ഞെട്ടിതരിച്ച് ശാസ്ത്ര ലോകം!! ഇത് ലോകത്തിൽ തന്നെ ആദ്യ സംഭവം; ഹൃദ്രോഗിയില്‍ വച്ചുപിടിപ്പിച്ചത് പന്നിയുടെ ഹൃദയം; വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം
ഹൃദ്രോഗിക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ച് പുതുചരിത്രം കുറിച്ചിരിക്കുകയാണ് അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ പിടിപ്പിച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്.
മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാള്‍ക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ബെന്നറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തില്‍ ഉടനടി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച്ചയാണ് ശസ്ത്രക്രിയ നടന്നത്. ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് പരീക്ഷണം വിജയിച്ചത്. അടുത്ത കുറച്ച് ആഴ്ച്ചകള്‍ വളരെ നിര്‍ണ്ണായകമാണെന്നും ബെന്നറ്റിന്റെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നും തന്നെ ഇല്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അവയവദാനത്തിന്റെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഏകദേശം 1,10,000 അമേരിക്കക്കാര്‍ നിലവില്‍ അവയവം മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണെന്നാണ് കണക്ക്.ബെന്നറ്റിനായി മനുഷ്യ ഹൃദയം ലഭിക്കാന്‍ ദിവസങ്ങളോളം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഒന്നുകില്‍ മരിക്കുക, അല്ലെങ്കില്‍ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടന്‍ തന്നെ ട്രാന്‍സ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha