കൊവിഡ് മുക്തരായാലും രക്ഷയില്ല, ഈ അവയവങ്ങളിൽ മാസങ്ങളോളം വൈറസ് പിടിമുറുക്കും, തലച്ചോർവരെ വൈറസ് പടർന്ന് പിടിച്ച് തുടരുമെന്ന് പഠനം, കൊവിഡ് മൂലം ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ട് നിരവധി രോഗികൾ, പുതിയ കണ്ടെത്തൽ ഞെട്ടിക്കുന്നത്
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണിപ്പോൾ ലോകം. രണ്ട് വർഷത്തിലധികമേ ആയിട്ടുള്ളൂ കൊറോണ വൈറസ് മനുഷ്യർക്ക് പരിചിതമായിട്ട്. കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും ലോകത്ത് നടന്നു കൊണ്ടിരിക്കുകയുമാണ്. എന്നാൽ ഇതിനോടകം തന്നെ വളരെ കൃത്യമായി ഗവേഷകർക്ക് കൊറോണ വൈറസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിഞ്ഞിട്ടുണ്ട്.
കൊവിഡിന്റെ തുടക്കക്കാലത്ത് ശ്വാസകോശ അണുബാധയായി കണക്കാക്കപ്പെട്ടിരുന്ന വൈറസ് ഇപ്പോൾ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അതേ തീവ്രതയോടെ ബാധിക്കുമെന്ന് നമ്മുക്കറിയാം. ഹൃദയം, തലച്ചോർ എന്നിവിടങ്ങളിൽ മാസങ്ങളോളം കൊറോണ വൈറസ് തുടരുമെന്നാണ് പുതിയ കണ്ടെത്തൽ.
ശ്വാസകോശത്തിൽ നിന്ന് വൈറസ് ദിവസങ്ങൾക്കകം ഹൃദയത്തിലേക്കും പിന്നീട് തലച്ചോറിലേക്കും വൈറസ് പടരുമെന്നും അവിടെത്തന്നെ തുടരുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഗവേഷകരാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ശ്വാസകോശത്തിന് പുറത്ത് പെരുകാനും വൈറസിന് കഴിവുണ്ട്. ശ്വാസകോശത്തിനുള്ളിൽ നടക്കുന്ന അത്ര പ്രതിരോധ പ്രതികരണം തലച്ചോർ, ഹൃദയം അടക്കമുള്ള അവയവങ്ങളിൽ വൈറസിനെതിരെ നടക്കുന്നില്ല. ഇക്കാരണം കൊണ്ടാകാം മാസങ്ങളോളം വൈറസ് ഇവിടെത്തന്നെ തുടരാൻ കാരണമെന്നാണ് പഠനം പറയുന്നത്.
കൊവിഡ് ബാധിച്ച് മരിച്ച 44 രോഗികളുടെ പോസ്റ്റ്മോർട്ടം സമയത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച കോശസംയുക്തങ്ങൾ ഗവേഷണത്തിന്റെ ഭാഗമായി പഠന വിധേയമാക്കി. രോഗികൾ മരിച്ച് ഒരു ദിവസത്തിനുള്ളിലാണ് ഇവ ശേഖരിച്ചത്. ശ്വാസകോശം, ഹൃദയം, ചെറുകുടൽ തുടങ്ങി പലയിടങ്ങളിൽ നിന്ന് ശേഖരിച്ച കോശങ്ങളെ സംരക്ഷിക്കാനുള്ള മാർഗങ്ങളും ഗവേഷകർ അവലംബിച്ചു.
230 ദിവസം വരെയൊക്കെ തലച്ചോർ ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും വൈറസ് ആർഎൻഎയുടെ സാന്നിധ്യം കണ്ടെത്തിയതായി ഗവേഷകർ പറഞ്ഞു. ഇത്തരത്തിൽ ശരീരത്തിൽ വൈറസിൻ്റെ ദീർഘകാലം നീണ്ടുനിൽക്കുന്ന സാന്നിധ്യമാകാം ബ്രെയിൻ ഫോഗ് അല്ലെങ്കിൽ ഓർമക്കുറവ് പോലുള്ള ദീർഘകാല കൊവിഡ് ലക്ഷണങ്ങളിലേക്ക് നയിക്കുന്നതെന്നും ഗവേഷകർ പറയുന്നു. സാർസ് കൊവ് 2 വൈറസ് ഹൃദയ കോശങ്ങളെ നേരിട്ട് ആക്രമിച്ച് നശിപ്പിക്കുമെന്ന മുൻ പഠനഫലങ്ങളെയും ഈ കണ്ടെത്തൽ സാധൂകരിക്കുന്നു.
ഇക്കാരണത്താലാണ് കൊവിഡ് രോഗമുക്തി നേടിയവരിലും പിന്നീട് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ചെറിയ രീതിയിലുള്ള ലക്ഷണങ്ങളോട് കൂടി കൊവിഡ് വന്നവരിലും വൈറസ് രക്തത്തിൽ കലർന്ന് പല അവയവങ്ങളിലേക്ക് എത്താമെന്നും പഠനം പറയുന്നു.
പിന്നീട് ഇത് ദീർഘകാല കൊവിഡ് സങ്കീർണതകൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കൊവിഡ് മൂലം ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിട്ട നിരവധി രോഗികൾ ഇതിനോടകം തന്നെ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha