കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കും; അപകടകാരിയായ പുതിയ ജീനിനെ കണ്ടെത്തി ഗവേഷകർ
കൊറോണ ബാധിതരാകുന്നവരുടെ ആരോഗ്യത്തെ രണ്ടിരട്ടി ബാധിക്കാനും, കൊറോണയെ വഷളാക്കാനും കരുത്തുള്ള പുതിയ ജീനിനെ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. കൊറോണ ബാധയെ തുടർന്ന് സാരമായ ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിക്കുന്നവരിൽ കൂടുതലായും ഈ ജീനാണ് കണ്ടെത്തുന്നതെന്ന് പോളണ്ടിലെ ഒരു കൂട്ടം ഗവേഷകർ വെളിപ്പെടുത്തി. ബിയാലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പോളണ്ടിലെ 14 ശതമാനം ആളുകളിൽ ഈ ജീനാണ് കണ്ടുവരുന്നത്. എന്നാൽ അതിലും ഗുരുതരമായ വസ്തുത ഇന്ത്യയിൽ ഈ ജീനിന്റെ 27 ശതമാനമാണ് കണ്ടെത്തിയത് എന്നതാണ്. ഇത്തരത്തിൽ ഗുരുതരമായി കൊറോണ ബാധിച്ച് മരണത്തിലേയ്‌ക്ക് വരെ നയിക്കാൻ ശേഷിയുള്ളതാണ് ഈ ജീ ൻ. ഇന്ത്യയിൽ കൊറോണ ഗുരുതരമാകുന്നവരിൽ ഈ ജീനാണ് കണ്ടുവരുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ മാർസിൻ മോണിയുസ്‌കോ പറഞ്ഞു.
പ്രായം, ഭാരം, ലിംഗഭേദം എന്നിവയ്‌ക്ക് പുറമെ, ഒരു വ്യക്തി എത്രത്തോളം ഗുരുതരമായി കൊറോണ ബാധിതനാണെന്ന് നിർണ്ണയിക്കുന്ന നാലാമത്തെ പ്രധാന ഘടകമാണ് ജീൻ എന്ന് ബിയാലിസ്റ്റോക്ക് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തി. മദ്ധ്യ-കിഴക്കൻ യൂറോപ്പിൽ ആളുകൾ കൂട്ടത്തോടെ കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങുന്നത് വാക്‌സിനോട് വിമുഖത കാണിക്കുന്നതിനാലാണ്. എന്നാൽ രോഗം ഗുരുതരമാകാതിരിക്കാൻ ഒരു പരിധി വരെ വാക്‌സിൻ ഉപകരിക്കുമെന്നും എന്നാൽ ചിലർക്ക് വാക്‌സിൻ സ്വീകരിച്ചിട്ടും രോഗം ഗുരുതരമാകുന്നത് പുതിയ ജീൻ അവരുടെ ശരീരത്തിൽ പ്രവേശിക്കുന്നതിനാലുമാണെന്നാണ് ഗവേഷകർ പറയുന്നത്. കൊറോണ ബാധിതരാകുന്ന ചിലർക്ക് രോഗം അതീവ ഗുരുതരമാകുന്നത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനായാണ് പഠനം നടത്തിയതെന്നും എന്നാൽ അതിനുശേഷം ഭയപ്പെടുത്തുന്നതായിരുന്നു ഈ കണ്ടെത്തലെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.
