇതാണ്;
ഹൃദയപേശികളിലേക്ക് ഓക്‌സിജനുമായി എത്തുന്ന രക്തത്തിന്റെ ചംക്രമണം നിലയ്ക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. പേശികളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി രക്തധമനികളില്‍ അമിതമായ കൊളസ്‌ട്രോളും കൊഴുപ്പും അടിഞ്ഞുണ്ടാകുന്ന ബ്ലോക്കുകള്‍ ധമനികളുടെ വീതി കുറയ്ക്കുകയും രക്തവിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോള്‍ ഹൃദയപേശികള്‍ക്ക് നാശമുണ്ടായി ഹൃദയം സ്തംഭിക്കുകയാണ് ചെയ്യുന്നത്.
യുവാക്കളിലെ ഹൃദയാഘാതം
സാധാരണ ഗതിയില്‍ 45ന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും 55ന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കുമാണ് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതൽ ഉള്ളത്. എന്നാല്‍ പുകവലി, മദ്യപാനം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത്, അലസമായ ജീവിതശൈലി, ഉയര്‍ന്ന തോതിലുള്ള സമ്മര്‍ദം, കുടുംബത്തിലെ ഹൃദ്രോഗ ചരിത്രം പോലുള്ളവ മൂലം യുവാക്കള്‍ക്കിടയിലും ഇത് നിലവിൽ വ്യാപകമായിട്ടുണ്ട്.
ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ ഇവയൊക്കെ;
നെഞ്ച് വേദന, അസ്വസ്ഥത, ശ്വാസംമുട്ടല്‍, വിയര്‍ക്കല്‍, മനംമറിച്ചില്‍, തലകറക്കം, കൈകളിലും പുറത്തും കഴുത്തിലുമുണ്ടാകുന്ന വേദനയും അസ്വസ്ഥതയും തുടങ്ങിയവ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളാണ് എന്നതാണ്. നെഞ്ചിന്റെ മധ്യഭാഗത്താണ് പലര്‍ക്കും വേദന അനുഭവപ്പെടുന്നത്. ഏതാനും മിനിട്ടുകള്‍ നീളുന്ന വേദന പോയും വന്നും ഇരിക്കാം. നിശ്ശബ്ദമായി ലക്ഷണങ്ങളൊന്നും ഇല്ലാതെ വന്നു പോകുന്ന ഹൃദയാഘാതങ്ങളും ഉണ്ട്. ഇവയെ സൈലന്റ് അറ്റാക്ക് എന്നാണ് പറയപ്പെടുന്നത്.
ഹൃദ്രോഗനിര്‍ണയം
ഇക്കോകാര്‍ഡിയോഗ്രാം, സിടി-സിഎജി പോലുള്ള ഇമേജിങ് പരിശോധനകള്‍, ഹൃദയത്തിലെ വൈദ്യുത പ്രവര്‍ത്തനം അളക്കുന്ന ഇലക്ട്രോകാര്‍ഡിയോഗ്രാഫി തുടങ്ങിയവയിലൂടെ ഹൃദയാഘാതം നിര്‍ണയിക്കാൻ സാധിക്കും. കാര്‍ഡിയാക് ട്രോപോണിന്റെ തോത് അളക്കുന്ന രക്തപരിശോധന നിശ്ശബ്ദമായി വന്നു പോയ ഹൃദയസ്തംഭനത്തെ കുറിച്ച് സൂചന നല്‍കുന്നതാണ്. കൊറോണറി ആന്‍ജിയോഗ്രാം ചെയ്താല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാക്കാം.
അതോടപ്പം തന്നെ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവയെല്ലാം ഇടയ്ക്കിടെ പരിശോധിച്ച് ആവശ്യമായ നടപടികളെടുക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതാണ്. പുറമേയ്ക്ക് ആരോഗ്യവാന്മാരെന്ന് തോന്നിയാലും ഈ പരിശോധനകള്‍ 30 വയസ്സ് കഴിഞ്ഞവര്‍ ഇടയ്ക്കിടെ നടത്തേണ്ടതാണ് എന്നാണ് പറയപ്പെടുന്നത്. അമിതമായ വണ്ണമുള്ളവര്‍ ഇത് കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തണം. നിത്യവും നടത്തം പോലുള്ള വ്യായാമങ്ങള്‍ പിന്തുടരണമെന്നും സാച്ചുറേറ്റഡ് ഫാറ്റ്, ട്രാന്‍സ് ഫാറ്റ്, പഞ്ചസാര പോലുള്ളവ പരിമിതപ്പെടുത്തണമെന്നും ഡോ. രമേഷ് നിര്‍ദ്ദേശിക്കുകയാണ്.
https://www.facebook.com/Malayalivartha