മനുഷ്യ ശരീരത്തിൽ ഒരു പുതിയ അവയവം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം...എല്ലാ ദിവസവും കണ്ണാടിയില്‍ മുഖം നോക്കുമ്പോള്‍ കാണുന്ന താടിയെല്ലിനോട് ചേര്‍ന്നാണ് പുതിയ അവയവം കണ്ടെത്തിയിരിക്കുന്നത്...
ചെറുതും വലുതും സൂക്ഷ്മവുമായ നിരവധി അവയവങ്ങളാൽ സംയോജിച്ചതാണ് നമ്മുടെ ശരീരം. പരസ്പരം താരതമ്യപെടുത്താൻ കഴിയാത്ത നിരവധി പ്രത്യേകതകൾ ഉള്ളതാണ് ഓരോ മനുഷ്യ ശരീരവും.
ഇനിയും കണ്ടെത്താത്ത അവയവങ്ങള്‍ മനുഷ്യ ശരീരത്തിലുണ്ടെന്ന് ഉറപ്പിച്ചു പറയുകയാണ് ഗവേഷകര്‍.
ഇപ്പോഴിതാ മനുഷ്യ ശരീരത്തിൽ ഒരു പുതിയ അവയവം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. എല്ലാ ദിവസവും കണ്ണാടിയില്‍ മുഖം നോക്കുമ്പോള്‍ കാണുന്ന താടിയെല്ലിനോട് ചേര്‍ന്നാണ് പുതിയ അവയവം കണ്ടെത്തിയിരിക്കുന്നത്. അന്നല്‍സ് ഓഫ് അനാട്ടമി എന്ന അക്കാദമിക് ജേണലിലാണ് പുതിയ അവയവം കണ്ടെത്തിയ വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പല്ലു കടിക്കുമ്പോഴും ചവക്കുമ്പോഴുമെല്ലാം ദൃശ്യമാവുന്ന താടിയെല്ലിലെ മാസെറ്റര്‍ പേശിയിലാണ് പുതിയ അവയവം കണ്ടെത്തിയത്. മാസെറ്റര്‍ പേശിയില്‍ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാല്‍ ഇവക്ക് മൂന്ന് പാളികളുണ്ടായേക്കാമെന്ന സൂചനകള്‍ നേരത്തെ തന്നെയുണ്ടായിരുന്നെങ്കിലും ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. 1858ല്‍ ഹെന്റി ഗ്രേ എഴുതിയ ബ്രിട്ടിഷ് അനാറ്റമി റഫറന്‍സ് പുസ്തകമായ ഗ്രേസ് അനാറ്റമിയുടെ 38–ാം എഡിഷനില്‍ ഈ മൂന്നാം പാളിയെക്കുറിച്ച് സൂചനയുണ്ട്.
അതിനും മുൻപ് 1784ല്‍ ജര്‍മനിയില്‍ പ്രസിദ്ധീകരിച്ച ഗ്രുൻഡ്രിസ് ഡെർ ഫിസിയോളജി ഫ്യൂർ വോർലെസുംഗൻ എന്ന പേരിലുള്ള പഠനത്തിലും ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു. നേരത്തെ പലരും പറഞ്ഞ സാധ്യതകള്‍ പുതിയൊരു അവയവം തന്നെയാണെന്നതിന് ഇപ്പോഴിതാ തെളിവുകള്‍ നിരത്തുകയാണ് ബാസല്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍.
ഇതിനായി അവര്‍ 12 മൃതശരീരങ്ങളില്‍ നിന്നും തലകള്‍ വേര്‍പെടുത്തി ഫോര്‍മാല്‍ഡിഹൈഡ് ലായനിയില്‍ സൂക്ഷിച്ചു കൊണ്ട് വിശദ പഠനങ്ങള്‍ നടത്തി. 16 മൃതശരീരങ്ങളില്‍ സിടി സ്‌കാന്‍ ഉപയോഗിച്ചും വിശദ പരിശോധന നടത്തി. ജീവനുള്ള മനുഷ്യരിലെ വിവര ശേഖരണത്തിനായി ഗവേഷകര്‍ സ്വയം എംആര്‍ഐ സ്‌കാനിന് വിധേയരാവുകയും ചെയ്തു.
ഫലങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു എന്നാണ് ഗവേഷണ സംഘത്തിന്റെ ഭാഗമായ ബാസല്‍സ് സര്‍വകലാശാലയിലെ പ്രൊഫ. ജെന്‍സ് ക്രിസ്റ്റോഫ് പറഞ്ഞത്. ബാസല്‍സ് സര്‍വകലാശാലയിലെ ബയോമെഡിസിന്‍ വിഭാഗത്തിലെ ഡോ. സില്‍വിയ മെസെയുടെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
കണ്ടെത്തിയ ഈ മൂന്നാം പാളിക്ക് മാത്രമാണ് താടിയെല്ല് ചെവിക്കടുത്തേക്ക് അടുപ്പിക്കാന്‍ സാധിക്കുക. മസ്‌കുലസ് മാസെറ്റര്‍ പാര്‍സ് കൊറോനിഡേ എന്നാണ് ഈ പുതിയ അവയവത്തിന് ഗവേഷക സംഘം നിര്‍ദേശിച്ച പേര്. മനുഷ്യശരീരത്തില്‍ ഇനിയും കണ്ടെത്താനും അറിയാനും പലതുമുണ്ടെന്നതിന് തെളിവായിരിക്കുകയാണ് ഈ പുതിയ അവയവം.
https://www.facebook.com/Malayalivartha