നിശ്വാസവായുവിലൂടെ പുറത്തെത്തുന്ന കൊറോണ വൈറസ് ഏറ്റവും അപകടകാരിയായിരിക്കുന്നത് ആദ്യത്തെ 2 മിനിറ്റിലെന്നും മറ്റൊരു പഠനം ചൂണ്ടി കാണിക്കുന്നു. ഈ സമയത്തിനുള്ളിൽ വൈറസ് മറ്റൊരാളിലേക്ക് എത്തിപ്പെട്ടാൽ കോവിഡ് ബാധ ഉറപ്പ്. പിന്നീടുള്ള 3 മിനിറ്റിൽ വൈറസിന്റെ രോഗം പടർത്താനുള്ള ശേഷിയിൽ നേരിയ കുറവുണ്ടാകും. ശേഷം, 5 മുതൽ 20 മിനിറ്റ് കൊണ്ട് രോഗം പടർത്താനുള്ള ശേഷി 90% വരെ കുറയുമെന്നാണ് യുകെയിലെ ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലുള്ളത്. അതായത് കോവിഡ് ബാധിച്ച ഒരാളുടെ നിശ്വാസവായുവിലൂടെ അന്തരീക്ഷത്തിലെത്തുന്ന വൈറസിന് 20 മിനിറ്റു കഴിഞ്ഞാൽ രോഗം പടർത്താനുള്ള ശേഷി 10% മാത്രമായിരിക്കും. ഈ ഘട്ടത്തിൽ കോവിഡ് ബാധിച്ചയാളുമായി ദീർഘനേരം ഇടപഴകുന്നവർക്കു മാത്രമേ വൈറസ് ബാധിക്കാൻ സാധ്യതയുള്ളൂ.
വായുസഞ്ചാരമുള്ള മുറി, തുറസ്സായ സ്ഥലങ്ങൾ എന്നിവ കോവിഡ് ബാധ കുറയ്ക്കുമെന്നും ഗവേഷകർ വിശദീകരിക്കുന്നു. ഈർപ്പമുള്ള സാഹചര്യങ്ങളിൽ വൈറസ് കൂടുതൽ നേരം നിലനിൽക്കും. വരണ്ട കാലാവസ്ഥയിൽ വൈറസിന് പെരുകാനുള്ള ശേഷി നഷ്ടമാകും. മാസ്ക് അണിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും പ്രാധാന്യം അടിവരയിടുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് ഗവേഷകർ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പ്രധാന റിസ്ക് രോഗിയുമായി അടുത്ത് ഇടപഴകുമ്പോൾ തന്നെയാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ജോനാഥ് റീഡ് ചൂണ്ടിക്കാട്ടി. വായുവിൽ എത്തിയ ശേഷം വൈറസിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാനായി വൈറസ് അടങ്ങിയ കണികകളെ പുറത്തേക്ക് തള്ളുന്ന ഒരു ഉപകരണം ഗവേഷകർ തയാറാക്കി. ശേഷം ഈ കണികകളെ രണ്ട് ഇലക്ട്രിക് വലയങ്ങൾക്ക് നടുവിൽ അഞ്ച് സെക്കൻഡിനും 20 മിനിറ്റിനും ഇടയിലുള്ള സമയം നിയന്ത്രിതമായ അന്തരീക്ഷത്തിൽ ഒഴുകി നടക്കാൻ അനുവദിച്ചു.
ശ്വാസകോശത്തിൽ നിന്ന് പുറത്ത് വരുന്ന വൈറസ് കണികകളുടെ ജലാംശം ഉടനെ തന്നെ നഷ്ടപെടുന്നതായും വായുവിലെ കാർബൺ ഡയോക്സൈഡ് ഇതിന്റെ പിഎച്ച് മൂല്യം ഉയർത്തുന്നതായും ഗവേഷകർ കണ്ടെത്തി. മനുഷ്യ കോശങ്ങളെ ബാധിക്കാനുള്ള വൈറസിന്റെ കഴിവ് ഇത് മൂലം നഷ്ടപ്പെട്ടു തുടങ്ങുന്നു. ഈർപ്പം 50 ശതമാനത്തിലും കുറവുള്ള ഒരു ഓഫീസ് അന്തരീക്ഷത്തിൽ ആദ്യ അഞ്ച് സെക്കൻഡിൽ തന്നെ വൈറസിന്റെ രോഗ വ്യാപന ശേഷി പകുതി കുറയുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.ഇതിന് ശേഷം പതിയെ ക്രമേണ വൈറസ് നിർവീര്യമായി തുടങ്ങും.അതേ സമയം കൂടുതൽ ഈർപ്പം ഉള്ള സാഹചര്യത്തിൽ ഈ പ്രക്രിയ വളരെ പതിയെ മാത്രമേ നടക്കൂ. എന്നാൽ താപനില വൈറസിന്റെ രോഗ വ്യാപന ശേഷിയിൽ സ്വാധീനമൊന്നും ചെലുത്തുന്നില്ലെന്ന് ഗവേഷണ റിപ്പോർട്ട് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha